കൂത്തുപറമ്പ്: കെ.പി.മോഹനനോ പി.കെ.പ്രവീണോ? കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിനായി ഇത്തവണ ആര് കളത്തിലിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിലെത്തിനിൽക്കെ രാഷ്ട്രീയകോണുകളിൽനിന്ന് ഉയരുന്ന പ്രധാന സംശയമാണിത്. ഘടകകക്ഷിയായ ആർ.ജെ.ഡി.ക്ക് സീറ്റ് നൽകാൻ ഏകദേശ ധാരണയായെങ്കിലും സിറ്റിങ് എം.എൽ.എ. കെ.പി.മോഹനൻ ഡബിൾ ഹാട്രിക് മത്സരത്തിനിറങ്ങുമോ അതോ മോഹനന്റെ ജ്യേഷ്ഠപുത്രനും മണ്ഡലത്തിൽ നിറസാന്നിധ്യവുമായ പി.കെ.പ്രവീണിനെ രംഗത്തിറക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ശക്തമായ മത്സരം നടത്തി മണ്ഡലം പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങാനാണ് യു.ഡി.എഫ്. നേതൃത്വം പ്രവർത്തകർക്ക് നിർദേശം നൽകിയത്.
കഴിഞ്ഞതവണ ലീഗിന് നൽകിയ മണ്ഡലം മികച്ച സ്ഥാനാർഥിയെ നിർത്തി തിരിച്ചെടുക്കണമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുമുണ്ട്. അല്ലെങ്കിൽ ശക്തനായ ഒരു സ്ഥാനാർഥിയെ ലീഗ് കണ്ടെത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു. കെ.പി.മോഹനൻ തുടർച്ചയായി അഞ്ചുതവണയാണ് നിയമസഭയിൽ മത്സരിച്ചത്. നേരത്തേ പെരിങ്ങളം മണ്ഡലത്തിൽനിന്ന് രണ്ടുതവണയും കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് രണ്ടുതവണയുമായി നാലുപ്രാവശ്യം എം.എൽ.എ.യായപ്പോൾ യു.ഡി.എഫിന്റെ ഭാഗമായിരുന്ന 2015-ൽ കെ.കെ.ശൈലജയോട് പരാജയമേൽക്കേണ്ടിയുംവന്നു. ഒരുതവണ മന്ത്രിയുമായി.
ഇത്തവണ കെ.പി.മോഹനൻ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്നുള്ള ആവശ്യം ആർ.ജെ.ഡി.യിൽ ശക്തമാണ്. ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.പ്രവീണിനെ മത്സരത്തിനിറക്കണമെന്നാണ് പാർട്ടിയിലെ പ്രബലവിഭാഗം ആവശ്യപ്പെടുന്നത്. കഴിഞ്ഞ സംസ്ഥാനസമിതി യോഗത്തിൽ ഈ ആവശ്യം ഒരുവിഭാഗം നേതൃത്വത്തോട് ഉന്നയിച്ചിട്ടുണ്ട്. അതേസമയം മുൻപ് മട്ടന്നൂരിൽ ഇ.പി.ജയരാജനെതിരേ മത്സരിച്ച സംസ്ഥാന സെക്രട്ടറി കെ.പി.പ്രശാന്തിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഇത്തവണയും ലീഗിനാണ് മണ്ഡലം നൽകുന്നതെങ്കിൽ കഴിഞ്ഞതവണ ജനവിധി തേടിയ സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയെ വീണ്ടും സ്ഥാനാർഥിയാക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നു. അതേസമയം പ്രവാസി വ്യവസായിയും ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ സൈനുൽ ആബിദീന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, ഇത്തവണ ജില്ലാപഞ്ചായത്തിലേക്കെത്തിയ സി.കെ.മുഹമ്മദലി, എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.നജാഫ് എന്നിവരും പരിഗണനയിലുണ്ട്.
വോട്ട് ശതമാനം പടിപടിയായി ഉയർത്തുന്ന ബി.ജെ.പി. ഇത്തവണയും ശക്തമായ മത്സരത്തിനായി മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയും നിലവിൽ രാജ്യസഭാ എം.പി.യായ സി.സദാനന്ദനായിരുന്നു ബി.ജെ.പി. സ്ഥാനാർഥി. ബി.ജെ.പി. മുൻ ജില്ലാ അധ്യക്ഷൻ പി.സത്യപ്രകാശിനാണ് ഇക്കുറി പ്രഥമ പരിഗണന. സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴിയും സ്ഥാനാർഥിയാകാൻ സാധ്യതയേറെയാണ്. മൂന്നുതവണ മട്ടന്നൂർ മണ്ഡലത്തിൽ ബിജു ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു. നിലവിൽ ജനറൽ സെക്രട്ടറിയായ ജി.ഷിജിലാലിന്റെ പേരും പരിഗണനയിലുണ്ട്.
2021-ലെ തിരഞ്ഞെടുപ്പിൽ 9,541 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.പി.മോഹനൻ വിജയിച്ചത്. മോഹനന് 70,626 വോട്ട് ലഭിച്ചപ്പോൾ ലീഗിലെ പൊട്ടങ്കണ്ടി അബ്ദുള്ളയ്ക്ക് 61,085 വോട്ടും ബി.ജെ.പി.യിലെ സി.സദാനന്ദന് 21,212 വോട്ടും ലഭിച്ചു. കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് കൂത്തുപറമ്പ് നിയമസഭാമണ്ഡലം. ഇതിൽ പാനൂർ നഗരസഭയും തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുമൊഴികെ എൽ.ഡി.എഫാണ് ഭരിക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ 38000-ത്തോളം വോട്ടിന്റെ ലീഡ് എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ട്.
Content Highlights: kuthuparamba assembly election ldf udf candidates
Published: 26 Feb 2026, 02:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented