കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പാർട്ടിനേതൃത്വത്തോടുള്ള നീരസത്തോടെയാണെങ്കിലും മത്സരിക്കാനെത്തുമ്പോൾ പേരാവൂർ, സംസ്ഥാനത്ത് ഗ്ലാമർ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളുടെ മുൻനിരയിലേക്ക്. കെ.പി.സി.സി. അധ്യക്ഷനും മൂന്നുതവണ എം.എൽ.എ.യുമായ സണ്ണി ജോസഫ് ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചപ്പോൾത്തന്നെ എതിരാളിയായി കെ.കെ. ശൈലജയെ സി.പി.എം. നിയോഗിക്കുമെന്ന പ്രചാരണവും തുടങ്ങിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ (60,963) ശൈലജ ജയിച്ച മട്ടന്നൂർ ഇത്തവണ അവർക്ക് നൽകില്ലെന്നും പാർട്ടികേന്ദ്രങ്ങൾ ഉറപ്പിച്ചിരുന്നു. പേരാവൂരിലാണെങ്കിൽ തനിക്കുള്ള വിമുഖത ഈ പ്രചാരണത്തിനിടയിൽത്തന്നെ പ്രകടിപ്പിച്ച ശൈലജ, പാർട്ടിതീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണ് മത്സരിക്കാനുള്ള നിർദേശം അംഗീകരിക്കുന്നത്. സെക്രട്ടേറിയറ്റ് യോഗത്തിൽ നീരസംപ്രകടിപ്പിച്ച അവർ കേന്ദ്രനേതൃത്വത്തെയും അതൃപ്തി അറിയിച്ചെന്നാണ് വിവരം.

To advertise here,

കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും കെ.കെ. ശൈലജയും കളത്തിലിറങ്ങുമെന്നുറപ്പായതോടെ പേരാവൂർ മണ്ഡലത്തിൽ ആവേശകരമായ മത്സരത്തിന് അരങ്ങൊരുങ്ങും. മണ്ഡലചരിത്രത്തിലെ ഉയർന്ന ഭൂരിപക്ഷം നേടിയാണ് (9,099) 2006-ൽ ശൈലജ പേരാവൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കലാണ് ശൈലജയെ പാർട്ടിയേൽപ്പിക്കുന്ന ദൗത്യം. 2006-ലെ മണ്ഡലവുമായി ഇപ്പോഴത്തെ പേരാവൂരിന് പേരിൽ മാത്രമാണ് സാമ്യം.

പുനർനിർണയത്തിൽ സി.പി.എമ്മിന് വലിയ മേധാവിത്വമുള്ള മട്ടന്നൂർ നഗരസഭയും കീഴല്ലൂർ, കൂടാളി, തില്ലങ്കേരി പഞ്ചായത്തുകളും മണ്ഡലത്തിൽനിന്ന് മാറി. വടക്കേ വയനാടിന്റെ ഭാഗമായിരുന്ന കേളകവും കൊട്ടിയൂരും കൂത്തുപറമ്പിൽനിന്ന് കണിച്ചാറും പേരാവൂരിന്റെ ഭാഗമായി. മണ്ഡലപുനർനിർണയത്തിനുശേഷം 2011-ലെ ആദ്യ തിരഞ്ഞെടുപ്പിൽ 3,440 വോട്ടിനാണ് കെ.കെ. ശൈലജ, സണ്ണി ജോസഫിനോട് തോറ്റത്. 2016-ൽ 7,889 വോട്ടിനും 2021-ൽ 3,172 വോട്ടിനും സണ്ണി ജോസഫ് വിജയമാവർത്തിച്ചു. 2024-ലെ ലോക്‌സഭാതിരഞ്ഞെടുപ്പിൽ കെ. സുധാകരൻ 23,481 വോട്ടിന്റെ മേൽക്കൈ നേടി. തദ്ദേശതിരഞ്ഞെടുപ്പിൽ 10,230 വോട്ടാണ് യു.ഡി.എഫിന് അധികമുള്ളത്.

ഒൻപത് തദ്ദേശസ്ഥാപനങ്ങളാണ് മണ്ഡലത്തിലുള്ളത്. കേളകം, കണിച്ചാർ, ആറളം, കൊട്ടിയൂർ, അയ്യൻകുന്ന് എന്നിവ യു.ഡി.എഫ്. ഭരണത്തിലാണ്. ഇരിട്ടി നഗരസഭ എൽ.ഡി.എഫാണ് ഭരിക്കുന്നതെങ്കിലും വാർഡ് തിരിച്ചുള്ള വോട്ട് കണക്കിൽ യു.ഡി.എഫാണ് മുന്നിൽ. പേരാവൂർ, മുഴക്കുന്ന്, പായം എന്നിവിടങ്ങളിൽ എൽ.ഡി.എഫ്. ഭരണമാണ്.