കോട്ടയം: ‘ഉടയ്ക്ക് സ്വാമീ’ എന്ന മട്ടിൽ ആ മൈക്കിങ്ങു പിടിച്ചുവാങ്ങി റോഷി അഗസ്റ്റിൻ പറഞ്ഞ വാചകം ചെന്നുകൊണ്ടത് ജോസിന്റെ ഉള്ളിലാണ്. പാലായിൽ ചെയർമാൻ ജോസ് കെ. മാണിതന്നെ മത്സരിക്കുമെന്ന് റോഷിയെക്കൊണ്ട് പറയിച്ചതാര് എന്നതിന് പല വ്യാഖ്യാനങ്ങളുണ്ട്. പക്ഷേ, തുടർചലനങ്ങൾ തീർന്നിട്ടില്ല. “താൻ വിശദീകരിച്ച് മടുത്തു, എനിക്കിനി പറയാൻ ആരോഗ്യമില്ല” എന്ന നിലയിലാണ് ജോസ്.

To advertise here,

റോഷി ഒരുതവണ പറയുന്നത് മനസ്സിലാക്കാം. ജോസ് ആശ്വസിച്ചതുപോലെ ചോരത്തിളപ്പുമാകാം. പക്ഷേ, രണ്ടാമതും മൂന്നാമതും അത് ആവർത്തിക്കുക. പഴയ ദുഃസ്വപ്നം ഓർമ്മിപ്പിക്കുന്നതുപോലെ പാലായിൽ 21-ലെ പിഴവ് തിരുത്തുമെന്നു പറയുക. പോരേ പൂരം. പാലായിൽ ജോസിന്റെ തോൽവി അന്വേഷിക്കാൻ കമ്മിഷൻ ഉണ്ടെന്നും ഇല്ലെന്നും രണ്ടായിരുന്നു വാദം. അവിടെ പിഴവല്ല പറ്റിയതെന്നും എതിരാളികളുടെ നുണപ്രചാരണമാണ് വിനയായതെന്നുമാണ് പാർട്ടി സിദ്ധാന്തം. പിഴവുണ്ടായെന്ന് നാട്ടുകാരൻകൂടിയായ റോഷി പറയുമ്പോൾ രണ്ടിലയ്ക്കുള്ളിൽ തണ്ടുേകടുണ്ടോയെന്നു സംശയിക്കണം. കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ.

മന്ത്രിയും ചെയർമാനും രണ്ട് അധികാരകേന്ദ്രമെന്ന് കഴിഞ്ഞ അഞ്ചുവർഷം ആർക്കും തോന്നിയില്ല. റോഷി മൈക്ക് പിടിച്ചുവാങ്ങി ചെയർമാനെ ഓവർടേക്ക് ചെയ്യുംവരെ. പാലാ പാലം കടക്കാൻ ആര്? താനില്ലെന്ന് നിഷ പറഞ്ഞുകഴിഞ്ഞു. എന്നിട്ടും ജോസിന്റെ മറുപടികാത്ത് കരിങ്ങോഴയ്ക്കൽ മുറ്റത്തുണ്ട്, മാധ്യമങ്ങൾ. ഇൗ തലവേദനകൾകണ്ട് രണ്ടുപേരാണ് ചിരിക്കുന്നത്. അങ്ങകലെ തൊടുപുഴയിൽ പി.ജെ. ജോസഫും പാലായിൽ മാണി സി. കാപ്പനും.

ഷോണിന്റെ വരവോടെ ബി.ജെ.പി. എ ക്ലാസ് മണ്ഡലപ്പട്ടികയിലേക്ക് പാലായും കടന്നുകയറി. കാണാം പാലാ പള്ളിതിരുനാൾ വെടിക്കെട്ടിന്റെ കലാശംപോലൊരു ക്ലൈമാക്സ്.

പാലായുടെ ചൂടും ചൂരുമൊന്നും മറ്റ് എട്ട് മണ്ഡലത്തിലുമില്ല. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും തിരഞ്ഞെടുപ്പുകാലംപോലെ എന്നും ജനസമ്പർക്കത്തിലാണ്. കോൺഗ്രസ് പട്ടികയിൽ അവർമാത്രമേയുള്ളൂ. ഇവർക്ക് പറ്റിയ എതിരാളികളെ തേടുകയാണ് ഇടതുമുന്നണി. കോട്ടയത്ത് കെ. അനിൽകുമാർ രണ്ടാം മത്സരത്തിന് വന്നേക്കും. പുതുപ്പള്ളിയിൽ പൊതുസ്വതന്ത്ര പരീക്ഷണത്തിന് സി.പി.എം. മുതിർന്നേക്കും. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവന് ടിക്കറ്റുറപ്പ്. ജോസഫ് ഗ്രൂപ്പിനായി ആര് വരും എന്നതാണ് ചോദ്യം. ഏറ്റുമാനൂരും പൂഞ്ഞാറും കോൺഗ്രസുമായി വെച്ചുമാറുമോ എന്നതിലാണ് ആകാംക്ഷ. ഏറ്റുമാനൂരിനായി കോൺഗ്രസിൽ മോഹികളേറെയുണ്ട്. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ഫിലിപ്പ് ജോസഫ് തുടങ്ങി നീണ്ടപട്ടിക. പൂഞ്ഞാറിൽ മാണിഗ്രൂപ്പിന്റെ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ നേരിടാൻ ജോസഫ് ഗ്രൂപ്പിന്റെ കുര്യാക്കോസ് പടവനെ നിയോഗിക്കാനാണ് ജോസഫിനിഷ്ടം. കോൺഗ്രസ് സീറ്റ് വിട്ടുകൊടുത്താൽ പടവൻ കളത്തിലെത്തും. പി.സി. ജോർജ് ഇക്കുറി മത്സരത്തിനില്ല. പകരം ബി.ജെ.പി.ക്ക് ആളെ കണ്ടെത്തണം.

കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജിന്റെ കുത്തക തീർക്കണമെന്ന് യു.ഡി.എഫിന് മോഹമുണ്ട്. പക്ഷേ, പോരിനാര് എന്നതിൽ തിട്ടമില്ല. ജോസഫ് വാഴയ്ക്കന്റെ പേരൊക്കെ കേൾക്കുന്നുണ്ട്. 30,000 വോട്ടുള്ള ബി.ജെ.പി.ക്കുവേണ്ടി പ്രമുഖനേതാക്കളാരെങ്കിലും വന്നേക്കാം. 2021-ൽ അൽഫോൻസ് കണ്ണന്താനമായിരുന്നു സ്ഥാനാർഥി. ചങ്ങനാശ്ശേരിയിൽ മാണിഗ്രൂപ്പിന്റെ ജോബ് മൈക്കിൾ തുടരും. മറുപക്ഷത്ത് ജോസഫ് ഗ്രൂപ്പിന്റെ പട്ടികയിൽ പല പേരുണ്ട്. ആ പേരുകളൊന്നും കോൺഗ്രസിന് പിടിച്ചിട്ടില്ലെന്നു മാത്രം. സീറ്റ് തിരിച്ചെടുക്കാനുള്ള സമ്മർദം വേറെ.

കടുത്തുരുത്തിയിൽ മോൻസ് ജോസഫിനെ നേരിടാൻ മാണിഗ്രൂപ്പിൽ നിന്നാരിറങ്ങുമെന്നാണ് ചോദ്യം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജായിരുന്നു മുൻ എതിരാളി. സി.പി.ഐ.യുടെ ഏകസീറ്റായ വൈക്കത്ത് സി.കെ. ആശയ്ക്ക് മൂന്നാമൂഴം പാർട്ടിനയം പോലിരിക്കും. സണ്ണി എം. കപിക്കാടിന്റെ പേര് യു.ഡി.എഫ്. ക്യാമ്പിൽനിന്ന് കേട്ടെങ്കിലും യുവകോൺഗ്രസ് നേതാക്കളാരെങ്കിലും അവസാനം എത്തിയേക്കുമെന്നാണ് സൂചനകൾ.