മാനന്തവാടി (വയനാട്): വയനാട് ഗവ. മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വെട്ടിലായി യു.ഡി.എഫ്. മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർഥി ഉഷാ വിജയൻ. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ മെഡിക്കൽ കോളേജ് മാനന്തവാടിയിൽത്തന്നെ നിലനിർത്തുമോ അതോ മടക്കിമലയിലേക്ക് പോകുന്ന സാഹചര്യമുണ്ടാകുമോ എന്ന ചോദ്യത്തിന് അത് ആലോചിച്ച് ചെയ്യുന്ന സംഭവമാണെന്ന് പ്രതികരിച്ചു.

To advertise here,

ഇവിടെയാണെങ്കിലും അവിടെയാണെങ്കിലും മെഡിക്കൽ കോളേജ് ജില്ലയ്ക്ക് വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. അതിനനുസരിച്ച സംവിധാനത്തിലേക്ക് യു.ഡി.എഫ്. വന്നാൽ നീങ്ങുമെന്നും പറഞ്ഞ സ്ഥാനാർഥി മാനന്തവാടിയിൽത്തന്നെ നിലനിർത്തുമെന്നു പറഞ്ഞില്ല.

യു.ഡി.എഫ്. സ്ഥാനാർഥിയുടെ അഭിമുഖം പ്രചാരണായുധമാക്കി എൽ.ഡി.എഫ്. പ്രവർത്തകരും അനുഭാവികളും ഇറങ്ങിയതോടെ നിലപാട് തിരുത്തി സ്ഥാനാർഥിയും യു.ഡി.എഫ്. നേതാക്കളും രംഗത്തെത്തി.

മെഡിക്കൽ കോളേജ് മാനന്തവാടിയിൽത്തന്നെ നിലനിർത്തുമെന്നും എൽ.ഡി.എഫ്. നാലുവോട്ടിനുവേണ്ടി വിഭാഗീയത സൃഷ്ടിക്കുകയുമാണെന്നാണ് ഉഷാ വിജയൻ പത്രസമ്മേളനം വിളിച്ച് വ്യക്തമാക്കിയത്.

മെഡിക്കൽ കോളേജ് മാനന്തവാടി അമ്പുകുത്തിയിൽത്തന്നെ സ്ഥാപിക്കുമെന്നുപറഞ്ഞ് വോട്ടർമാരെ കാണുന്ന എൽ.ഡി.എഫ്. സ്ഥാനാർഥി കഴിഞ്ഞ പത്തുവർഷം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിഷയത്തിൽ നടപ്പാക്കിയ വികസനങ്ങൾ എടുത്തുപറയുന്നു. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. അധ്യയനം തുടങ്ങാനായതും നഴ്‌സിങ് കോളേജിൽ നേരത്തേ അധ്യയനം തുടങ്ങിയതും സി.ടി. സ്കാൻ ഉൾപ്പെടെയുള്ള ആധുനികയന്ത്രങ്ങൾ എത്തിച്ചതുമുൾപ്പെടെയുള്ള കാര്യങ്ങൾ അവതരിപ്പിച്ചാണ് എൽ.ഡി.എഫ്. വോട്ടർമാരെ സമീപിക്കുന്നത്.