കൊച്ചി: മണ്ഡലം മാറി. പക്ഷേ എതിരാളി മാറിയില്ല. ഇക്കുറി തൃപ്പൂണിത്തുറ മണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫിന്റെ കെ.എൻ. ഉണ്ണിക്കൃഷ്ണനും യുഡിഎഫിന്റെ ദീപക് ജോയിയും നേർക്കുനേർ എത്തുന്നത് ഇത് രണ്ടാംവട്ടം.

To advertise here,

മുൻപ് 2021-ൽ വൈപ്പിൻ മണ്ഡലത്തിലും ഇവർ തന്നെയായിരുന്നു എതിരാളികൾ. ട്വന്റി 20-യുടെ ജോബ് ചക്കാലയ്ക്കലും ബിജെപിയുടെ കെ.എസ്. ഷൈജുവുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്ന മറ്റ് സ്ഥാനാർഥികൾ. അന്ന് എട്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഉണ്ണിക്കൃഷ്ണൻ ജയിച്ചു.

എന്നാൽ ഇത്തവണ, വൈപ്പിനിലെ സിറ്റിങ് എംഎൽഎയായ ഉണ്ണിക്കൃഷ്ണനെ തൃപ്പൂണിത്തുറയിലേക്ക് മാറ്റാൻ സിപിഎം നിശ്ചയിക്കുകയായിരുന്നു. എം.ബി. ഷൈനിയെ വൈപ്പിനിൽ സ്ഥാനാർഥിയാക്കുകയും ചെയ്തു. യുഡിഎഫിൽ കോൺഗ്രസ് മത്സരിക്കുന്ന തൃപ്പൂണിത്തുറയിലേക്ക് ദീപക് ജോയിയുമെത്തി. സിറ്റിങ് എം.എൽ.എയായ കെ.ബാബു പിന്മാറിയ സാഹചര്യത്തിൽ അദ്ദേഹം നിർദേശിച്ചത് ദീപക് ജോയിയെയായിരുന്നു. ഇതോടെ അഞ്ചുകൊല്ലം മുൻപ് വൈപ്പിനിൽ ഏറ്റുമുട്ടിയവർ ഇക്കുറി തൃപ്പൂണിത്തുറയിൽ കൊമ്പുകോർക്കും.