മലപ്പുറം: മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സീൽ ചെയ്തു സൂക്ഷിച്ച സ്‌ട്രോങ് റൂമുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് ജില്ലാ ഇലക്ഷൻ ഓഫീസറായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു.

To advertise here,

വോട്ടെടുപ്പിൽ ഉപയോഗിച്ച എല്ലാ വോട്ടിങ് യന്ത്രങ്ങളും പോളിങ് പൂർത്തിയായ ശേഷം അതേദിവസം തന്നെ സീൽ ചെയ്തു അതത് മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൂർണ്ണമായ വീഡിയോഗ്രഫി, സിസിടിവി സംവിധാനങ്ങളോട് കൂടി സീൽ ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര സായുധ സേന ഉൾപ്പെടെയുള്ള ത്രിതല സുരക്ഷാ സംവിധാനത്തോടെയാണ് പ്രസ്തുത വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത്.

വോട്ടെടുപ്പിന് ഉപയോഗിക്കാത്ത റിസർവ് വോട്ടിങ് യന്ത്രങ്ങളാണ് ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ ചട്ടപ്രകാരം അറിയിച്ച ശേഷം ജില്ലാതല ഇവിഎം വെയർ ഹൗസിലേക്ക് മാറ്റാറുള്ളത്. ഇത് എല്ലാ തെരഞ്ഞെടുപ്പുകളിലും സ്വീകരിക്കുന്ന നിയമാനുസൃതമായ പ്രക്രിയയാണ്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കൃത്യവും ലിഖിതവുമായ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ഇതുൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് നടപടികളും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രതിനിധികളെയും സ്ഥാനാർഥികളെയും അറിയിക്കാതെ വോട്ടിങ് മെഷീനുകൾ സംബന്ധിച്ചതോ പൊതുവായതോ ആയ ഒരു ഇലക്ഷൻ നടപടിയും സ്വീകരിക്കാറില്ല. ഇതിന് വിരുദ്ധമായി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു

നേരത്തെ, മലപ്പുറം ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതായി ആരോപിച്ച് യുഡിഎഫ് രംഗത്തെത്തിയിരുന്നു. സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയതായി യുഎഡിഎഫ് ജില്ലാ ചെയർമാൻ കെ.പി.അബ്ദുൽ മജീദ് ആണ് ആരോപണം ഉന്നയിച്ചത്. കളക്ടർക്കെതിരെ നടപടിയെടുക്കണമെന്നും യുഡിഎഫ് ചെയർമാൻ ആവശ്യപ്പെട്ടിരുന്നു. വോട്ടെണ്ണുന്ന ദിനത്തിൽ മാത്രമാണ് സ്ട്രോങ് തുറക്കാനാകുക. യാതൊരു ചട്ടവും പാലിക്കാതെയാണ് കളക്ടർ സ്ട്രോങ് റൂം പരിശോധിക്കാൻ നിർദേശം നൽകിയതെന്നും യുഡിഎഫ് ചെയർമാൻ ആരോപിച്ചിരുന്നു.