കൊല്ലം: ‘എനിക്കെന്റെ മകന്റെ ജഡമെങ്കിലും തിരികെ തരൂ... എനിക്കെന്റെ മകന്റെ ചിതാഭസ്മമെങ്കിലും തരൂ... ഞാനത് കർമങ്ങളാൽ നിമജ്ജനം ചെയ്യട്ടെ...’

To advertise here,

വർഷങ്ങൾക്കുമുൻപ് ചവറയിൽ ഉയർന്നൊരു മുദ്രാവാക്യമായിരുന്നു. കേരളമാകെ അതിന്റെ അലയൊലികൾ ഉണ്ടായിരുന്നു. ദേശീയ നേതാവ് ഇന്ദിരാഗാന്ധിവരെ വന്ന് ഇതേപ്പറ്റി പ്രസംഗിച്ചിരുന്നു. പഴയ തലമുറയുടെ ഓർമ്മയിലിന്നും കത്തിനിൽക്കുന്ന ‘സരസൻ സംഭവമാ’യിരുന്നു അത്.

ചവറ ഐ.ആർ.ഇ. ജീവനക്കാരനായിരുന്ന സരസനെ 1981 ജനുവരി അഞ്ചിന് കാണാതായി. ജനുവരി 25-ന് അയാളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. കരുവാറ്റയിലുള്ള സഹോദരിയെ കാണാൻ പോയയാൾ അവിടെയെത്തിയില്ല. തിരിച്ച് വീട്ടിലും.

ആർ.എസ്.പി.നേതാക്കളായ ബേബിജോണും വാസുപിള്ളയും വി.പി. രാമകൃഷ്ണപിള്ളയും കൂട്ടരും ഈ തിരോധാനത്തിന്റെ പേരിൽ ഏറെ പഴികേട്ടു. ആർ.എസ്.പി. യൂണിയൻ പ്രവർത്തകനായിരുന്ന സരസൻ ഐ.എൻ.ടി.യു.സി.യിലേക്ക് മാറിയിരുന്നു. ഇതിലുള്ള വിദ്വേഷം തീർക്കാൻ സരസനെ ജീപ്പുകയറ്റി കൊന്നതാണെന്ന വാദം നാട്ടിൽ പ്രചരിച്ചു. ബേബിജോണിന്റെ ഐസ് ഫാക്ടറിയിലിട്ട് വെട്ടിനുറുക്കി പുറംകടലിൽ കൊണ്ടുപോയി സ്രാവുകൾക്ക് കൊടുത്തു തുടങ്ങിയ കഥകളും പ്രചരിച്ചു. മാധ്യമങ്ങളിലും സംഭവം നിറഞ്ഞുനിന്നു.

1981 ജനുവരി 27-ന് ചവറ ലോക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭമായി. സത്യം തെളിയണമെന്നുള്ളതിനാൽ ബേബിജോണും ആർ.എസ്.പി.യും ഇതേ ആവശ്യം ഉന്നയിച്ചു.

ഒടുക്കം ക്രൈംബ്രാഞ്ച് കൊറ്റംകുളങ്ങരയിൽ വീട് ക്യാമ്പാക്കി അന്വേഷണം തുടങ്ങി. ഒട്ടേറെപ്പേർ പോലീസിന്റെ മൂന്നാംമുറകൾക്കു വിധേയരായി. തിരോധാനം കൊലപാതകമാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘം പ്രഖ്യാപിച്ചു. ചവറയിൽ വലിയ പ്രതിഷേധജാഥ നടന്നു.

’നമ്മുടെ പ്രിയപ്പെട്ട സരസൻ കൊലചെയ്യപ്പെട്ടു’ എന്ന ആർത്തനാദത്തോടെയുള്ള അനൗൺസ്‌മെന്റ് ഉയർന്നു. ‘പൊന്നുകുഞ്ഞേ..’ എന്നു വിളിച്ച് വി.പി. രാമകൃഷ്ണപിള്ളയ്ക്ക് സരസന്റെ അമ്മയുടെ പേരിൽ പ്രസിദ്ധപ്പെടുത്തിയ തുറന്ന കത്തും ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു.

ഇതിനെല്ലാംശേഷം, 1982-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ബേബിജോൺ ചവറയിൽ മത്സരിക്കുന്നു. സരസന്റെ കൊലയാളി എന്ന വജ്രായുധം പ്രയോഗിക്കപ്പെട്ടു. ഇന്ദിരാഗാന്ധി ചവറയിലെത്തി, സരസന്റെ മാതാവിന്റെ കണ്ണീർ തുടയ്ക്കാൻ കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പ്രസംഗിച്ചു. സരസന്റെയും അമ്മയുടെയും ഫോട്ടോകളും തേങ്ങലുകളായി തിരഞ്ഞെടുപ്പുകാലം മണ്ഡലമാകെ നിറഞ്ഞു. ബഹുജനരോഷം വ്യാപകമാണെങ്കിലും 621 വോട്ടിന് ബേബിജോൺ വിജയിച്ചു.

കഥയിലെ ട്വിസ്റ്റ്

1986 ഒക്ടോബർ ഒന്നിന് സരസൻ വീണ്ടും വാർത്തയിലെത്തി. അഞ്ചരവർഷത്തിനുശേഷം കർണാടകയിൽനിന്ന് സരസനെ കണ്ടുപിടിച്ചു കൊണ്ടുവന്നു. കൊല്ലൂർ മൂകാംബികയ്ക്ക് അടുത്ത് കുന്ദാപുരയിൽനിന്ന് അല്പംമാറി ഒരു കുടിയേറ്റഗ്രാമത്തിൽ കൊട്ടിയം രവി എന്ന പേരിൽ അയാൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. ചാത്തന്നൂർ സ്വദേശി രാജൻ അവിടെയെത്തിയപ്പോഴാണ് ദുരൂഹതയുടെ ചുരുളഴിയുന്നത്. അയാൾ വീട്ടിലേക്ക് കത്തെഴുതി. ആ കത്ത് പോലീസിലെത്തി. പോലീസ് അന്വേഷിച്ച്‌ സരസനെ അറസ്റ്റ് ചെയ്ത്‌ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

സരസൻ എന്തിനാണ് ഇത്രയുംകാലം ഒളിവിൽ കഴിഞ്ഞത്, ബേബിജോണിന്റെയും വാസുപിള്ളയുടെയും സ്വഭാവഹത്യക്ക് കോൺഗ്രസ് അവസരമാക്കി ഉണ്ടാക്കിയ നാടകം മാത്രമായിരുന്നോ തുടങ്ങിയ ചോദ്യങ്ങളും പിന്നാലെ ഉന്നയിക്കപ്പെട്ടു. സരസന് ഐ.ആർ.ഇ.യിലെ ജോലി തിരികെ കിട്ടി. 1992 ജനുവരി 26-ന് മരിച്ചു.

ആന്റി-ക്ലൈമാക്സ്

ഇതെല്ലാം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടതോടെ രാഷ്ട്രീയ സമവാക്യങ്ങൾ പലതും മാറിമറിഞ്ഞു. ആർ.എസ്.പി. ഇടതുമുന്നണിവിട്ട് യു.ഡി.എഫിനൊപ്പമായി. പക്ഷേ, ഓരോ തിരഞ്ഞെടുപ്പുകാലവും ഈ കഥകൾ ഓർമ്മിപ്പിക്കുന്നുണ്ട്. കഥയും പ്രധാന കഥാപാത്രങ്ങളും ഓർമ്മയായെങ്കിലും മറക്കാനാകാത്ത അധ്യായമായി അതിങ്ങനെ ചവറയുടെ ചരിത്രത്തിലുണ്ട്.