പാലാ: പാലായുടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ പ്രാധാന്യമേറുകയാണ്. ഫലമെന്തായാലും കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായകമാവുമെന്നുറപ്പ്.

To advertise here,

പാലായുടെ രാഷ്ട്രീയം കേരള കോൺഗ്രസിന്റെ അതികായൻ കെ.എം.മാണിയോടൊപ്പമായിരുന്നു അര നൂറ്റാണ്ടുകാലം. കെ.എം.മാണി തുടർച്ചയായി 52 വർഷം പ്രതിനിധീകരിച്ച മണ്ഡലത്തിൽ 13 തിരഞ്ഞെടുപ്പിൽ അദ്ദേഹം ജയിച്ചു. മാണിയും പാലായും വേർതിരിക്കാനാവാത്ത പങ്കാളികളായിരുന്നു. അദ്ദേഹത്തിന്റെ മരണം വരെ പാലായുടെ തിരഞ്ഞെടുപ്പ് ചിത്രം മാറ്റമില്ലാതെ തുടർന്നു. ഭൂരിപക്ഷം മാറിമറിഞ്ഞെങ്കിലും വിജയം മാണിക്കൊപ്പമായിരുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അയ്യായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി കടന്നുകൂടിയത്. മൂന്നുവട്ടം മാണി സി.കാപ്പനായിരുന്നു എതിരാളി. ഓരോ തവണയും മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരുവാൻ കാപ്പന് കഴിഞ്ഞു. യു.ഡി.എഫിന് വേണ്ടി കെ.എം.മാണി നേടിയെടുത്ത വിജയങ്ങൾ കേരള കോൺഗ്രസ് പാർട്ടിയെയും രാഷ്ട്രീയമായി അടയാളപ്പെടുത്തി.. എന്നും മാണിയും വിരുദ്ധരും എന്നതായിരുന്നു പാലായുടെ പോരാട്ടം.

ചരിത്രം മാറി

കെ.എം.മാണി അന്തരിച്ചശേഷം നടന്ന 2019-ലെ ഉപതിരഞ്ഞെടുപ്പിൽ മുതൽ ചരിത്രംമാറി. അന്ന് മുതലാണ് പാലാ നിയോജകമണ്ഡലത്തെക്കുറിച്ച് ഏറെ ചർച്ച ചെയ്യുവാൻ തുടങ്ങിയത്. അന്ന് യു.ഡി.എഫ്. പരാജയപ്പെട്ടു. എൽ.ഡി.എഫ്. സ്ഥാനാർഥി മാണി സി.കാപ്പൻ വിജയിച്ചു. 2020-ൽ ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് (എം)ഇടതു മുന്നണിയിലെത്തി. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി എൽ.ഡി.എഫ്. സ്ഥാനാർഥിയായി. പതിറ്റാണ്ടുകളോളം ഇടതുമുന്നണിക്കൊപ്പംനിന്ന മാണി സി.കാപ്പനും അനുയായികളും യു.ഡി.എഫിലെത്തി. നാടെങ്ങും എൽ.ഡി.എഫ്. തരംഗം ആഞ്ഞടിച്ചപ്പോഴും തകർപ്പൻ വിജയവുമായി മാണി സി.കാപ്പൻ നിയമസഭയിലെത്തി.

ഇന്നിന്റെ പോരാട്ടങ്ങൾ

വികസനചർച്ചകളും സൈബർ ആക്രമണങ്ങളും ഒപ്പം വ്യക്തിഹത്യകളും ചേർന്ന് പാലായുടെ രാഷ്ട്രീയം കലുഷിതമാണ്. വികസന പദ്ധതികളില്ലെന്ന് എൽ.ഡി.എഫ്. ആരോപിക്കുമ്പോൾ വികസനത്തിന് ജോസ് കെ.മാണിയും കൂട്ടരും തടസ്സം നിൽക്കുകയാണെന്ന് യു.ഡി.എഫ്. മറുവാദങ്ങളുയർത്തുന്നു. ഇതിനെച്ചൊല്ലി കഴിഞ്ഞ അഞ്ചുവർഷമായി പാലാ നിരന്തര വാഗ്വാദത്തിലാണ്. വലിയ വികസന പദ്ധതികളൊന്നുമില്ലെന്നും മുമ്പ് തുടങ്ങിയവ പൂർത്തിയാക്കുന്നതിൽ എം.എൽ.എ അനാസ്ഥ കാണിക്കുന്നുവെന്നുമാണ് ഇടതുപക്ഷം. എന്നാൽ ഗ്രാമങ്ങളിൽ വികസനമെത്തിച്ചുവെന്നാണ് യു.ഡി.എഫ്. മറുപടി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 24000-ൽപ്പരം വോട്ട് നേടിയ എൻ.ഡി.എ.യ്ക്ക് പിന്നീട് അത് നിലനിർത്താനായില്ല. 2021-ലെ തിരഞ്ഞെടുപ്പിൽ 10000-ലധികം വോട്ടുകളാണ് നേടാനായത്.‌

സ്ഥാനാർഥികൾ

ആറു വർഷമായി എം.എൽ.എ. സ്ഥാനം വഹിക്കുന്ന മാണി സി.കാപ്പൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. പ്രചാരണവും തുടങ്ങി. ഇടതു മുന്നണിക്കുവേണ്ടി കേരള കോൺഗ്രസ് എം.ചെയർമാൻ ജോസ് കെ.മാണി ഇത്തവണയും രംഗത്തിറങ്ങും. കെ.എം.മാണി പതിറ്റാണ്ടുകളായി കൈവെള്ളയിലെന്നപോലെ കാത്തുസൂക്ഷിച്ച തട്ടകമായ പാലാ ജോസ് കെ.മാണിയുടെ പാർട്ടിക്ക് ഉപേക്ഷിക്കാനാവില്ല. പിടിച്ചെടുത്ത മണ്ഡലം കാപ്പന് വിട്ടുകൊടുക്കാനുമാവില്ല. എൻ.ഡി.എ.യുടെ സ്ഥാനാർഥിയായി ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് രംഗത്തിറങ്ങും. അതോടെ പാലായുടെ പോരാട്ടം കനത്തതായി മാറുകയാണ്. മുമ്പ് പൂഞ്ഞാർ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന പഞ്ചായത്തുകളിൽ പി.സി.ജോർജിനുള്ള സ്വാധീനവും ക്രൈസ്തവ വിഭാഗങ്ങളിൽ സമീപകാലത്ത് ലഭിച്ച അംഗീകാരവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ഷോൺ ജോർജ്.

2021 നിയമസഭ

യു.ഡി.എഫ്-69804

എൽ.ഡി.എഫ്-54426

എൻ.ഡി.എ.-10869

2024 ലോകസഭാ തിരഞ്ഞെടുപ്പ്

ഭൂരിപക്ഷം യു.ഡി.എഫിന്-10846 വോട്ടുകൾ

തദ്ദേശം 2025

യു.ഡി.എഫ്.-53308,

എൽ.ഡി.എഫ്.-54831

എൻ.ഡി.എ.-20123

*യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾ

പാലാ നഗരസഭ, രാമപുരം, കടനാട്, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം, തലപ്പലം, മേലുകാവ് പഞ്ചായത്തുകൾ

*എൽ.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തുകൾ-മുത്തോലി, ഭരണങ്ങാനം, മൂന്നിലവ്, തലനാട്, കരൂർ.