കൊച്ചി: കുന്നത്തുനാട് മണ്ഡലം ഇക്കുറി ശ്രദ്ധ പിടിച്ചുപറ്റുന്നത് ട്വന്റി 20-യുടെ എൻ.ഡി.എ. പ്രവേശത്തിലൂടെയാണ്. കേരളത്തിൽ ബദൽ രാഷ്ട്രീയം അവതരിപ്പിച്ച് രംഗത്തുവന്ന ട്വന്റി 20 മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോൾ അവരുടെ തട്ടകമായ കുന്നത്തുനാട്ടിൽ അതെങ്ങനെ പ്രതിഫലിക്കുമെന്നാണ് കാണാനുള്ളത്.

To advertise here,

ട്വന്റി 20 ആദ്യം മൂന്നുമുന്നണികൾക്കും എതിരായിരുന്നു. അവിടെനിന്നാണ് അവർ ബി.ജെ.പി. കൂടാരത്തിലേക്ക് കയറിയത്. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം അവരുടെ അണികളെത്തന്നെ ഞെട്ടിച്ചുകൊണ്ടാണ് പാർട്ടി എൻ.ഡി.എ. മുന്നണിയിൽ ചേരുന്നതായുള്ള പ്രഖ്യാപനം വന്നത്. ഇത് ട്വന്റി 20 അണികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

ക്രൈസ്തവ, മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടുകൾ എവിടേക്കുപോകുമെന്ന് അറിയാൻ തിരഞ്ഞെടുപ്പുകഴിയണം. സംവരണമണ്ഡലമായ ഇവിടെ മണ്ഡലത്തിൽനിന്ന് ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ ട്വന്റി 20-ക്ക് സാധിച്ചില്ല. എന്നാൽ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായപ്പോൾ അത് മുതലെടുത്ത് ഒറ്റരാത്രികൊണ്ട് അടൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാൻ ബാബുദിവാകരനെ കുന്നത്തുനാട് കൊണ്ടുവന്ന് സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ സാധിച്ചത് ട്വന്റി 20-യുടെ പ്രധാന രാഷ്ട്രീയനീക്കമായിരുന്നു.‌

ബാബുദിവാകരനുവേണ്ടി ശക്തമായ പ്രവർത്തനം ട്വന്റി 20 നടത്തുന്നുണ്ട്. ട്വന്റി 20-ക്ക് തങ്ങളുടെ ശക്തികേന്ദ്രത്തിൽ ജയിച്ചുകാട്ടേണ്ടത് അനിവാര്യമാണ്. ബി.ജെ.പി.യുടെ വോട്ടുകൾകൂടി ചേരുമ്പോൾ ചെറിയ മാർജിനിലാണെങ്കിലും ജയസാധ്യത പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

സി.പി.എമ്മിനും കുന്നത്തുനാട് സീറ്റ് നിലനിർത്തേണ്ടത് അനിവാര്യമാണ്. ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബുമായി നേരിട്ട് ഏറ്റുമുട്ടിയത് സി.പി.എമ്മാണ്. അതിരൂക്ഷമായാണ് സംസ്ഥാന സർക്കാരിനെയും കുന്നത്തുനാട് എം.എൽ.എ. പി.വി. ശ്രിനിജിനെയും സാബു വിമർശിച്ചിരുന്നത്. ശ്രീനിജിനെ പ്രഖ്യാപിതശത്രുവായാണ് ട്വന്റി 20 കണ്ടിരുന്നത്. ട്വന്റി 20-ക്കെതിരേ ശക്തമായ നിലപാടുകൾ എടുത്ത ആളാണ് ശ്രീനിജിനും. തിരഞ്ഞെടുപ്പിൽ ശ്രീനിജിനെ തോൽപ്പിക്കേണ്ടത് ട്വന്റി 20 യുടെയും ട്വന്റി 20-യെ പരാജയപ്പെടുത്തി സീറ്റ് നിലനിർത്തേണ്ടത് സി.പി.എമ്മിന്റെയും അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്.

കുന്നത്തുനാട് ഇക്കുറി സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. ട്വന്റി 20-യുടെ എൻ.ഡി.എ. പ്രവേശനം തങ്ങൾക്ക് ഗുണകരമാവുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. പാർട്ടി എൻ.ഡി.എ.യിൽ ചേർന്നത് അണികളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും അതെല്ലാം യു.ഡി.എഫിന് അനുകൂലമായി ചിന്തിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുമെന്നുമാണ് മുന്നണി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരാജയങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ടാണ് വി.പി. സജീന്ദ്രൻ രംഗത്തിറങ്ങിയിട്ടുള്ളത്. ജനശ്രദ്ധ നേടിയ നേതാവാണ് സജീന്ദ്രൻ. കുന്നത്തുനാട് സീറ്റിനുവേണ്ടി കോൺഗ്രസിൽ ആരും അവകാശവാദമുന്നയിക്കാൻ ഇല്ലാത്തതിനാൽ സജീന്ദ്രന് നേരത്തേതന്നെ പ്രവർത്തനങ്ങൾ തുടങ്ങാനും സാധിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20-യും യു.ഡി.എഫും എതാണ്ട് തുല്യശക്തികളായിനിന്ന് പോരാടുന്നതാണ് കുന്നത്തുനാട്ടിൽ കണ്ടത്. നാലുപഞ്ചായത്തുകളിൽ യു.ഡി.എഫും നാലിടത്ത് ട്വന്റി 20-യുമാണ് ഭരണം. ചില പഞ്ചായത്തുകളിൽ പരസ്പര സഹകരണത്തിന്റെ പാത തുറന്നതും കാണാം. സി.പി.എമ്മിനെയും കോൺഗ്രസിനെയും ഇടവിട്ട് അധികാരത്തിലേറ്റുന്ന ശൈലിയാണ് കുന്നത്തുനാട് മണ്ഡലത്തിലുള്ളത്. ഇക്കുറി അതിനിടയിലേക്ക് ട്വന്റി 20 വാശിയോടെ ഇറങ്ങുമ്പോൾ ഫലം പ്രവചനാതീതമാവുകയാണ്.

കുന്നത്തുനാട്ടിൽനിന്ന് സഭയിലെത്തിയവർ

  • 1965-കെ.കെ. മാധവൻ ‍(കോൺ.)
  • 1967-എം.കെ. കൃഷ്ണൻ ‍(സി.പി.എം.)
  • 1970-ടി.എ. പരമൻ ‍(ആർ.എസ്.പി.)
  • 1977-പി.പി. എസ്‌തോസ് (സി.പി.എം.)
  • 1980-പി.പി. എസ്‌തോസ് (സി.പി.എം.)
  • 1982-ടി.എച്ച്. മുസ്തഫ (കോൺ.)
  • 1987-ടി.എച്ച്. മുസ്തഫ (കോൺ.)
  • 1991-ടി.എച്ച്. മുസ്തഫ (കോൺ.)
  • 1996-എം.പി. വർഗീസ് (സി.പി.എം.)
  • 2001-ടി.എച്ച്. മുസ്തഫ (കോൺ.)
  • 2006-എം.എം. മോനായി (സി.പി.എം.)
  • 2011-വി.പി. സജീന്ദ്രൻ ‍(കോൺ.)
  • 2016-വി.പി. സജീന്ദ്രൻ ‍(കോൺ.)
  • 2021-പി.വി. ശ്രീനിജിൻ ‍(സി.പി.എം.)

മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ

  • ഐക്കരനാട്-ട്വന്റി 20
  • കുന്നത്തുനാട്-യു.ഡി.എഫ്.
  • കിഴക്കമ്പലം-ട്വന്റി 20
  • മഴുവന്നൂർ-യു.ഡി.എഫ്.
  • പൂത്തൃക്ക-ട്വന്റി 20
  • വാഴക്കുളം-യു.ഡി.എഫ്.
  • തിരുവാണിയൂർ -ട്വന്റി 20
  • വടവുകോട്-പുത്തൻകുരിശ്-യു.ഡി.എഫ്.

ആകെ വോട്ട്-1,87,787

പുരുഷന്മാർ-91,687

സ്ത്രീകൾ-96,098

ട്രാൻസ്ജെൻഡർ-2