കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിനിർണയത്തിൽ പാർട്ടി പ്രഥമപരിഗണ നൽകുന്നത് വിജയസാധ്യതയ്ക്ക് മാത്രമാണെന്ന് മുസ്‍ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കൂടുതൽ സീറ്റുകൾക്ക് പാർട്ടിക്ക് അർഹതയുണ്ട്. അത് കിട്ടുമോ, വാങ്ങുമോ എന്നുള്ള കാര്യങ്ങളിലേക്കൊന്നും ചർച്ചകൾ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‍ലിംലീഗ് സംസ്ഥാന പ്രവർത്തകസമിതിക്കുശേഷം കോഴിക്കോട്ട് ലീഗ്ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കോൺഗ്രസുമായി സീറ്റുവിഭജന ചർച്ചകൾ ഉടനുണ്ടാകും. ജനുവരി അവസാനത്തോടെ സ്ഥാനാർഥിപ്പട്ടികയുടെ ഏകദേശ രൂപമാകും. ലീഗിന്റെ സ്ഥാനാർഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പ് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും അർഹമായ പ്രാതിനിധ്യം എല്ലാ വിഭാഗങ്ങൾക്കും നൽകുമെന്നും സലാം പറഞ്ഞു.

ടേം വ്യവസ്ഥയെക്കുറിച്ച് സമിതിയിൽ പ്രവർത്തകസമിതിയിൽ അഭിപ്രായങ്ങളുണ്ടായെങ്കിലും തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരിചയസമ്പന്നർ അസംബ്ലിയിൽ വേണമെന്നും പുതുമുഖങ്ങൾക്കും അവസരം നൽകണമെന്നതാണ് പാർട്ടി നിലപാട്. മുന്നണിയിൽ പുതിയ ഘടകകക്ഷികൾവന്നാൽ സാഹചര്യമനുസരിച്ച് വിട്ടുവീഴ്ചകൾക്ക് പാർട്ടി തയ്യാറാകും. ഇടതുഭരണത്തിൽനിന്ന് കേരളത്തിനെ രക്ഷിക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

നേമം, കഴക്കൂട്ടം, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം 50,000-ത്തോളം വോട്ടർമാരാണ് എസ്ഐആറിൽ പുറത്തായത്. അതിനർഥം അത്രയും അനധികൃതവോട്ടർമാർ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടപ്പിന്റെ വോട്ടർപട്ടികയിൽ കയറിക്കൂടിയിരുന്നുവെന്നാണ്. ഇത്തരക്കാർ ഇനിയും ഉണ്ടായേക്കാം ഇതിനെ സൂക്ഷ്മമായി നിരീക്ഷിക്കാൻ പാർട്ടി സംവിധാനം ശക്തമാക്കാൻ തീരുമാനിച്ചു. സിപിഎം കോട്ടകളിൽ എസ്ഐആറിൽ വോട്ടർപട്ടികയിൽനിന്ന് പുറത്തായവരുടെ എണ്ണം മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറവാണ്. പാർട്ടിക്കാരായ ബിഎൽഒമാരെക്കൊണ്ട് അനർഹമായ വോട്ടുകൾ നിലനിർത്താൻ എൽഡിഎഫ് ശ്രദ്ധിച്ചിട്ടുണ്ട്. ജനുവരി 10-ന് വൈകീട്ട് ഏഴിന് ബൂത്തടിസ്ഥാനത്തിൽ വോട്ടർപട്ടികയുടെ കരട് പരിശോധിക്കുമെന്നും അദ്ദേഹം പറേഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമർശം; കേസെടുക്കേണ്ടത് സർക്കാർ

വെള്ളാപ്പള്ളി നടേശന്റെ വർഗീയപരാമർശങ്ങളിൽ കേസെടുക്കേണ്ടത് ആഭ്യന്തരവകുപ്പും സർക്കാരുമാണെന്ന് പി.എം.എ. സലാം പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടത്തിയ പരാമർശത്തിൽ വെള്ളാപ്പള്ളിയുടെപേരിൽ കേസെടുത്തിട്ടുണ്ട്. അതുപോലെ കേസെടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്‌. ചെയ്യേണ്ടവർ ഇതു ചെയ്യുന്നില്ലെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും സലാം പറഞ്ഞു.