പതിറ്റാണ്ടുകൾ ആർ. ബാലകൃഷ്ണപിള്ളയ്ക്കൊപ്പം നിന്ന മണ്ഡലത്തെ, 2006-ൽ പിടിച്ചെടുത്ത് ചെങ്കൊടി നാട്ടിയ അയിഷാ പോറ്റി കൈപ്പത്തി ചിഹ്നത്തിലും കഴിഞ്ഞതവണ കൈപ്പത്തി ചിഹ്നത്തിൽ ബാലഗോപാലിനെ എതിരിട്ട ആർ. രശ്മി താമര ചിഹ്നത്തിലും ബാലഗോപാലിനെ നേരിടാനെത്തിയതാണ് ഇത്തവണ കൊട്ടാരക്കരയെ ശ്രദ്ധേയമാക്കുന്നത്.

To advertise here,

2006-ൽ അയിഷാപോറ്റി നിയമസഭയിലേക്കു വിജയിക്കുമ്പോൾ കൊട്ടാരക്കരയിൽ പിള്ള യുഗത്തിനു തിരശീല വീഴുകയായിരുന്നു. തുടർച്ചയായ മൂന്നുടേം അയിഷാപോറ്റി മണ്ഡലം നിലനിർത്തി. 2021-ൽ കെ.എൻ. ബാലഗോപാൽ പതിനായിരത്തിലധികം വോട്ടുകൾക്ക് ജയിച്ചാണ് നിയമസഭയിലേക്ക് എത്തുന്നത്. കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ സംസ്ഥാനം നീങ്ങിയപ്പോൾ കാർകശ്യക്കാരനായ ധനമന്ത്രി എന്ന നിലയിൽ അദ്ദേഹം ശോഭിച്ചു. അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് ഇടതുമുന്നണിയുടെ പ്രചാരണായുധം. വിവാദ വിഷയങ്ങളിലേക്കൊന്നും കടക്കാതെയാണ് അവർ പ്രചാരണ രംഗത്ത് നിൽക്കുന്നത്. കൊട്ടാരക്കര ഐ.ടി. പാർക്ക്, വർക്ക് നിയർ ഹോം, ഡ്രോൺ പാർക്ക്, സോഹോ കാമ്പസ്, ഗവ.നഴ്‌സിങ് കോളേജ്, ബൈപ്പാസ് നിർമാണ പദ്ധതി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണിയുടെ പ്രചാരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ഇടതുമുന്നണിക്കുണ്ടായ തിളക്കം അവർക്ക് ആത്മവിശ്വാസമേകുന്നു.

എൽ.ഡി.എഫ്. പ്രചാരണങ്ങളെ അയിഷാപോറ്റിയുടെ ജനപ്രീതി കൊണ്ടു വെട്ടുക എന്നതാണ് യു.ഡി.എഫിന്റെ പ്രചാരണതന്ത്രം. അയിഷാപോറ്റി എം.എൽ.എ. ആയിരുന്ന 15 വർഷം കൊട്ടാരക്കരയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളാണ് പ്രധാനമായും പ്രതിരോധം. കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനും ഫയർ സ്റ്റേഷനും അനുവദിച്ചതും റൂറൽ എസ്.പി. ആസ്ഥാനവുമെല്ലാം യു.ഡി.എഫ്. ചൂണ്ടിക്കാട്ടുന്നുണ്ട്. 2016-ൽ മണ്ഡലത്തിൽ 55 ശതമാനം വരെ വോട്ടു നേടിയിട്ടുള്ള അയിഷാപോറ്റിയുടെ സ്വീകാര്യത വൻ തോതിൽ ഇടതുവോട്ടുകൾ പെട്ടിയിലെത്തിക്കുമെന്നും സർക്കാർ വിരുദ്ധവികാരം കൂടിയാകുമ്പോൾ മണ്ഡലത്തിൽ വീണ്ടും ത്രിവർണക്കൊടി ഉയരുമെന്നുമാണ് യു.ഡി.എഫ്. ക്യാമ്പിലെ പ്രതീക്ഷ.

കരുത്തുറ്റ പോരാട്ടത്തിനിറങ്ങുന്ന എൻ.ഡി.എ.യുടെ തുറുപ്പ് സ്ഥാനാർഥി ആർ. രശ്മി തന്നെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച 21,000 വോട്ടിൽനിന്ന്‌ വലിയ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അയിഷാപോറ്റിയെപ്പോലെത്തന്നെ രശ്മിക്കുള്ള ജനസ്വീകാര്യതയും തദ്ദേശ തിരഞ്ഞെടുപ്പിൽ നെടുവത്തൂർ പഞ്ചായത്തിൽ ഭരണം നേടിയതുൾപ്പടെയുള്ള നേട്ടങ്ങളും മണ്ഡലത്തിൽ എൻ.ഡി.എ.യ്ക്കുള്ള സ്വാധീനം വർധിപ്പിച്ചിട്ടുണ്ട്. എൻ.ഡി.എ.ക്കു ലഭിക്കുന്ന വോട്ടുകൾ നിർണായകമാണ്.