
പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വിചിത്ര ആവശ്യമുന്നയിച്ച് പാലാ നഗരസഭയിൽ പ്രമേയം. നിയമസഭയിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി രാജ്യസഭാ മോഡലിൽ അപ്പർ ഹൗസ് രൂപീകരിക്കണം എന്ന് നിയമനിർമ്മാണ സഭകളോട് ആവശ്യപ്പെട്ടായിരുന്നു പ്രമേയം.
യുഡിഎഫ് പിന്തുണയോടെ പാലാ നഗരസഭ ഭരിക്കുന്ന സ്വതന്ത്രക്കൂട്ടായ്മയിലെ ബിനു പുളിക്കക്കണ്ടമാണ് പ്രമേയം അവതരിപ്പിച്ചത്. പാലായിൽ തോറ്റ എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ. മാണിയെ പരിഹസിക്കുക എന്ന ലക്ഷ്യമാണ് പ്രമേയത്തിനുള്ളതെന്ന് നഗരസഭയിലെ പ്രതിപക്ഷം ആരോപിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം നേടി വിജയിക്കാൻ പ്രാപ്തിയില്ലാത്ത പ്രമുഖ നേതാക്കൾ അടക്കമുള്ളവരെ നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സംവിധാനം ഒരുക്കുവാൻ രാജ്യസഭാ മോഡലിൽ നോമിനേറ്റഡ് എംഎൽഎമാരെ ഉൾപ്പെടുത്തി കേരള നിയമസഭയിലും അപ്പർ ഹൗസ് സംവിധാനം ഒരുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നെന്നാണ് പ്രമേയം പറയുന്നത്. കൂടുതൽ നിയമസഭാംഗങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ ഈ ക്രമീകരണം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതേ ആനുകൂല്യം കേരളം പോലുള്ള ചെറു സംസ്ഥാനങ്ങൾക്കും ലഭ്യമാക്കുക വഴി ഫെഡറൽ സംവിധാനം കൂടുതൽ വിപുലപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യം.
ഇത്തരം ഒരു സംവിധാനം ഉണ്ടായാൽ ചില പ്രമുഖ നേതാക്കൾക്ക് നിയമസഭയിൽ എത്തുവാൻ അതൊരു സുവർണ്ണ അവസരം ആയിരിക്കും. ജനങ്ങളുമായി ബന്ധമില്ലാത്ത, എല്ലാ പ്രവർത്തനങ്ങളുടെയും രാഷ്ട്രീയ പിതൃത്വം ഏറ്റെടുക്കുന്ന, മഹാൻമാരായ പിതാക്കൻമാരുടെ പേരിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ചില അഭിനവ നേതാക്കൻമാർക്ക് നിയമസഭയിൽ എത്തുവാനുള്ള ഏക സാധ്യതയും ഇത് മാത്രമാണ്. ഈ വിഷയം അടിയന്തിരമായി പരിഗണിച്ച് ഇതിന് വേണ്ട നിയമ നിർമ്മാണം നടത്തണമെന്ന് കേന്ദ്ര സർക്കാരിനോട് പാലാ നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. രാഷ്ട്രീയ വേർതിരിവില്ലാതെ ഈ പ്രമേയത്തെ ഇന്ന് (05-05-2026) കൂടുന്ന പാലാ നഗരസഭ കൗൺസിൽ യോഗം പിന്തുണച്ച് പാസാക്കണമെന്ന് അഭ്യർഥിക്കുകയാണെന്നാണ് പ്രമേയം പറയുന്നത്.
ചില നേതാക്കന്മാരെ അപമാനിക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രമേയമെന്ന് കേരള കോൺഗ്രസ് എം അംഗം ബിജു പാലൂപ്പടവിൽ പറഞ്ഞു.നഗരസഭയുടെ ഉത്തരവാദിത്വമല്ല ഇത്തരം കാര്യങ്ങളെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ആരെയും ലക്ഷ്യമിട്ടുള്ളതല്ലന്നും പൊതനന്മയ്ക്കാണ് പ്രമേയം അവതരിപ്പിച്ചതെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു.
Content Highlights: Pala Municipality passed a resolution demanding an Upper House in the Kerala Legislative Assembly., The proposal suggests including nominated MLAs similar to the Rajya Sabha model., Opposition claims the move targets Kerala Congress (M) leader Jose K. Mani after his election defeat., The resolution, dated May 5, 2026, cites the need for a federal structure for smaller states., The proposal criticizes leaders who lack direct public mandate but seek legislative entry.
Published: 06 May 2026, 10:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented