കണ്ണൂർ: കണ്ണൂർ നിയമസഭാമണ്ഡലം നിലനിർത്താൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാമങ്കത്തിനിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. മണ്ഡലം ഏറ്റെടുക്കണമെന്ന് സിപിഎം ആലോചിച്ചെങ്കിലും കണക്കുകൂട്ടലുകൾ ഒടുവിൽ കടന്നപ്പള്ളിയിൽതന്നെ ചെന്നുനിന്നു. യുഡിഎഫിന് മേധാവിത്വമുള്ള മണ്ഡലം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും നിലനിർത്താനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം പ്രധാന ഘടകമാണെന്ന് സിപിഎം വിലയിരുത്തുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് നില മെച്ചപ്പെടുത്തിയതോടെ കടന്നപ്പള്ളിയുടെ സാധ്യത ഇരട്ടിച്ചു.

To advertise here,

ഭരണവിരുദ്ധവികാരമുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ കടന്നപ്പള്ളിയുടെ സ്വീകാര്യതകൊണ്ട് മറികടക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ 26-ാം വയസ്സിൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇ.കെ. നായനാരെ വീഴ്ത്തിത്തുടങ്ങിയ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പങ്കം 82-ാം വയസ്സിലും തുടരാൻ വഴിയൊരുങ്ങുകയാണ്.

കെ.സുധാകരൻ എംപിക്ക്‌ മത്സരിക്കാനുള്ള ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എംപിമാർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതൃത്വം അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും സുധാകരന് ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാ കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ്‌ പേരുകൾ.