കോഴിക്കോട്: മത്സരിക്കാൻ മൂന്ന് ടേം വ്യവസ്ഥ സിപിഐ നിർബന്ധമാക്കിയതോടെ ഇത്തവണ നാദാപുരം നിയോജക മണ്ഡലത്തിൽ ഇ.കെ. വിജയൻ മത്സരിക്കില്ല. മണ്ഡലത്തിൽ പുതിയ സ്ഥാനാർഥിയെത്തും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരിയുടെ ഭാര്യയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ പി. വസന്തത്തിന്റെ പേരിനാണ് മുൻഗണന. യുവാക്കൾ മത്സരിക്കട്ടെ എന്ന നിലപാടിലെത്തിയാൽ സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. ഗവാസിനാകും നറുക്ക് വീഴുക. കഴിഞ്ഞതവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ഗവാസ്. മണ്ഡലത്തിൽ നേരത്തെയും ഗവാസിന്റെ പേര് കേട്ടിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് വലിയ തിരിച്ചടി നേരിട്ടപ്പോൾ എലത്തൂർ, കോഴിക്കോട് നോർത്ത്, ബേപ്പൂർ, നാദാപുരം മണ്ഡലങ്ങളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത്. നാദാപുരം മണ്ഡലം രൂപവത്കരിച്ചതുമുതൽ ഒരു തവണ ഒഴികെ മറ്റെല്ലാ സമയത്തും എൽഡിഎഫ് സ്ഥാനാർഥികളാണ് വിജയിച്ചത്. 1960-ൽ മുസ്ലീം ലീഗ് സ്ഥാനാർഥി ഹമീദ് അലി ഷെംനാഥ് വിജയിച്ചിരുന്നു. ജില്ലയിൽ എൽഡിഎഫിൽ നിന്ന് സിപിഐ മത്സരിക്കുന്ന ഏക മണ്ഡലമാണ് നാദാപുരം. അതുകൊണ്ടു തന്നെ സിപിഐയെ സംബന്ധിച്ചടത്തോളം ഏറ്റവും സുനിശ്ചിത മണ്ഡവും ഇതാണ്.
2011 മുതൽ മണ്ഡലത്തിൽ ഇകെ വിജയനാണ് വിജയിച്ചത്. പക്ഷെ ഓരോ തവണയും ഭൂരിപക്ഷം കുറഞ്ഞു. 2011-ൽ 7546 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ 2016-ൽ ഭൂരിപക്ഷം 4759 ആയി കുറഞ്ഞു. ഇത് 2021 ആകുമ്പോഴേക്കും 4035 ആയി മാറി. ഇതിന് മുമ്പ് രണ്ട് തവണ ഇപ്പോഴത്തെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ജനവിധി തേടിയിരുന്നു. മൂന്ന് തവണ സത്യൻ മൊകേരിയും വിജയിച്ചിട്ടുണ്ട്.
യുഡിഎഫിൽ നിന്ന് കോൺഗ്രസ് മത്സരിച്ചുവരുന്ന മണ്ഡലമാണ് നാദാപുരം. 2016-ലും 2021-ലും നിലവിലെ ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറായിരുന്നു മത്സരിച്ചത്. ഇത്തവണ മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരടക്കം ഇവിടെ ഉയർന്ന് കേട്ടിരുന്നു. ഉടൻതന്നെ എതിർപ്പും ഉയർന്നു. മുല്ലപ്പള്ളി വന്നാൽ നിലംതൊടാതെ തോൽപിക്കും എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടതും നാദാപുരത്തായിരുന്നു.
ഇതിനിടെ ലീഗുമായി മണ്ഡലം മാറി മത്സരിക്കുന്ന കാര്യവും യുഡിഎഫ് ആലോചിക്കുന്നുണ്ട്. ലീഗ് മത്സരിച്ചാൽ വിജയസാധ്യത കൂടുതലാണ് എന്നാണ് വിലയിരുത്തൽ അങ്ങനെ വന്നാൽ തിരുവമ്പാടി ലീഗ് വിട്ടുകൊടുക്കാനുള്ള സാധ്യതയുണ്ട്. തിരുവമ്പാടിയിൽ നിന്ന് കഴിഞ്ഞ രണ്ട് തവണയും മത്സരിച്ച ലീഗിന് പരാജയം നേരിടേണ്ടി വന്നിരുന്നു. ഇവിടെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർഥി വന്നാൽ ജയിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.
ആകെ പത്ത് പഞ്ചായത്ത് ഉൾപ്പെടുന്നതാണ് നാദാപുരം നിയമസഭാ മണ്ഡലം. ഇതിൽ ചെക്യാട്, തൂണേരി, കായക്കൊടി, നാദാപുരം പഞ്ചായത്തുകൾ യുഡിഎഫിന് ഒപ്പം നിന്നപ്പോൾ വളയം, വാണിമേൽ, എടച്ചേരി, കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ പഞ്ചായത്തുകളാണ് എൽഡിഎഫിന് ഒപ്പം നിന്നത്. ഈ ലീഡാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം.
Content Highlights: Find out why EK Vijayan won`t contest from Nadapuram this election and who are the potential CPI candidates: P Vasantham or P Gawas. Get insights into constituency dynamics and past results.
Published: 08 Jan 2026, 12:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented