
അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തി മലപ്പുറത്തെ ചുവപ്പിച്ചും ഒടുവിൽ ലീഗിലേക്ക് മാറി അഞ്ചാം മന്ത്രിയെന്ന വിവാദത്തിലും പെട്ട രാഷ്ട്രീയ നേതാവായിരുന്നു മഞ്ഞളാം കുഴി അലി. ബിസിനസ്, സിനിമ, രാഷ്ട്രീയം. ഇങ്ങനെ പല മേഖലകളിൽ കൈവെച്ചു മാക് അലിയെന്ന മഞ്ഞളാം കുഴിഅലി. ഒരു തിരഞ്ഞെടുപ്പുകാലത്തിലേക്ക് കൂടെ കേരളം പോവുമ്പോൾ മഞ്ഞളാംകുഴി അലി തന്റെ രാഷ്ട്രീയ കാലം മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ്.
ഒരുകാലത്ത് വി.എസിന്റെ വലംകൈ ഇടതുപക്ഷത്തിന്റെ തുരുപ്പ് ചീട്ട്. പക്ഷെ വി.എസിനെ പിന്തുണച്ചുവെന്നതിന്റെ പേരിൽ താങ്കൾക്ക് ഇടതുപക്ഷം വിടേണ്ടി വന്ന് ലീഗിലെത്തി. എങ്ങനെയായിരുന്നു വി.എസുമായുള്ള ബന്ധം?
സത്യം പറഞ്ഞാൽ വി.എസ് അച്യുതാനന്ദൻ എന്ന വ്യക്തിയെ ആദ്യ കാലത്ത് എനിക്ക് വെറുപ്പായിരുന്നു. എൽഡിഎഫിൽ നിന്ന് ഞാൻ മത്സരിക്കുമ്പോൾ എനിക്കുവേണ്ടി പ്രസംഗിക്കാൻ വന്നപ്പോൾ പോലും ഞാനവിടെ പോവുകയോ അദ്ദേഹത്തെ കാണുകയോ ചെയ്തിരുന്നില്ല. അദ്ദേഹം ഒരു മുസ്ലീം വിരോധിയാണെന്ന തോന്നലായിരുന്നു ആദ്യമുണ്ടായിരുന്നത്. എന്നാൽ ആ തെറ്റിദ്ധാരണയെല്ലാം മാറ്റുന്നതായിരുന്നു പിന്നീട് ആദ്ദേഹവുമായുള്ള ബന്ധം.
ഞാൻ ജയിച്ചു കഴിഞ്ഞ ശേഷം അസംബ്ലിയിൽ എത്തിയപ്പോഴും വി.എസിനെ കാണുമ്പോൾ ഞാൻ മാറി നിന്നിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ പതിവ് ശൈലിയിൽ എന്നോട് പറഞ്ഞു ഞാൻ താങ്കളെ കാണാൻ അങ്ങോട്ടു വന്നു പക്ഷെ കണ്ടില്ലാ എന്ന്. അന്നാണ് ഞാൻ വി.എസുമായി ആദ്യമായി സംസാരിക്കുന്നത്. പിന്നീടങ്ങോട്ട് ഞാനുമായി നല്ല ബന്ധമായിരുന്നു. മലപ്പുറം ജില്ലയിൽ എപ്പോൾ വരുമ്പോഴും ഗസ്റ്റ് ഹൗസിലോ മറ്റോ താമസിക്കുന്നതിന് പകരം നേരെ എന്റെ വീട്ടിലേക്കാണ് എത്തുക. ഒരു മുസ്ലീം വിരുദ്ധനാണെന്ന എന്റെ തെറ്റിദ്ധാരണ അപ്പാടെ മാറ്റിക്കളയുന്നതായിരുന്നു ഞാനുമായി പിന്നീടിങ്ങോട്ടുള്ള സൗഹൃദം. എങ്കിലും അദ്ദേഹം പലപ്പോഴും പല കാര്യങ്ങളും പറയുന്നത് തെറ്റാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപക്ഷെ അദ്ദേഹത്തിന്റെ കുഴപ്പമല്ല. കൂടെ നിൽക്കുന്നവരുടെ മാനസികാവസ്ഥയുടെ ഫലമായിരുന്നു. ഒരുകാലത്തും അഴിമതിയുടേയോ സ്വജനപക്ഷപാതത്തിന്റെയോ ഭാഗമായിരുന്നില്ല വി.എസ്.
ഇതേ വി.എസും പിണറായിയും തമ്മിലുള്ള പ്രശ്‌നത്തിന്റെ
ഭാഗമായിട്ടായിരുന്നില്ലേ താങ്കൾ പാർട്ടി വിട്ടുപോന്നത്?
അങ്ങനെ പറയാം. വി.എസിനോടുള്ള ബന്ധം തന്നെയായിരുന്നു അന്ന് പുറത്തുപോരാനുള്ള പ്രധാനപ്പെട്ട കാരണം. എന്നെപറ്റി നേതാക്കൻമാരൊക്കെ മോശമായി സംസാരിക്കാനും ഇകഴ്ത്തിക്കാട്ടാനുമൊക്കെ തുടങ്ങിയപ്പോൾ ഇങ്ങനെ മുന്നോട്ടുപോവാൻ പറ്റില്ല എന്ന തോന്നലുണ്ടായി. ഇക്കാര്യം ഞാൻ അന്ന് വി.എസിനോട് തന്നെ പറഞ്ഞിരുന്നു. ഞാൻ പോവുകയാണെന്നും ഇനിയും തുടരാൻ പറ്റില്ലെന്നും പറഞ്ഞപ്പോൾ അദ്ദേഹം എതിർപ്പൊന്നും പറഞ്ഞില്ല. താങ്കളുടെ യുക്തിപോലെ ചെയ്യൂവെന്നാണ് എനിക്ക് കിട്ടിയ മറുപടി. പാർട്ടിക്കുള്ളിൽ ഞാൻ സഹിക്കുന്നത് വി.എസ് കണ്ടിട്ടുണ്ടാവും അതുകൊണ്ടായിരിക്കും ഒന്നും പറയാതിരുന്നത്. വി.എസ് പിണറായി ഗ്രൂപ്പായിട്ടൊക്കെ വലിയ മത്സരം നടക്കുന്ന കാലമാണ്. ഞാനൊരു പാർട്ടി അംഗംപോലുമായിരുന്നില്ല. അവരുടെ ഒരു രാഷ്ട്രീയ കാര്യത്തിലും ഇടപെട്ടിരുന്നുമില്ല. ഞാൻ ആകെചെയ്തത് വി.എസിനോടുള്ള ബഹുമാനവും സ്‌നേഹവും കൊണ്ട് ബന്ധം സൂക്ഷിച്ചു, മലപ്പുറത്തെത്തുമ്പോൾ 24 മണിക്കൂറും കൂടെ നിന്നു, ഈ വീട്ടിൽ താമസിപ്പിക്കുകയും ചെയ്തു.
മലപ്പുറത്തെ ചുവപ്പിച്ച് ആദ്യ സ്വതന്ത്ര പരീക്ഷണത്തിൽ വിജയം കണ്ട ആളാണ് അലി. അതിന് ശേഷം പലരും വന്നു. ഇനിയും ഒരു സ്വതന്ത്ര പരീക്ഷണത്തിനുള്ള സാധ്യതയുണ്ടോ?
അതെല്ലാം ഓരോ പാർട്ടിക്കാർ തീരുമാനിക്കുന്ന കാര്യമാണ്. എന്റെ കാര്യം പറയുമ്പോൾ ഞാനും എന്റെ കുടുംബവും പണ്ടുമുതലേ ഒരു ഇടത് ചിന്താഗതിക്കാരായ കുടുംബമായിരുന്നു. എന്നാൽ മറ്റുള്ളവരൊന്നും അങ്ങനെ ആയിരുന്നില്ല. പല പാർട്ടികളിൽ നിന്ന് വന്നവരോ മറ്റോ ആയിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ബഹുമാനവും ബന്ധവും എനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് ആരുമായും തർക്കത്തിനോ മറ്റോ പോവേണ്ടി വന്നില്ല. അത് ഒരു പക്ഷെ ഗുണകരമായിട്ടുണ്ടാവാം.
തുടക്കത്തിലേ എന്റെ എതിരാളികൾ ശക്തന്മാരായിരുന്നു. രണ്ട് തവണ കെ.പി.എ മജീദ്, പിന്നെ എം.കെ മുനീർ. പക്ഷെ പാർട്ടിക്കപ്പുറം ജനങ്ങളായിരുന്നു അന്ന് എന്റെ കൂടെയുണ്ടായിരുന്നത്. സാധാരണക്കാരായ സ്ഥിരമായി യുഡിഎഫിന് വോട്ട് ചെയ്യുന്ന പാവപ്പെട്ട വോട്ടർമാരാണ് അന്ന് എന്നെ ജയിപ്പിച്ചത്. അവർ ജയിപ്പിക്കുമെന്നും അറിയാമായിരുന്നു. ആ ഒരു മനസ്സോടു കൂടെ തന്നെയാണ് മത്സര രംഗത്തിറങ്ങിയിരുന്നതും. ആദ്യ മത്സരത്തിൽ തോൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അപ്പോഴും ഞാൻ ജനങ്ങളോട് പറഞ്ഞത് തോറ്റാലും ജയിച്ചാലും ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാവുമെന്നാണ്. ഈ ആത്മവിശ്വാസത്തിലായിരുന്നു രണ്ടാമതും മത്സരത്തിനിറങ്ങിയത്.
ഞാനന്ന് ലീഗിനെതിരെയോ നേതാക്കന്മാർക്കെതിരേയൊ ഒന്നും പറഞ്ഞിരുന്നില്ല. കാരണം എൽഡിഎഫിൽ നിൽക്കുമ്പോൾ തന്നെ പ്രധാന യുഡിഎഫ് നേതാക്കൻമാരൊടൊക്കെ എനിക്ക് വലിയ ബന്ധങ്ങളുണ്ടായിരുന്നു. പ്രധാനമായും പാണക്കാട് തങ്ങളുമായൊക്കെ.
വി.എസുമായി ബന്ധം കാത്ത് സൂക്ഷിച്ചതിന്റ പേരിൽ ഞാൻ എൽഡിഎഫിൽ വലിയ അധിക്ഷേപം നേരിടുന്ന കാലത്ത്, അന്ന് മഞ്ചേരി എം.എൽ.എ ആയിരുന്ന എം.ഉമ്മർ ആണ് എന്തിനാണ് ഇത്രയും അധിക്ഷേപം നേരിട്ട് അവിടെ നിൽക്കുന്നതെന്നും ലീഗിലേക്ക് പോരാനും ആദ്യമായി ആവശ്യപ്പെട്ടത്. ഇതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയോടും മറ്റും സംസാരിക്കുന്നത്. പിന്നെ അഹമ്മദ് സാഹിബിനോടും മറ്റുമൊക്കെ സംസാരിച്ച ശേഷമാണ് ലീഗിലേക്ക് വരുന്നത്.
രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം താങ്കളൊരു സിനിമാക്കാരൻകൂടിയായിരുന്നു എന്ന കാര്യം പുതിയ തലമുറിയിൽ പെട്ടവർക്കൊന്നും അത്ര അറിയാവുന്ന കാര്യമല്ല. അമരം, ദി കിംഗ്, അഭിഭാഷകന്റ കേസ് ഡയറി,ധ്വനി പോലുള്ള സിനിമകൊളൊക്കെ നിർമിച്ചു.ഇതിനിടയ്ക്ക് ഒരു സിനിമയിലും മുഖം കാണിച്ചു, എങ്ങനെയാണ് സിനിമയിലേക്കുള്ള കടന്ന് വരവ്?
രാഷ്ട്രീയത്തിലേക്ക് വന്നപോലെ തന്നെ സിനിമയിലേക്കും എത്തുന്നത് അപ്രതീക്ഷിതമായാണ്. പഴയ സിനിമാ സംവിധായകൻ എടി അലി എന്റെ സുഹൃത്തായിരുന്നു. പുള്ളിയാണ് ആദ്യമായി സിനിമ എന്ന ആശയവുമായി എന്റെ മുന്നിലേക്ക് വരുന്നത്.പക്ഷെ എന്റെ കുടുംബം വളരെ ഓർത്തഡൊക്‌സ് നിലപാടുകാരായിരുന്നു. അതുകൊണ്ടു തന്നെ ഉമ്മയൊന്നും സമ്മതിക്കില്ലെന്ന് ഉറപ്പുമായിരുന്നു. എന്നാൽ അന്ന് വീട്ടിൽ ഉമ്മ ഹജ്ജിന് പോയ സമയത്താണ് എടി അബു ധ്വനിയുമായി എന്റെ അടുത്ത് വന്നത്. എനിക്ക് നേരത്തെ തന്നെ കലയോട് വലിയ താൽപര്യമുള്ളത് കൊണ്ട് ഉമ്മ ഇല്ലാത്ത തക്കം നോക്കി ഒരു സിനിമയുമായി മാത്രം സഹകരിക്കാൻ തീരുമാനിച്ചു.
ഉമ്മ ഹജ്ജിന് പോയാൽ സഹോദരങ്ങളുടെ അടുത്തൊക്കെ താമസിച്ച് രണ്ട് മൂന്ന് മാസം കഴിഞ്ഞാണ് തിരിച്ചുവരിക. ഈ കാലയളവിനിടയിൽ സിനിമ തീർക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ സിനിമ തുടങ്ങി പൂർത്തിയായെങ്കിലും വിതരണത്തിന് അധികമാരും മുന്നോട്ട് വന്നില്ല. അങ്ങനെ ഒരു വിതരണ കമ്പനിയും തുടങ്ങി. പിന്നെയാണ് മനസ്സിലാവുന്നത് ഒരു സിനിമകൊണ്ട് മാത്രം കമ്പനി മുന്നോട്ട് പോവില്ലെന്നും കുറെ സിനിമ വേണമെന്നും. അങ്ങനെ പതിയെ പതിയെ ഇതിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. അതിന്റെ ഇടയ്ക്ക് ഒരു സിനിമയിൽ ചെറുതായി അഭിനയിക്കാനുള്ള സാഹചര്യവും ഒത്തുവന്നു.
രാധാമാധവം എന്നായിരുന്നു സിനിമയുടെ പേര്. ഷൂട്ടിങ് ഊട്ടിയിൽ നടക്കുകയാണ്. ഇന്നസെന്റുമായി ചേർന്നുള്ളതാണ് സീൻ. ഈ സീനിൽ അഭിനയിക്കേണ്ട നടൻ തിരുവനന്തപുരത്ത് നിന്ന് വരേണ്ടതുണ്ടായിരുന്നു. ഷൂട്ടിനായി സെറ്റും ആളുകളും എല്ലാം തയ്യാറായി. അപ്പോഴാണ് ഒരു ഫോൺ കോൺ വരുന്നത്. തനിക്ക് കോയമ്പത്തൂർ ഇറങ്ങാൻ പറ്റിയില്ലെന്നും ഉറങ്ങിപ്പോയെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞായിരുന്നു ഫോൺ. ഇതോടെയാണ് ചിത്രത്തിന്റെ തിരക്കഥാ കൃത്ത് ലോഹിതദാസ് ഈ സീനിലേക്ക് അഭിനയിക്കാമോ എന്ന് ചോദിച്ചത്. അന്നും ചെയ്യണ്ട വെറുതെ നിന്നുകൊടുത്താൽ മതിയെന്നായിരുന്നു പറഞ്ഞത്. എന്നാൽ ആ സീൻ കുറച്ചങ്ങ് നീണ്ടു. എന്നെ കൊണ്ട് കുറെ ഡയലോഗുകളൊക്കെ ഇന്നസെന്റ് പറയിപ്പിച്ചു. അതായിരുന്നു എന്റെ ആദ്യത്തേയും അവസാനത്തേയും സിനിമാ അഭിനയം.
പിന്നെ കുറെ സിനിമകളുടെ ഭാഗമാകാനായി. രണ്ടുംകൂടി മുന്നോട്ട് കൊണ്ടുപോവാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ സിനിമ വിട്ടു രാഷ്ട്രീയം മാത്രമായി. എങ്കിലും കൂടുതൽ സംതൃപ്തി നൽകിയത് രാഷ്ട്രീയം തന്നെയാണ്. കുറേപ്പേർക്ക് തന്നെകൊണ്ട് പറ്റാവുന്നതൊക്കെ ചെയ്തു കൊടുക്കാൻ കഴിഞ്ഞു എന്ന് ആലോചിക്കുമ്പോൽ വലിയ സമാധാനം.
മഞ്ഞളാം കുഴി അലിയെ പറ്റി പറയുമ്പോൾ രാഷ്ട്രീയ കേരളം എന്നും ഓർക്കുന്ന കാര്യം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനമാണ്. വലിയ വിവാദമുണ്ടായി. ബിജെപി ഹർത്താൽ വരെ ആചരിച്ചു. എങ്ങനെയാണ് ആ കാലത്തെ ഓർക്കുന്നത്?
വല്ലാത്ത ദുഃഖവും സങ്കടവും തോന്നിയിരുന്നു. ഞാൻ ഒരിക്കലും ഒരു മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് നിർബന്ധിച്ച് അവരുടെ കൂടെ നിന്നിട്ടുണ്ടായിരുന്നില്ല. മന്ത്രിയാക്കാത്തത് കൊണ്ട് ഒരാളോടും ഞാൻ പരാതി പറഞ്ഞിരുന്നുമില്ല. പക്ഷെ തങ്ങൾ പ്രഖ്യാപിച്ചതാണ്. അപ്പോൾ സ്വാഭാവികമായി ലഭിക്കുമെന്ന അവസ്ഥ വന്നതോടെ അതിനെതിരേ ഘടക കക്ഷികൾ തന്നെ മോശമായി സംസാരിച്ചു. അത് വല്ലാതെ വിഷമിപ്പിച്ചു. പിന്നെ തങ്ങളൊക്കെ ഇടപെട്ടത് കൊണ്ട് സ്ഥാനം ഏറ്റെടുത്തത്. തങ്ങൾ പറഞ്ഞത് കൊണ്ട് കിട്ടുമെന്ന് ഉറപ്പായിരുന്നു. പക്ഷെ കിട്ടിയ ആ വഴി കഠിനമായിരുന്നു. അഞ്ചാം മന്ത്രി എന്നൊക്കെ പറഞ്ഞ് നശിപ്പിച്ച് കൈയിൽ തന്നു. എന്ത് വിഷയമുണ്ടാകുമ്പോഴും ഇപ്പൊഴും അന്നത്തെ കാര്യങ്ങൾ എതിരാളികൾ പറയുന്നുണ്ട്. സത്യത്തിൽ കണക്കെടുത്ത് പരിശോധിക്കുമ്പോൾ മുസ്‌ലിം ലീഗിന് അഞ്ചും ആറും ഏഴും മന്ത്രിമാരെ കിട്ടേണ്ടതാണ്. പക്ഷെ മുസ്ലീം കൂടുതൽ വരും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി നിൽക്കുന്നതുകൊണ്ടാവും ലഭിക്കാത്തത്, എനിക്കറിയില്ല. മുസ്ലീം ലീഗ് എന്നത് എല്ലാവരുടേയും പാർട്ടിയാണ്. അത് മുസ്ലീങ്ങളുടെ മാത്രമല്ല. അപ്പോൾ കൊടുക്കാതാരിക്കാൻ വേണ്ടി മാത്രം ഓരോന്ന് പറയുന്നതാവും.
അതിന് ശേഷം മാധ്യമങ്ങളും കേരള രാഷ്ട്രീയവും പറയുന്നത് മഞ്ഞളാംകുഴി അലി ലക്കി അലി ആയെന്നാണ്?
ഞാനെങ്ങനെയാണ് ലക്കി അലിയാവുന്നത്. യുഡിഎഫ് എന്ന സംവിധാനം വന്നശേഷം ആദ്യമായി ലീഗിനെ മലപ്പുറം ജില്ലയിൽ പരാജയപ്പെടുത്തുന്നത് ഞാനാണ്. അക്കാലത്ത് 72 സീറ്റാണ് യുഡിഎഫിന് ലഭിച്ചത്. അതിൽ മങ്കടയും പെരിന്തൽമണ്ണയുമുണ്ടായിരുന്നു. മങ്കട മാത്രം 25000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അതിനിർണായകമായിരുന്നു ഈ രണ്ട് സീറ്റും. അത് ജയിച്ചില്ലായിരുന്നുവെങ്കിൽ അന്ന് യുഡിഎഫിന് ഭരണമില്ല. ഒരുപക്ഷെ അതുകൊണ്ടായിരിക്കും ലക്കി അലി എന്നൊക്കെ പറയുന്നത്.എന്നാൽ മങ്കടയും പെരിന്തൽമണ്ണയും യുഡിഎഫിന് കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് യുഡിഎഫിന് ഭരണം കിട്ടിയത് എന്നത് സത്യമാണ്.
ഇനി വർത്തമാനകാല രാഷ്ട്രീയത്തിലേക്ക് വരാം. നൂറ് സീറ്റാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ ആകെ 41 സീറ്റ് മാത്രമേ യുഡിഎഫിനുണ്ടായിരുന്നുള്ളൂ. നൂറ് സീറ്റിലേക്ക് എത്താനുള്ള ഏതെങ്കിലും ഒരു സാധ്യതയുണ്ടോ?
110 സീറ്റ് കിട്ടുമെന്നാണ് ഞാനൊക്കെ വിശ്വസിക്കുന്നത്. കേരളത്തിലെ ജനങ്ങളിൽ എല്ലാവർക്കും കക്ഷി രാഷ്ട്രീയമൊക്കെ ഉണ്ടെങ്കിലും അപ്പോഴത്തെ ഒരു രാഷ്ട്രീയ സാഹചര്യം വെച്ചാണ് വോട്ട് ചെയ്യുന്നത്. ഈ സർക്കാരിനോട് ഇന്ന് ജനങ്ങൾക്ക് വല്ലാത്ത വെറുപ്പുണ്ട്. ഏത് മേഖലയാണ് നല്ല രീതിയിൽ നടക്കുന്നത്. പേരുകേട്ട ഒരു വികസന കാര്യങ്ങൾ എടുത്തുപറയാനുണ്ടോ. നേതാക്കന്മാരുടെ ധാർഷ്ട്യം മറ്റൊരു കാര്യമാണ്. സി.പി.എം പോലുള്ള ഒരു പാർട്ടിക്ക് ഒരിക്കലും പറ്റാത്ത തരത്തിലുള്ള ധാർഷ്ട്യവും അഹങ്കാരവുമാണ് നേതാക്കന്മാർക്ക്. ഇത് ജനങ്ങൾ അംഗീകരിക്കില്ല. ഇങ്ങനെയാണോ പഴയകാലത്ത് സി.പി.എം നേതാക്കന്മാർ. ഇവരൊക്കെ വലിയ രാജാക്കൻമാർ മറ്റുള്ളവരൊക്കെ വെറും അടിമകൾ എന്നതല്ലേ ഇപ്പോഴത്തെ നിലപാട്. സി.പി.എം എന്ന പാർട്ടി നിലനിൽക്കണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ നേരെ മറിച്ചാണ് സംഭവിക്കുന്നത്.
താങ്കൾ പറഞ്ഞപോലെ 110 സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മഞ്ഞളാം കുഴി അലിയും അതിന്റെ ഭാഗമാവുമോ?
അതൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. എല്ലാം പാർട്ടി നേതൃത്വമാണ് തീരുമാനിക്കുന്നത്. ഞാൻ മത്സരിക്കുമോ എന്നുപോലും അറിയില്ല. ഒരു നിർദേശവും പാർട്ടിയും പാർട്ടിയുടെ മുന്നിലേക്ക് ഞാനും വെച്ചിട്ടില്ല. ഞാൻ അഞ്ചും തവണ മത്സരിച്ചില്ലേ. ഇനി ചെറുപ്പക്കാർ വരണമെന്നാണ് ആഗ്രഹം. മൂന്ന് തവണ മത്സരിച്ചവർ മത്സരിക്കേണ്ടെന്ന ഒരു തീരുമാനം ഞങ്ങളുടെ പാർട്ടിയിൽ തന്നെയുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ അത് പ്രവർത്തികമായില്ലേ? അത് നിയമസഭയിലേക്കും കൊണ്ടുവരുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. തീരുമാനം എന്തായാലും പാർട്ടി പറഞ്ഞാൽ അത് അംഗീകരിക്കും.
Content Highlights: Manjalamkuzhi Ali, a prominent leader, shares insights on his political journey, cinema career, and the `fifth minister` controversy. Read his exclusive interview.
Published: 15 Jan 2026, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented