കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറാണെന്ന് ഏറക്കുറെ ഉറപ്പിച്ച മട്ടാണ്. പ്രചാരണപ്രവർത്തനങ്ങൾക്കു മുന്നോടിയായി പ്രവീൺകുമാർ പ്രവർത്തകരെ നേരിൽക്കണ്ട് ആശയവിനിമയം നടത്തുന്നുമുണ്ട്. കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉയർന്നുവന്നിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് അദ്ദേഹം പാർട്ടിനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

To advertise here,

യുഡിഎഫിൽനിന്ന് മണിമംഗലത്ത് കുട്ട്യാലിയും എം.ടി. പത്മയും വിജയിച്ച ഇവിടെ, സിപിഎം സ്ഥാനാർഥികൾ വിജയിച്ചുതുടങ്ങിയത് പി. വിശ്വനിലൂടെയാണ്. പിന്നീട് ഒരുവട്ടം പി. വിശ്വനെ കോൺഗ്രസിലെ പി. ശങ്കരൻ പരാജയപ്പെടുത്തി മണ്ഡലം യുഡിഎഫ് പക്ഷത്ത് എത്തിച്ചു. എന്നാൽ, പിന്നീട് പി. വിശ്വൻ, കെ. ദാസൻ, കാനത്തിൽ ജമീല എന്നിവരിലൂടെ എൽഡിഎഫ് മണ്ഡലം കുത്തകയാക്കി. എങ്കിലും, യുഡിഎഫിനും എൽഡിഎഫിനും സ്വാധീനമുള്ള മണ്ഡലമാണിത്.

കാലാകാലങ്ങളായി സിപിഎം മത്സരിക്കുന്ന ഇവിടെ അവരുടെ സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞതവണ വിജയിച്ച കാനത്തിൽ ജമീലയുടെ മരണത്തോടെ ഇവിടെ നിലവിൽ എംഎൽഎ ഇല്ലാത്ത സ്ഥിതിയാണ്. മുൻ എംഎൽഎ കെ. ദാസനോട് മണ്ഡലത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സിപിഎം നിർദേശിച്ചിട്ടുണ്ട്. മണ്ഡലത്തിൽനിന്ന് പുറത്തുനിന്നുള്ളവരെ സ്ഥാനാർഥിയായി പരിഗണിക്കുന്നില്ലെങ്കിൽ കെ. ദാസനെത്തന്നെ പാർട്ടി പരിഗണിച്ചേക്കാം. 2011-ലും 2016-ലും കെ. ദാസൻ കൊയിലാണ്ടിയിൽനിന്ന്‌ എംഎൽഎയായി വിജയിച്ചിരുന്നു. അതിനുമുൻപ് രണ്ടുപ്രാവശ്യം കൊയിലാണ്ടി നഗരസഭാ ചെയർമാനുമായിരുന്നു.

ദാസന് നറുക്കുവീണില്ലെങ്കിൽ ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്റും സിപിഎം സംസ്ഥാനകമ്മിറ്റിയംഗവുമായ വി. വസീഫ്, കെ.പി. അനിൽകുമാർ എന്നിവരുടെ പേരുകൾ ഉയർന്നുവരും. കൊയിലാണ്ടി മണ്ഡലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വസീഫിനെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതയേറെയാണ്. മുക്കം സ്വദേശിയാണ് വസീഫ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ കഴിഞ്ഞതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽ യുഡിഎഫിന് മുൻതൂക്കമുള്ളതിനാൽ ഡിവൈഎഫ്ഐയുടെ പ്രധാന നേതാവിനെ ഇവിടെ പരീക്ഷിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. കെപിസിസി ജനറൽ സെക്രട്ടറിയായിരിക്കെ കോൺഗ്രസിൽനിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന കെ.പി. അനിൽകുമാറിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. കെ.പി. അനിൽകുമാറിന് കോഴിക്കോട് നോർത്തിലോ കൊയിലാണ്ടിയിലോ സീറ്റ് നൽകാൻ സാധ്യതയുണ്ട്. അനിൽകുമാർ 2011-ൽ കൊയിലാണ്ടിയിൽനിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

അതിനിടെ വടകര സീറ്റ് ആർജെഡിയിൽനിന്ന് വാങ്ങി പകരം കൊയിലാണ്ടി അവർക്ക് നൽകുക എന്ന തരത്തിലുള്ള ചർച്ചകളും എൽഡിഎഫിൽ നടക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന്‌ നിയമസഭാ തിരഞ്ഞെടുപ്പിലും കൊയിലാണ്ടി മണ്ഡലത്തിൽനിന്ന്‌ പുറത്തുള്ളവരെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. ബിജെപി സംസ്ഥാനവക്താവ് ടി.പി. ജയചന്ദ്രൻ, കെ. രജനീഷ് ബാബു, എൻ.പി. രാധാകൃഷ്ണൻ എന്നിവരെയാണ് സ്ഥാനാർഥികളാക്കിയത്. ഇത്തവണ മണ്ഡലത്തിൽനിന്നുള്ളവരെത്തന്നെ പരിഗണിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഉയരുന്നുണ്ട്.

ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് വി. സത്യൻ, വി.കെ. ജയൻ, നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ആർ. ജയ്‌കിഷ്, മണ്ഡലം പ്രസിഡന്റ് കെ.കെ. വൈശാഖ് എന്നിവരെ പരിഗണിച്ചേക്കും. ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി ശശി കമ്മട്ടേരി, ബിജെപി നോർത്ത് ജില്ലാപ്രസിഡന്റ് സി.ആർ. പ്രഫുൽകൃഷ്ണൻ എന്നിവരും ആലോചനാ പട്ടികയിലുണ്ടാവും.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാനത്തിൽ ജമീല പരാജയപ്പെടുത്തിയത്. അതിനുശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ കൊയിലാണ്ടി മണ്ഡലത്തിൽനിന്ന് ഇരുപതിനായിരത്തിലധികം വോട്ടിന്റെ മുൻതൂക്കം നേടിയിരുന്നു. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 7067 വോട്ടിന്റെ ലീഡാണ് യുഡിഎഫിനുള്ളത്.

കൊയിലാണ്ടി മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേമഞ്ചേരി, ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ഭരണം നേടാനായതും മൂടാടിയിൽ ഒപ്പത്തിനൊപ്പമെത്തിയതും കൊയിലാണ്ടി നഗരസഭയിൽ വൻമുന്നേറ്റം നടത്താനായതും യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.