കോഴിക്കോട്: പെട്ടിതുറക്കാൻ ഇനി പത്തുനാൾ ബാക്കിയാകുമ്പോൾ കാത്തിരിപ്പിന് എരിവ് പകർന്ന വിവാദങ്ങൾ ആർക്ക് തുണയാകുമെന്ന് ഉറ്റുനോക്കുകയാണ് കോഴിക്കോട്ടെ രാഷ്ട്രീയ നേതൃത്വം. പൊതുവെ ശാന്തമായ തിരഞ്ഞെടുപ്പാണ് നടന്നുപോയതെങ്കിലും നിലയ്ക്കാത്ത വിവാദങ്ങളായിരുന്നു ഏപ്രിൽ ഒമ്പതിന് ശേഷമുള്ള ദിവസങ്ങളിൽ കോഴിക്കോടിനെ ശ്രദ്ധേയമാക്കിയത്. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് മെഷീൻ സൂക്ഷിച്ച കേന്ദ്രത്തിന് സമീപത്തെ മെറ്റീരിയൽ റൂം തുറക്കലും വിഷയം ഹൈക്കോടതി വരെ എത്തിയിരിക്കുന്നതും.

To advertise here,

തിരഞ്ഞെടുപ്പ് കാലത്തു തന്നെ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹലിയക്കെതിരെ വന്ന 'ഖൗമിലെ കുട്ടി' അനൗൺസ്മെന്റ് വിവാദത്തിൽ പേരമ്പ്ര മണ്ഡലം ഏറെ ചർച്ചയായിരുന്നു. ഇതിൽ സിപിഎം പ്രതിരോധത്തിലുമായിരുന്നു. ഇതേ പേരമ്പ്ര മണ്ഡലത്തിലെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് സമീപത്തെ മെറ്റീരിയൽ റൂം തുറന്നതായിരുന്നു തിരഞ്ഞെടുപ്പിന് ശേഷമുള്ള വിവാദം. ഇതിലാണ് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ, കോഴിക്കോട് കളക്ടർ എന്നിവർക്കെതിരെ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയിൽനിന്നും മാറ്റി നിർത്തി നടപടി സ്വീകരിക്കണമെന്നും അടിയന്തര പ്രാധാന്യം പരിഗണിച്ച് അവധിക്കാല ബെഞ്ച് ഹർജി പരിഗണിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിന് പുറമെയാണ് ഡീൽ ആരോപണവും വന്നിരിക്കുന്നത്. വടകര, നാദാപുരം മണ്ഡലങ്ങളിൽ കോൺഗ്രസ്- ബിജെപി ഡീൽ നടന്നെന്ന ആരോപണം ഉന്നയിച്ച് കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു.എന്നാൽ ഇത് പരാജയം മണത്തുള്ള ജാമ്യമെടുക്കലാണ് എന്നാണ് എതിരാളികൾ പറയുന്നത്.

നാദാപുരം, വടകര മണ്ഡലത്തിൽ വിമത നീക്കം നടത്തിയെന്ന് ആരോപിച്ച് ബിജെപി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ഏഴ് പേരെ പുറത്താക്കിയിരുന്നു. പുറത്താക്കിയവർ വടകര നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണന്റെ കോലം കത്തിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദൻ മണ്ഡലങ്ങളിൽ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചുവെന്ന ആരോപണം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് ഫലം കൂടുതൽ തെളിവ് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണത്തെ യുഡിഎഫും ബിജെപിയും തള്ളുന്നുണ്ട്.

ന്യൂനപക്ഷ വോട്ടുകൾ ഏറെ നിർണായകമായ നാദാപുരം, കുറ്റ്യാടി, വടകര പേരാമ്പ്ര മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷയാണ് ഇത്തവണ യുഡിഎഫിന്. നാദാപുരം പിടിച്ചെടുക്കാമെന്ന്‌ ഉറപ്പിക്കുമ്പോഴും തരംഗം ഉണ്ടായാൽ കുറ്റ്യാടിക്ക് പുറമെ പേരാമ്പ്രയും തങ്ങളിലേക്ക് എത്തുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. വടകര നിലനിർത്തുമെന്നും വിലയിരുത്തലുണ്ട്. സാഹചര്യം ഇങ്ങനെയാണെന്നിരിക്കെ ഒരു മുൻകൂട്ടിയുള്ള ജാമ്യമെടുക്കലാണ് എം.വി. ഗോവിന്ദന്റെ കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനമെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നത്.

ജില്ലയിൽ ഏതാനും സീറ്റുകൾ കൈവിട്ടുപോകുമെന്ന് എൽഡിഎഫ് സമ്മതിക്കുന്നുണ്ട്. എങ്കിലും പേരാമ്പ്ര, കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, തിരുവമ്പാടി, എലത്തൂർ,ബേപ്പൂർ മണ്ഡലങ്ങൾ അവർ ഉറപ്പിക്കുന്നു. മുന്നണികളുടെ ജില്ലാ യോഗങ്ങളുടെ വിലയിരുത്തലും അങ്ങനെയാണ്. നിലവിൽ ആകെയുള്ള 13 മണ്ഡലങ്ങളിൽ രണ്ട് സീറ്റ് മാത്രമാണ് യുഡിഎഫിനുള്ളത്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി കോൺഗ്രസിന് ജില്ലയിൽ നിന്ന് ഒരു എം.എൽ.എ പോലുമില്ല. ഇത് ഇത്തവണ മറികടക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. സീറ്റെണ്ണം പറയുന്നില്ലെങ്കിലും വലിയ നേട്ടമുണ്ടാക്കുമെന്ന് എൻഡിഎയും പറയുന്നു.

വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിൽ

മെയ് നാലിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിൽ ഒരുക്കുന്നത് വിപുലമായ സംവിധാനങ്ങളാണ്. ജില്ലയിലെ 13 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായാണ് നടക്കുക.

വടകര, കുറ്റ്യാടി, നാദാപുരം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ മടപ്പള്ളി ഗവ. കോളേജിലും കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലേത് കൂടത്തായി സെന്റ് മേരീസ് എച്ച്.എസ്.എസിലും പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂർ മണ്ഡലങ്ങളിലേത് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം എന്നിവിടങ്ങളിലുമായി നടക്കും.

രാവിലെ ആറ് മണിയോടെ സ്ട്രോങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കും. തപാൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ് റൂമാണ് ആദ്യം തുറക്കുക. എട്ടു മണിയോടെ പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ എണ്ണൽ 8.30നാണ് ആരംഭിക്കുക.