കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ മുസ്‌ലിംലീഗിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്ഥാനാർഥിയായേക്കും. ഫിറോസിന് വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് ലീഗിനുള്ളിലെ ആവശ്യം. കോഴിക്കോട് സൗത്തിൽ ഡോ. എം.കെ. മുനീർ മത്സരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് മറ്റൊരു സാധ്യതയുള്ള സീറ്റെന്ന നിലയിൽ കൊടുവള്ളിയിലേക്ക് ഫിറോസിനെ പരിഗണിക്കുന്നത്. മാത്രമല്ല, ഫിറോസ് നാട്ടുകാരനുമാണ്. മണ്ഡലത്തിന്റെ അതിർത്തിയിൽത്തന്നെയാണ് താമസിക്കുന്നത്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് കാസർകോട്ട് ലാൻഡിങ് പ്രോബ്ലം വന്നതോടെ കൊടുവള്ളിയിൽ പേര് പരിഗണിക്കപ്പെട്ടിരുന്നു. അതുപോലെ മുൻ എംഎൽഎ വി.എം. ഉമ്മറിന്റെ പേരും ഉയർന്നുകേട്ടിരുന്നു. പക്ഷേ, പി.കെ. ഫിറോസിനാണ് കൂടുതൽ സാധ്യത.
അതേസമയം, എൽഡിഎഫിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. പി.ടി.എ. റഹീമിനെ കൊടുവള്ളിയിലേക്ക് മാറ്റാൻ എൽഡിഎഫ് ആലോചന നടത്തിയിരുന്നെങ്കിലും അദ്ദേഹം കുന്ദമംഗലത്തുനിന്ന് മാറാൻ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു പൊതുസ്വതന്ത്രനെയാണ് ഇവിടെ പരിഗണിക്കുന്നത്. പൊതുസ്വതന്ത്രനെ കിട്ടിയില്ലെങ്കിൽ സിപിഎം നേതാക്കൾതന്നെ മത്സരിക്കും. എൻഡിഎയിലും സ്ഥാനാർഥി ആലോചനകൾ നടന്നിട്ടില്ല.
യുഡിഎഫിന്റെ ജില്ലയിലെ ഏറ്റവും വലിയ ശക്തികേന്ദ്രമാണ് കൊടുവള്ളി. ഈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് വൻ ആധിപത്യമാണ് നേടിയത്. കൊടുവള്ളി നഗരസഭയിലും ആറ്് പഞ്ചായത്തുകളിലും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലും യുഡിഎഫിനാണ് ഭരണം ലഭിച്ചത്. കൊടുവള്ളിയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 24,230 വോട്ടിന്റെ ലീഡുണ്ട് യുഡിഎഫിന്. ജില്ലയിൽ ഏറ്റവും കൂടുതൽ ലീഡ് ലഭിച്ച മണ്ഡലമാണ് കൊടുവള്ളി. ഭരണം ലഭിച്ചില്ലെങ്കിലും കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിൽമാത്രമാണ് എൽഡിഎഫിന് വോട്ടുവിഹിതം കൂടുതൽ ലഭിച്ചത്. സുരക്ഷിത സീറ്റാണെങ്കിലും നേതാക്കൾക്കിടയിലുള്ള അഭിപ്രായഭിന്നതയാണ് ഇവിടെ യുഡിഎഫ് തോൽക്കാൻ കാരണമായിരുന്നത്. എന്നാൽ അതെല്ലാം പരിഹരിക്കപ്പെട്ടുവെന്നാണ് ലീഗ് നേതാക്കൾ പറയുന്നത്.
1977 മുതൽ 2006 വരെ നടന്ന തിരഞ്ഞെടുപ്പുകളിൽ മുസ്‌ലിംലീഗ് സ്ഥാനാർഥികൾ മാത്രമായിരുന്നു ജയിച്ചിരുന്നത്. രണ്ടുതവണയാണ് ലീഗ് കോട്ട ഇളകിയത്. മുസ്‌ലിംലീഗിൽനിന്ന് രാജിവെച്ച് സ്വതന്ത്രരായി മത്സരിച്ച പി.ടി.എ. റഹീമും കാരാട്ട് റസാഖുമാണ് ചരിത്രം മാറ്റിയെഴുതിയത്. 2006-ൽ കെ. മുരളീധരനെയാണ് പി.ടി.എ. റഹീം തോൽപ്പിച്ചത്. 2016-ലാണ് ഇടതു സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖ് ജയിച്ചത്. ആദ്യകാലത്ത് കോൺഗ്രസ് മണ്ഡലമായിരുന്നു കൊടുവള്ളി. 1957-ലും 1960-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതാക്കളായിരുന്നു മത്സരിച്ചത്.
പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ കുന്ദമംഗലത്തിന്റെ ഭാഗമായി കൊടുവള്ളി. 1977-ൽ മണ്ഡലം പുനർരൂപവത്‌കരിക്കപ്പെട്ടകാലം മുതലാണ് മുസ്‌ലിംലീഗിന്റെ സീറ്റായി മാറിയത്. ഇ. അഹമ്മദാണ് ലീഗിൽനിന്ന് ആദ്യമായി ജയിക്കുന്നത്. 2021-ൽ ഡോ. എം.കെ. മുനീറായിരുന്നു കൊടുവള്ളി എംഎൽഎ.
Content Highlights: koduvally assembly seat pk firoz iuml candidate chances
Published: 18 Jan 2026, 08:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented