പത്തനംതിട്ട: സൈബർ ആക്രമണത്തെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി ആറന്മുള നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികൾ. ഇരുവരുടെയും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടെ അടിയിൽ അധിക്ഷേപ കമന്റുകൾകൊണ്ട് നിറയുകയാണെന്നാണ് പറയുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ഇരുപാർട്ടിയിലെയും സൈബർ പ്രചാരണം കൊഴുത്തിരുന്നു. മത്സരം മുറുകിയതോടെ രണ്ട് സ്ഥാനാർഥികളുടെയും പോസ്റ്റുകൾക്ക് താഴെ സഭ്യമല്ലാത്ത കമന്റുകളും നിറഞ്ഞു. ഇവ മിക്കതും ഫേക്ക് പ്രൊഫൈലുകളിൽ നിന്നാണ് വന്നിട്ടുള്ളത്.

To advertise here,

ഹീനമായ ആക്രമണമാണ് സൈബർ ഇടങ്ങളിൽ തനിക്കെതിരേ നടക്കുന്നതെന്ന് എൽ.ഡി.എഫ്. സ്ഥാനാർഥി വീണാ ജോർജ് കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പറഞ്ഞു. അപമാനിക്കുന്ന കമന്റുകളാണ് വരുന്നത്. ഇത് സംഘടിതമായ ആക്രമണമാണെന്നും അവർ പറഞ്ഞു. വീണാ ജോർജിന്റെ ചീഫ് ഇലക്ടറൽ ഏജന്റായ ഓമല്ലൂർ ശങ്കരൻ ജില്ലാ കളക്ടർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി നൽകിയിട്ടുണ്ട്.

തന്റെ പോസ്റ്റുകൾക്ക് അടിയിൽവരുന്ന അസഭ്യ കമന്റുകൾ പുറത്തുകാണിക്കാൻപോലും സാധിക്കാത്തവയാണെന്നാണ് യു.ഡി.എഫ്. സ്ഥാനാർഥി അബിൻ വർക്കി പറയുന്നത്. ആര് സൈബർ ആക്രമണം നടത്തിയാലും അത് പ്രാകൃതമാണ്. തങ്ങൾ അതിനെ പിന്തുണയ്ക്കുന്നില്ല. ഇത് പരാജയം മറച്ചുവെക്കാനുള്ള നാടകം നമ്പർ ടു ആണെന്നും അബിൻ പ്രതികരിച്ചു. യു.ഡി.എഫ്. നിലവിൽ ഈ വിഷയത്തിൽ പരാതിയൊന്നും നൽകിയിട്ടില്ല.