വൈര്യം മറന്ന് വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഒന്നിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞയാഴ്ച വന്നപ്പോൾ തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ സുനാമി വരുമെന്നായിരുന്നു കേരളം കണക്കുകൂട്ടിയത്. ഇത് യുഡിഎഫിനെതിരായുള്ള രാഷ്ട്രീയമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ഐക്യപ്രഖ്യാപനം നടത്തി ഒരാഴ്ച തികയുന്നതിന് മുമ്പെ ഇതിൽ നിന്നും പിൻമാറുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തന്നെ അറിയിച്ചതോടെ ഒത്തുചേരലും പിരിയലും ഒരുമിച്ചായി.

To advertise here,

ഐക്യചർച്ചയ്ക്കായി എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളിയെ പെരുന്നയിലേക്ക് അയക്കുമെന്നായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിരുന്നത്. തുഷാറിനെ മകനെ പോലെ സ്വീകരിക്കും എന്നായിരുന്നു അന്ന് സുകുമാരൻ നായർ പറഞ്ഞത്. പക്ഷെ ദിവസങ്ങൾക്കകം തന്നെ ഐക്യവുമായി മുന്നോട്ടുപോവാൻ കഴിയാത്തതിന് പ്രധാന കാരണമായി പറയുന്നതും തുഷാറിനെ പറഞ്ഞുവിടാൻ ശ്രമിച്ചതാണ്. ഇതിൽ രാഷ്ട്രീയമുണ്ടെന്നും ഐക്യത്തിലിലൂടെ എൻഡിഎയിലേക്കുള്ള വഴിവെട്ടാൻ വെള്ളാപ്പള്ളി ശ്രമിച്ചുവെന്നുമാണ് എൻഎസ്എസ് കണക്ക് കൂട്ടുന്നത്.സംസ്ഥാന സർക്കാർ ശുപാർശ ചെയ്യാതിരുന്നിട്ട് പോലും കേന്ദ്രസർക്കാർ വെള്ളാപ്പള്ളിയെ പത്മഭൂഷന് പരിഗണിച്ചതും സംശയത്തിന് ഇടയാക്കി. ഇതാണ് പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം തന്നെ സഖ്യം പൊളിയാനുള്ള കാരണമായത്.

എൻഡിഎയുടെ കേരളത്തിലെ പ്രധാന ഘടക കക്ഷിയായ ബിഡിജെഎസിന്റെ സംസ്ഥാന സെക്രട്ടറിയാണ് തുഷാർ വെള്ളപ്പള്ളി. അങ്ങനെയുള്ളയാളെ ചർച്ചയ്ക്ക് വിടാൻപാടില്ലായിരുന്നുവെന്നാണ് ഇപ്പോൾ സുകുമാരൻ നായർ പറയുന്നത്. എന്നാൽ തുഷാറിനെ ചർച്ചയ്ക്കായി ചുമതലപ്പെടുത്തിയ അന്ന് തന്നെ സുകുമാരൻ നായർക്ക് ഈ ബോധം ഉണ്ടായില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല രൂപവത്കൃത കാലം മുതൽ ഭൂരിഭാഗം കാലത്തും യുഡിഎഫിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നവരാണ് എൻഎസ്എസ്. എന്നാൽ എസ്എൻഡിപിയുമായുള്ള ഐക്യപ്രഖ്യാപനത്തിലൂടെ യുഡിഎഫിന് എതിരാണ് ഐക്യം എന്ന പൊതുബോധം രൂപപ്പെട്ടുവന്നു. മാത്രമല്ല ബിജെപിയിലേക്കുള്ള യാത്രയാണ് എന്നും വിലയിരുത്തപ്പെട്ടു. ഇതോടെയാണ് പിന്മാറ്റം. കൂടാതെ സമദൂരമെന്ന സംഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരാവുമെന്ന വിലയിരുത്തലും കാരണമായി പറയുന്നു.

ഇതിന് മുമ്പ് 2011-ലും എൻഎസ്എസ്-എസ്എൻഡിപി ഐക്യമുണ്ടായിരുന്നുവെങ്കിലും അത് ആറ് മാസം കൊണ്ട് പിരിഞ്ഞു. ഇതിന് പ്രധാന കാരണം സംവരണവുമായി ബന്ധപ്പെട്ട നിലപാടായിരുന്നു.

മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് സംവരണം നൽകണം എന്നതായിരുന്നു എൻഎസ്എസിന്റെ ആവശ്യം. ഇത് അംഗീകരിക്കാൻ എസ്എൻഡിപി തയ്യാറായില്ല. സാമ്പത്തിക മാനദണ്ഡങ്ങൾ സംവരണത്തിന് അടിസ്ഥാനമാക്കരുത് എന്നായിരുന്നു എസ്എൻഡിപി നിലപാട്. ഇതോടെ തെറ്റിപ്പിരിഞ്ഞു.

പിന്നെ കേരളം കണ്ടത് ഇരു നേതാക്കളുടേയും പരസ്യ പോർവിളിയും വിഴുപ്പലക്കലുമാണ്. സുകുമാരൻ നായരെ വലിയ രീതിയിൽ വെള്ളപ്പള്ളി ആക്ഷേപിച്ചു. മന്നത്ത് പത്മനാഭൻ ഇരുന്ന കസേരയിൽ കയറിയിരിക്കുന്ന മന്ദബുദ്ധിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ എന്നായിരുന്നു 2014 ഫെബ്രുവരി 28-ന് വെള്ളാപ്പള്ളി പ്രസംഗിച്ചത്. വെള്ളാപ്പള്ളി എസ്എൻഡിപി ജനറൽ സെക്രട്ടറി കസേരയിൽ ഇരിക്കുന്ന കാലത്തോളം ഇനി ഐക്യമുണ്ടാവില്ലന്ന് സുകുമാരൻ നായരും പ്രസംഗിച്ചു.

2014 ഫെബ്രുവരി എട്ടിന് ആയിരുന്നു എസ്എൻഡിപിയുമായുള്ള ഐക്യം അവസാനിപ്പിച്ചെന്ന് എൻഎസ്എസ് പ്രത്യേക കുറിപ്പിലൂടെ അറിയിച്ചത്. ഇതിന് ശേഷമായിരുന്നു 2015-ൽ നായാടി മുതൽ നമ്പൂതിരിവരെ എന്ന കൂട്ടായ്മയ്ക്ക് വെള്ളാപ്പള്ളി ശംഖുമുഖത്ത് ആഹ്വാനം ചെയ്തത്. 2015 ഡിസംബർ 5-ന് ശംഖുമുഖത്ത് നടന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തിലായിരുന്നു ഈ പ്രഖ്യാപനം.