പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലാ കോൺഗ്രസ് തയ്യാറാക്കിയ സാധ്യതാ പട്ടികയിൽ രണ്ട് നഗരസഭാ ചെയർമാൻമാരും കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും ഉൾപ്പെടെയുള്ളവർ ഇടംപിടിച്ചതായി സൂചന. എ.െഎ.സി.സി. നടത്തിയ സർവേകളുടെയും പ്രാദേശികതലത്തിൽനിന്ന് ശേഖരിച്ച പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലും ജയസാധ്യത കണക്കിലെടുത്തുമാണ് പട്ടിക തയ്യാറാക്കിയതെന്നാണ് സൂചന.
ജയസാധ്യത കുറവുള്ള മണ്ഡലങ്ങളിൽ പുതുമുഖങ്ങളെയും സി.പി.എമ്മിലേതുൾപ്പെടെ അസംതൃപ്തരെയും പരിഗണിക്കുന്നതായി സൂചനയുണ്ട്. പ്രചരിക്കുന്ന പട്ടികകളുമായി ബന്ധമില്ലെന്നാണ് നേതൃത്വത്തിന്റെ പ്രതികരണം.
പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള പുതുയുഗയാത്ര കഴിഞ്ഞശേഷമേ സ്ഥാനാർഥി ചർച്ചകൾ ആരംഭിക്കൂ എന്ന് നേതൃത്വം പറയുന്നു. ജില്ലാ നേതൃത്വം വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് പട്ടിക തയ്യാറാക്കുന്നുണ്ട്. ഇത് രണ്ടുനാൾക്കകം തയ്യാറാക്കി നൽകുമെന്ന് നേതാക്കൾ പറഞ്ഞു. 14-ന് എ.െഎ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാലക്കാട്ടുണ്ട്. അന്ന് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നേക്കും.
ജില്ലയിൽ കഴിഞ്ഞതവണ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച ഒമ്പത് മണ്ഡലങ്ങളിലേക്ക് മൂന്നുപേരുവീതമാണ് സർവേയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞതവണ മുസ്ലിംലീഗ് വിജയിച്ച മണ്ണാർക്കാട്, പാർട്ടി മത്സരിച്ച കോങ്ങാട്, സി.എം.പി. മത്സരിച്ച നെന്മാറ എന്നിവിടങ്ങളിലേക്ക് നിർദേശം നടത്തിയിട്ടില്ല. ഇത്തവണ ഇതിൽ നെന്മാറ, കോങ്ങാട്, പട്ടാമ്പി മണ്ഡലങ്ങളിലേതുൾപ്പെടെ യു.ഡി.എഫിൽനിന്ന് ആരാവും മത്സരിക്കുകയെന്ന് വ്യക്തമായാലേ ബാക്കി കാര്യങ്ങളിൽ തീരുമാനമാകൂ. ഒറ്റപ്പാലത്തും മലമ്പുഴയിലും കോൺഗ്രസിന് പുറത്തുനിന്നുള്ള ഓരോപേര് പ്രചരിക്കുന്നതിൽ പത്തുനാൾക്കകം തീരുമാനമായേക്കും.
ചിറ്റൂരിൽ നഗരസഭാചെയർമാൻ സുമേഷ് അച്യുതൻ, പട്ടാമ്പിയിൽ നഗരസഭാ ചെയർമാൻ ടി.പി. ഷാജി എന്നിവരുടെ പേരും പരാമർശിക്കപ്പെടുന്നു. കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ, സന്ദീപ് വാരിയർ, കെ.പി.സി.സി. സെക്രട്ടറി പി. ഹരിഗോവിന്ദൻ, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ഗൗജ വിജയകുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷ്, ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ, കെ.പി.സി.സി. ജനറൽസെക്രട്ടറി കെ.എ. തുളസി, കണ്ണൻഗോപിനാഥ്, വേണു രാജാമണി, ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണൻ, റിയാസ് മുക്കോളി, ടി.എച്ച്. ഫിറോസ് ബാബു തുടങ്ങിയ പേരുകളാണ് പറയപ്പെടുന്നത്.
അപ്രതീക്ഷിതമായ ചില പേരുകൾ ഒറ്റപ്പാലത്തും മലമ്പുഴയിലും മറ്റും പറഞ്ഞുകേൾക്കുന്നുണ്ട്. അങ്ങനെവന്നാൽ ഇത്തവണയും മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പലരും നിരാശരാവും.
Published: 11 Feb 2026, 10:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented