കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുമ്പോൾ കോതമംഗലം സീറ്റ് ഏറ്റെടുക്കണണെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നു. തുടർച്ചയായി കേരള കോൺഗ്രസ് തോൽക്കുന്ന സാഹചര്യത്തിൽ സീറ്റ് ഏറ്റെടുത്ത് മത്സരിച്ചാൽ വിജയസാധ്യതയുണ്ടെന്നാണ് കോൺഗ്രസിലെ പൊതുവികാരം. കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ ഉയർന്നത്. ഷിബു തെക്കുംപുറത്തിനെ വീണ്ടും മത്സരിപ്പിക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഒരുങ്ങുന്നതിനിടെയാണ് കോൺഗ്രസിൽ സീറ്റിനായി ആവശ്യം ശക്തമാകുന്നത്.

To advertise here,

കോതമംഗലം, തങ്കളം, നെല്ലിക്കുഴി, കോളേജ് ജംഗ്ഷൻ, പള്ളിത്താഴം എന്നിവിടങ്ങളിലാണ് സേവ് കോൺഗ്രസിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കോതമംഗലം സീറ്റ് കോൺഗ്രസിന് അവകാശപ്പെട്ടത്, വട്ടിപ്പലിശക്കാരൻ കോതമംഗലത്തിന് വേണ്ട, കൈപ്പത്തി വരട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് നഗരത്തിലെമ്പാടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും സീറ്റിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

2006ൽ എൽ ഡി എഫിനൊപ്പമായിരിക്കുമ്പോഴാണ് ജോസഫ് ഗ്രൂപ്പ് ടി യു കുരുവിളയെ കോതമംഗലത്ത് മത്സരിപ്പിക്കുന്നതും ജയിക്കുന്നതും. പിന്നീട് 2011ൽ യു ഡി എഫിലേക്ക് തിരിച്ചെത്തിയ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് സിറ്റിംഗ് സീറ്റ് എന്ന നിലയിൽ കോതമംഗലം വിട്ടു കൊടുക്കുകയായിരുന്നു. എന്നാൽ 2016 ൽ എൽഡിഎഫിലെ ആന്റണി ജോൺ ടിയു കുരുവിളയെ തോൽപ്പിക്കുകയും കോതമംഗലം പിടിച്ചെടുക്കുകയുമായിരുന്നു. 2021-ൽ ആന്റണി ജോണും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. ഷിബു തെക്കുംപുറവും പരാജയപ്പെട്ടതോടെയാണ് വിജയസാധ്യത പരിഗണിച്ച് സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുന്നത്.