
വൈര്യം മറന്ന് എല്ലാം ഉള്ളിലൊതുക്കി എൻഎസ്എസും എസ്എൻഡിപിയും ഐക്യകാഹള ശബ്ദമുയർത്തിയ മണിക്കൂറുകളാണ് കഴിഞ്ഞുപോയത്. കേരള രാഷ്ട്രീയം അപ്രതീക്ഷിതമായി കേട്ട ഐക്യ പ്രഖ്യാപനം മറ്റൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലക്ഷ്യമിട്ടിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. അതിന്റെ പരിക്ക് യുഡിഎഫിനെയും ബാധിച്ചേക്കാം. ഇതോടെ ഗാലറിയിലിരുന്ന് കളി കാണുകയാണോ ഇടതുപക്ഷം അതോ അവർക്ക് ഇതിൽ റോളുണ്ടോ?
ഐക്യ ചർച്ചയ്ക്കായി തുഷാർ വെള്ളാപ്പള്ളിയെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പെരുന്നയിലേക്ക് ക്ഷണിക്കുമ്പോൾ ആകെ കൺഫ്യൂഷനിലാണ് കേരളം. വെടി പൊട്ടിച്ചത് വെള്ളാപ്പള്ളി, ലക്ഷ്യം കോൺഗ്രസ്, പെരുന്നയിലേക്ക് ചർച്ചയ്‌ക്കെത്തുന്നത് എൻഡിഎ കൺവീനർ തുഷാർ വെളളാപ്പള്ളി എന്ന നിലയിലേക്ക് കാര്യങ്ങൾ പോവുമ്പോൾ ജി. സുകുമാരൻനായർ കേരള രാഷ്ട്രീയത്തൽ വീണ്ടും സമ്മർദശക്തിയാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കാരണം കേരള രാഷ്ട്രീയ ചരിത്രം നോക്കുമ്പോൾ മന്നത്തു പദ്മനാഭൻ മുതൽ സുകുമാരൻ നായർ വരെയുള്ള എൻഎസ്എസ് നേതൃത്വത്തിന് ഇക്കാലമത്രയും രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കാനുള്ള കഴിവും ശേഷിയും ഉണ്ടായിട്ടുണ്ട് എന്നത് സത്യമാണ്.
പക്ഷെ, മാറിയ കാലത്ത് ജെൻസി വോട്ടർമാരുടെ പുതിയ കാലത്ത് ഒരു വെള്ളാപ്പള്ളിയോ സുകുമാരൻ നായരോ പറയുന്നത് കേട്ട് എല്ലാ ഈഴവ വോട്ടുകളും നായർ വോട്ടുകളും ആർക്കെങ്കിലും അനുകൂലമാവുമോ, അല്ലെങ്കിൽ പ്രതികൂലമാവുമോ എന്നതാണ് പ്രധാന കാര്യം. എങ്കിലും ഏറെ നാൾ മുമ്പ് വി.ഡി സതീശൻ തുടങ്ങിവെച്ച സമുദായ നേതാക്കളുമായുള്ള വാക്‌പോരിന് താൽക്കാലിക വെടിനിർത്തൽ വേണമെന്ന ആവശ്യവും യുഡിഎഫ് നേതാക്കൾ പൊതുവെ പങ്കിടുന്നു.
- രാഷ്ട്രീയമില്ലെന്ന് പ്രഖ്യാപിച്ച് രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച എൻഎസ്എസ്
എൻഎസ്എസിന് രാഷ്ട്രീയമില്ല. പക്ഷെ, അംഗങ്ങൾക്ക് രാഷ്ട്രീയമാവാം ഇതായിരുന്നു 1946-ൽ എൻഎസ്എസ് അംഗീകരിച്ച പ്രമേയത്തിലെ വാചകം. ഇത് പല കാലങ്ങളിലായി പിന്നീട് പല നേതാക്കൾ ആവർത്തിച്ചു. അങ്ങനെ കേരള രാഷ്ട്രീയ ചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്താനും എൻഎസ്എസിനായി. രാഷ്ട്രീയമില്ലെന്ന് പ്രഖ്യാപിച്ച എൻഎസ്എസ് പക്ഷെ 1974 മുതൽ 1996 വരെ എൻഡിപി(നാഷണൽ ഡമോക്രാറ്റിക് പാർട്ടി) എന്ന പാർട്ടിയെ ചുമക്കുകയും ചെയ്തു. എന്നാൽ, പാർട്ടി രൂപീകരിച്ച അതേ എൻഎസ്എസ് തന്നെ എൻഡിപിയെ പിരിച്ചുവിട്ടു.
140 അംഗ നിയമസഭയിൽ കിട്ടുന്ന ഒന്നോ രണ്ടോ പ്രതിനിധികൾക്കപ്പുറം ആവശ്യമുള്ളത് പിടിച്ചുവാങ്ങുന്നതിനും സമ്മർദ ശക്തിയാവുന്നതിനും എൻഡിപിക്ക് അപ്പുറം എൻഎസ്എസിന് സാധിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു എൻഡിപിയെ പിരിച്ചുവിടുന്നതിലേക്ക് എത്തിച്ചത്. അന്നുമുതൽ കേരളം കേട്ടുതുടങ്ങിയതാണ് സമദൂരമെന്ന നിലപാട്.
1973 ജൂലായ് 22-ന് ആയിരുന്നു എൻഡിപിയുടെ പിറവി. അന്ന് സി. അച്യുതമേനോൻ ആയിരുന്നു മുഖ്യമന്ത്രി. വൈസ് ചാൻസിലർ നിയമനങ്ങളിൽ എൻഎസ്എസിന് മതിയായ പ്രാതിനിധ്യം കിട്ടുന്നില്ലെന്ന് വന്നതോടെ പാർട്ടി രൂപവത്കരണ ചർച്ചയിലേക്ക് പോയി. തുടർന്നാണ് അന്നത്തെ എൻഎസ്എസ് പ്രസിഡന്റ് കളത്തിൽ വേലായുധ നായർ ചെയർമാനും ആറന്മുള കേശവൻനായർ ജനറൽ സെക്രട്ടറിയായും കിടങ്ങൂർ ഗോപാലപ്പിള്ള ട്രഷററായും എൻഡിപി ജന്മം കൊള്ളുന്നത്. 1977 -ൽ കോൺഗ്രസും സിപിഐയും ഉൾപ്പെട്ട മുന്നണിക്കൊപ്പം നിന്ന് അഞ്ചുപേരെ വിജയിപ്പിച്ചെടുക്കാനും എൻഡിപിക്കായി.
എൻഡിപിയുടെ 22 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ എംഎൽഎമാരെ കിട്ടിയ തിരഞ്ഞെടുപ്പായിരുന്നു അത്. പക്ഷെ, മന്ത്രിസഭയിൽ അംഗമായിരുന്നില്ല. ശേഷം സി.എച്ച് മുഹമ്മദ് കോയ താൽക്കാലിക മുഖ്യമന്ത്രി ആയ സമയത്താണ് എൻഡിപിക്കും മന്ത്രിമാരുണ്ടയാത്. ഇതിന് ശേഷം പല കാലങ്ങളിൽ എൻഡിപിക്ക് മന്ത്രിമാരെ കിട്ടിയെങ്കിലും ഇതിനൊപ്പം പടലപ്പിണക്കങ്ങളും ഉയർന്നുവന്നിരുന്നു.
1996-ൽ എ.കെ. ആന്റണി യുഡിഎഫ് സർക്കാരിനെ നയിക്കുന്ന കാലത്താണ് എൻഡിപി മുന്നണി വിട്ടത്. ആക്കാലത്ത് രണ്ട് എംഎൽഎമാരായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. കെ.പി. രാമചന്ദ്രൻനായരും ആർ. രാമചന്ദ്രൻ നായരും. ആർ. രാമചന്ദ്രൻ നായരെയായിരുന്നു അന്ന് മന്ത്രിയാക്കിയത്. ഇതോടെ കെ.പി. രാമചന്ദ്രൻ നായർ പിണങ്ങി. ഇതിനിടെ ആർ. രാമചന്ദ്രൻനായർ എൻഎസ്എസുമായും പിണങ്ങി. അവസാനം സ്വന്തം എംഎൽഎയെ പുറത്താക്കാൻ എൻഡിപിക്ക് മുഖ്യമന്ത്രിയോട് പറയേണ്ടി വന്നു. ഇതോടെ കെ.പി. രാമചന്ദ്രൻ നായരും ആർ. രാമചന്ദ്രൻനായർക്കൊപ്പം ചേർന്നു. രണ്ടുപേരും എൻഡിപിയിൽനിന്ന് പുറത്താവുകയും ചെയ്തു.
1996 ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എൻഡിപി മുന്നണി വിട്ടത്. അങ്ങനെ സംഭവിക്കുകയും ചെയ്തു. പിന്നീട് ഇ.കെ. നായനാരായിരുന്നു അധികാരത്തിൽ. അനാവശ്യമായ പരീക്ഷണമായിരുന്നു എൻഡിപിയെന്നും ഇതാണ് പിരിച്ചുവിടലിലേക്ക് നയിച്ചതെന്നുമായിരുന്നു അന്നത്തെ എൻഡിപി ജനറൽ സെക്രട്ടറിയും ഇന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായ ജി. സുകുമാരൻ നായർ പിന്നീട് പറഞ്ഞത്. മുന്നണികൊണ്ട് പ്രത്യേകിച്ചൊരു നേട്ടവും എൻഎസ്എസിന് ലഭിച്ചുമില്ല.
- സമദൂരവും എൻഎസ്എസും
നേരത്തെ പറഞ്ഞപോലെ 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു എൻഎസ്എസ് സമദൂരമെന്ന വിഖ്യാത നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിനെതിരേ രംഗത്ത് വന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവു പെരുന്നയിലെ മന്നം സമാധിയിലെത്തി അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് വിട്ട് പുറത്തേക്ക് വന്നത്. എന്നാൽ, കാലാവധി തീരുന്നതിന് മുമ്പെ കരുണാകരനെ പുറത്താക്കി എ.കെ. ആന്റണിയെ മുഖ്യമന്ത്രിയായി അവരോധിച്ചതിലുള്ള നീരസമായിരുന്നു പിന്നിലെന്നും വിലയിരുത്തലുണ്ടായി. 1996-ൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെടുകയും എൽഡിഎഫ് അധികാരത്തിലെത്തുകയും ചെയ്തു. ഇതോടെ എൻഎസ്എസിന്റെ സമദൂര സിദ്ധാന്തവും ഏറെ ചർച്ച ചെയ്യപ്പെട്ടു. എല്ലാ മുന്നണികളോടും സമദൂരം പാലിക്കുക വിഷയങ്ങളിൽ ശരിദൂരം പാലിക്കുക ഇതായിരുന്നു എൻഎസ്എസ് നിലപാട്.
സമുദായം, വിദ്യാഭ്യാസം, ദേവസ്വം, സാമൂഹിക നീതി ഇങ്ങനെ പലതിനേയും ചുറ്റിപറ്റിയായിരുന്നു എൻഎസ്എസിന്റെ സമ്മർദതന്ത്രം. ഇതിൽ ഏതെങ്കിലും ഒന്നിൽ എൻഎസ്എസിന് ഹിതകരമല്ലാത്തത് സംഭവിച്ചാൽ അക്കാലത്തെ സർക്കാർ അധികാരത്തിന് പുറത്താവും. മുന്നണികൾ അധികാരത്തിൽ കയറുന്നതും ഇറങ്ങുന്നതും എൻഎസ്എസിന്റെ കൂടെ താൽപര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന സ്ഥിതി വന്നു. ഇതോടെ പല നേതാക്കളും പെരുന്നയിലെ സന്ദർശകരായി.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പും തുടർന്ന് 2013-ലെ സുകുമാരൻ നായരുടെ താക്കോൽസ്ഥാന പരാമർശവുമെല്ലാം കേരളം വലിയ രീതിയിൽ ചർച്ച ചെയ്തത് ഇതിൽ എൻഎസ്എസിന് നിർണായ റോളുകളുണ്ടായിരുന്നുവെന്നത് കൊണ്ടു തന്നെയായിരുന്നു. 2011-ൽ വി.എസ്. അച്യുതാനന്ദന് തുടർഭരണം നഷ്ടപ്പെട്ടത് വി.എസ്. എൻഎസ്എസുമായി തെറ്റിപ്പിരിഞ്ഞതിനാലാണ് എന്നാണ് അവർ അവകാശപ്പെട്ടത്. വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം സമുദായ സംഘടനകളെ അതിശക്തമായി വിമർശിച്ചിരുന്നു. ഇതോടെ എൻഎസ്എസ് സമദൂര സിദ്ധാന്തം ഉപേക്ഷിക്കുകയും യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഫലമായിട്ടാണ് പിന്നീട് ഉമ്മൻചാണ്ടി അധികാരത്തിൽ എത്തിയത് എന്നാണ് എൻഎസ്എസ് അവകാശപ്പെട്ടത്. എന്നാൽ, ഇതേ ഉമ്മൻചാണ്ടിയുടെ കാലത്താണ് തിരുവനന്തപുരത്തുവെച്ച് സുകുമാരൻനായർ വിവാദമായ താക്കോൽസ്ഥാന പരാമർശവും നടത്തിയത്.
ഉമ്മൻചാണ്ടി മന്ത്രിസഭയിലെ താക്കോൽസ്ഥാനങ്ങളിലൊന്നും നായർ സമുദായ അംഗത്തെ കാണുന്നില്ലെന്നും രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കണമെന്നുമായിരുന്നു ജി.സുകുമാരൻനായരുടെ പരസ്യ പ്രസ്താവന, അന്ത്യശാസനവും നൽകിയിരുന്നു. അന്ന് കെപിസിസി അധ്യക്ഷനായ രമേശ് ചെന്നിത്തല പിന്നീട് ആഭ്യന്തര മന്ത്രിയായെങ്കിലും ഇത് വലിയ ക്ഷതമാണ് രമേശിനുണ്ടാക്കിയത്. രമേശിന്റെ നിർദേശപ്രകാരം എൻഎസ്എസ് കളിച്ച കളിയായിരുന്നു താക്കോൽസ്ഥാന പ്രസംഗമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. വലിയ വിവാദത്തിനും തിരികൊളുത്തി. ഇതോടെ സുകുമാരൻ നായരെ തള്ളിപ്പറയാതെ മറ്റ് വഴിയില്ലെന്നായി രമേശിന്. തനിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന് വരെ പറഞ്ഞു ചെന്നിത്തല. ഇത് സുകുമാരൻ നായരും രമേശ് ചെന്നിത്തലയും തമ്മലുള്ള ദീർഘകാല അകൽച്ചയ്ക്കും കാരണമായി.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം ഉണ്ടായപ്പോഴും സമ്മർദ തന്ത്രവുമായിഎൻഎസ്എസ് രംഗത്തുവന്നിരുന്നു. ആഭ്യന്തരമന്ത്രിയുടെ ചുമതലയോടെ രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണമെന്നായിരുന്നു ആവശ്യം. പകരം കെപിസിസി അധ്യക്ഷൻ ആരാവും എന്നതിൽ തട്ടി ഈ ആവശ്യം നിറവേറ്റപ്പെട്ടില്ല. ഈ അവസരം മുതലാക്കിയായിരുന്നു എ ഗ്രൂപ്പിലെ മുതിർന്ന അംഗവും നായർ സമുദായംഗവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ആഭ്യന്തര മന്ത്രിയാക്കിയത് എന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ആരോപണം.
താക്കോൽസ്ഥാന വിവാദത്തിൽ 11 വർഷത്തോളമാണ് ഇരുവരും തെറ്റിപ്പിരിഞ്ഞത്. രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്തേക്ക് പ്രതിഷ്ടിക്കുമെന്ന് തനിക്ക് കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം ഉറപ്പു നൽകിയിരുന്നുവെന്ന് പിന്നീട് സുകുമാരൻ നായർ ആവർത്തിച്ചതും വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷം 2024-ലാണ് പിണക്കം മറന്ന് രമേശ് പെരുന്നയിലെത്തിയതും മന്നം ജയന്തിയിൽ പങ്കെടുത്തതും. ഇതോടെ എൻഎസ്എസ് യുഡിഎഫിനൊപ്പമെന്ന പ്രതീതിയുണ്ടായെങ്കിലും കാര്യങ്ങളെ മാറ്റിമറിക്കുന്നതായിരുന്നു പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിന് മുന്നോടിയായുള്ള കാര്യങ്ങൾ.
ആഗോള അയ്യപ്പ സംഗമത്തിനു മുന്നോടിയായി പിണറായി വിജയനെ പ്രകീർത്തിച്ചു സുകുമാരൻ നായർ രംഗപ്രവേശം ചെയ്തത് യുഡിഎഫിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രംഗത്തു വന്നപ്പോഴും സുകുമാരൻ നായർ മുഖ്യമന്ത്രിക്ക് ശക്തമായ കവചം തീർത്തു. ഇതിനെല്ലാം പിന്നിലെ ലക്ഷ്യം വി.ഡി. സതീശനായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്. മാത്രമല്ല, പറവൂരിൽ സതീശനെ പൂട്ടണമെന്ന സിപിഎം തീരുമാനവും ഇതിനോട് കൂട്ടിച്ചേർത്ത് വായിക്കണം.
സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാനേ പാടുള്ളൂവെന്നും കിടക്കരുതെന്നുമുള്ള സതീശന്റെ പ്രസ്താവനയിൽ തുടങ്ങിയതായിരുന്നു എൻഎസ്എസിന് വി.ഡി. സതീശനോടുള്ള വിരോധം. മാത്രല്ല, സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുത് എന്ന പ്രസ്താവനയും വലിയ വിവാദമായിരുന്നു.
- അന്ന് പറഞ്ഞു നായാടി മുതൽ നമ്പൂതിരി വരെ ഒന്നിക്കണം
ഇതിന് മുമ്പ് 2011-ലും എൻഎസ്എസ്-എസ്എൻഡിപി ഐക്യമുണ്ടായിരുന്നുവെങ്കിലും അത് ആറ് മാസം കൊണ്ട് പിരിഞ്ഞു. ഇതിന് പ്രധാന കാരണം സംവരണവുമായി ബന്ധപ്പെട്ട നിലപാടായിരുന്നു.
മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് സംവരണം നൽകണം എന്നതായിരുന്നു എൻഎസ്എസിന്റെ ആവശ്യം. ഇത് അംഗീകരിക്കാൻ എസ്എൻഡിപി തയ്യാറായില്ല. സാമ്പത്തിക മാനദണ്ഡങ്ങൾ സംവരണത്തിന് അടിസ്ഥാനമാക്കരുത് എന്നായിരുന്നു എസ്എൻഡിപി നിലപാട്. ഇതോടെ തെറ്റിപ്പിരിഞ്ഞു.
പിന്നെ കേരളം കണ്ടത് ഇരു നേതാക്കളുടേയും പരസ്യ പോർവിളിയും വിഴുപ്പലക്കലുമാണ്. സുകുമാരൻ നായരെ വലിയ രീതിയിൽ വെള്ളപ്പള്ളി ആക്ഷേപിച്ചു. മന്നത്ത് പത്മനാഭൻ ഇരുന്ന കസേരയിൽ കയറിയിരിക്കുന്ന മന്ദബുദ്ധിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർ എന്നായിരുന്നു 2014 ഫെബ്രുവരി 28-ന് വെള്ളാപ്പള്ളി പ്രസംഗിച്ചത്. വെള്ളാപ്പള്ളി എസ്എൻഡിപി ജനറൽ സെക്രട്ടറി കസേരയിൽ ഇരിക്കുന്ന കാലത്തോളം ഇനി ഐക്യമുണ്ടാവില്ലന്ന് സുകുമാരൻ നായരും പ്രസംഗിച്ചു.
2014 ഫെബ്രുവരി എട്ടിന് ആയിരുന്നു എസ്എൻഡിപിയുമായുള്ള ഐക്യം അവസാനിപ്പിച്ചെന്ന് എൻഎസ്എസ് പ്രത്യേക കുറിപ്പിലൂടെ അറിയിച്ചത്. ഇതിന് ശേഷമായിരുന്നു 2015-ൽ നായാടി മുതൽ നമ്പൂതിരിവരെ എന്ന കൂട്ടായ്മയ്ക്ക് വെള്ളാപ്പള്ളി ശംഖുമുഖത്ത് ആഹ്വാനം ചെയ്തത്. 2015 ഡിസംബർ 5-ന് ശംഖുമുഖത്ത് നടന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപനത്തിലായിരുന്നു ഈ പ്രഖ്യാപനം. കേരളം ആര് ഭരിക്കുമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്നാൽ 2015-ന് ശേഷം വിവിധ തിരഞ്ഞെടുപ്പുകൾ വന്നുപോയെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാൻ എസ്എൻഡിപിക്കോ എൻഎസ്എസിനോ സാധിച്ചില്ല എന്നതാണ് സത്യം.
Content Highlights: Exploring NSS`s historical influence on Kerala politics, their `Samadhooram` stance, and recent moves impacting upcoming elections. Learn more!
Published: 23 Jan 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented