ചെറുവത്തൂർ: സന്ദീപ് വാരിയരുടെ തേരോട്ടത്തിൽ തൃക്കരിപ്പൂരിലെ സി.പി.എം. കോട്ടകൾ തകർന്ന് തരിപ്പണമായി. ഏത് കൊടുങ്കാറ്റിലും ഉലയില്ലെന്ന് സി.പി.എം. ഉറച്ചുവിശ്വസിച്ച മണ്ഡലമാണ് സന്ദീപ് വാരിയരുടെ വരവിൽ കൈവിട്ടുപോയത്. മണ്ഡലം രൂപവത്‌കൃതമായ 1977 മുതൽ സി.പി.എമ്മിന്റെ കൈയിൽ ഭദ്രമായിരുന്നു തൃക്കരിപ്പൂർ. നായനാരെയും ഒ.ഭരതനെയും പി.കരുണാകരനെയും കെ.പി.സതീഷ് ചന്ദ്രനെയും ഒടുവിൽ 2021 തിരഞ്ഞെടുപ്പിൽ 26,137 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം.രാജഗോപാലനെയും നിയമസഭയിലേക്ക് അയച്ച തൃക്കരിപ്പൂരാണ് ഇത്തവണ കൈവിട്ടുപോയത്.

To advertise here,

തപാൽവോട്ടെണ്ണലിൽ കിട്ടിയ മേൽക്കൈ അല്പം ആശ്വാസമായെങ്കിലും പിന്നീടങ്ങോട്ട് ഭൂരിപക്ഷം മാറിമാറിയുകയായിരുന്നു. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽതന്നെ സി.പി.എം. നേതാക്കളുടെയും പ്രവർത്തകരുടെയും മുഖത്ത് മ്ലാനത പരന്നിരുന്നു. ആദ്യ രണ്ട്‌റൗണ്ട് ഒന്ന് മുതൽ 28 വരെ ബൂത്തുകൾ എണ്ണിക്കഴിയുമ്പോൾ 184 വോട്ടിന് വി.പി.പി.മുസ്തഫ പിന്നാക്കം പോയിരുന്നു. 3,000 വോട്ട് മേൽക്കൈ പ്രതീക്ഷിച്ച നീലേശ്വരം നഗരസഭയിൽനിന്ന്‌ പിന്നാക്കം പോയത് ഫലത്തെ ബാധിക്കുമെന്ന് തുടക്കത്തിൽതന്നെ ഇടത് കേന്ദ്രങ്ങളിൽ ചർച്ചയായി.

കയ്യൂർ-ചീമേനിയിലെത്തിയപ്പോഴാണ് മുസ്തഫ മുന്നാട്ടുവന്നത്. ഈസ്റ്റ് എളേരിയും വെസ്റ്റ് എളേരിയും സന്ദീപ് വാരിയരെ സഹായിച്ചു. കയ്യൂർ-ചീമേനിയിലും ചെറുവത്തൂരിലും വോട്ടുചോർച്ചയുണ്ടായി. തൃക്കരിപ്പൂർ, വലയപറമ്പ, പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ യു.ഡി.എഫ്. മേൽക്കൈ മറികടക്കാൻ പിലിക്കോട് ചെറുവത്തൂർ, കയ്യൂർ-ചീമേനി പഞ്ചായത്തുകളിലെ സി.പി.എം. മുൻതൂക്കം കൊണ്ടായില്ല. തൃക്കരിപ്പൂർ, പടന്ന, വലിയപറമ്പ പഞ്ചായത്തുകളിലെ വോട്ടർമാർ സന്ദീപ് വാരിയരെ കാര്യമായി സഹായിച്ചു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ്‌ വിലയിരുത്തിയശേഷം ചുരുങ്ങിയത് 6,000 വോട്ടുകൾക്ക് വിജയിക്കുമെന്ന് പ്രവർത്തകർക്ക് ഉറപ്പ് നൽകിയാണ് സന്ദീപ് വാരിയർ നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ, 6000-ത്തോടടുത്ത വോട്ടിന് വിജയിക്കുമെന്ന എൽ.ഡി.എഫ്. കണക്ക് തെറ്റുകയും ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 6,010 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലും എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. നീലേശ്വരം നഗരസഭ, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, പിലിക്കോട്, ചെറുവത്തൂർ, പടന്ന പഞ്ചായത്തുകൾ എൽ.ഡി.എഫ്. ഭരണത്തിലാണ്. തൃക്കരിപ്പൂർ, വലിയപറമ്പ്, ഈസ്റ്റ് എളേരി പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫ്. ഭരണത്തിലുള്ളത്.