കൊല്ലം: പത്തുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പടിയിറങ്ങി. കൊല്ലം അസംബ്ലി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായ സാഹചര്യത്തിൽ ധാർമികതയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ആസ്ഥാനത്ത്, അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

To advertise here,

കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചേർന്ന ശേഷമാണ് രാജിക്കത്തു നൽകിയത്. പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം അറിയിച്ചു. കശുവണ്ടിത്തൊഴിലാളികളുടെ ക്ഷേമത്തിന് മുൻഗണന നൽകിയ കാലഘട്ടമായിരുന്നു പത്തുവർഷത്തേതെന്ന് ചെയർമാൻ പറഞ്ഞു.

ഇക്കാലത്ത്‌ ആക്ഷേപങ്ങളോ ആരോപണങ്ങളോ ഉയർന്നില്ല. അത്തരത്തിലുള്ള എല്ലാ പഴുതുകളുമടച്ചുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. അധികാരമേൽക്കുമ്പോൾ 17 മാസമായി ഫാക്ടറികൾ അടഞ്ഞുകിടക്കുകയായിരുന്നു. അവയെല്ലാം തുറന്നുപ്രവർത്തിപ്പിച്ചെന്നു മാത്രമല്ല, ബാങ്കുകളിലെ ബാധ്യത തീർക്കുകയും വർഷങ്ങളായുള്ള നികുതിക്കുടിശ്ശിക ഒഴിവാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.

6000-ത്തോളം തൊഴിലാളികളെ പുതുതായി നിയമിക്കുകയും ആശ്രിതനിയമനം നടപ്പാക്കുകയും ചെയ്തു. 16 തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ്. പ്രവേശനം നേടിക്കൊടുക്കാനായത് കോർപ്പറേഷന്റെ ചരിത്രത്തിലെ പൊൻതൂവലാണ്. തൊഴിലാളികളെ ചേർത്തുപിടിച്ചും തൊഴിലാളി സംഘടനകളെ വിശ്വാസത്തിലെടുത്തുമാണ് ഈ നേട്ടങ്ങളെല്ലാം സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ചെയർമാന്‌, മാനേജിങ്‌ ഡയറക്ടർ കെ. സുനിൽ ജോൺ മെമെന്റോ നൽകി. സ്ഥാനാർഥിക്ക്‌ കെട്ടിവെക്കാനുള്ള തുക തൊഴിലാളിപ്രതിനിധികളായ ശ്രീരാജും സുനിൽകുമാറും കൈമാറി.