തൊടുപുഴ (ഇടുക്കി): ഉടുമ്പൻചോലയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രന്റെ പരാജയം സി.പി.എമ്മിന്റെ പാർട്ടിവേദികളിൽ വരുംദിവസങ്ങളിൽ ചർച്ചയാകും. നിലവിലെ എം.എൽ.എ.യായ എം.എം. മണിയെ മാറ്റിയാണ് ജയചന്ദ്രനെ വീണ്ടും ഉടുമ്പൻചോലയിൽ സ്ഥാനാർഥിയായി അവതരിപ്പിച്ചത്. ഇടതുകോട്ടയായ ഇവിടെ അദ്ദേഹം ജയിച്ചുകയറുമെന്നായിരുന്നു പ്രതീക്ഷ. മൂന്നുതവണ ഇവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടതും ഗുണകരമാകുമെന്ന് കരുതി. പക്ഷേ, പ്രതീക്ഷകൾ അപ്പാടെ തെറ്റി. 20,021 വോട്ടിന്റെ ലീഡുമായി സേനാപതി വേണു ജയിച്ചുകയറി. മണിയെ വെട്ടിയ പാർട്ടിയെ അക്ഷരാർഥത്തിൽ ജനം വെട്ടുകയായിരുന്നു.

To advertise here,

മുൻമന്ത്രിയും സിറ്റിങ് എം.എൽ.എ.യുമായ എം.എം. മണിയെ മാറ്റി ജയചന്ദ്രനെ കൊണ്ടുവന്നതാണ് പരാജയത്തിന് പ്രധാന കാരണമായത്. മണ്ഡലത്തിൽ ഇതുവരെ കാണാത്ത വികസനം കൊണ്ടുവന്ന മണിയെ വീണ്ടും മത്സരിപ്പിക്കാനായിരുന്നു ജില്ലാ കമ്മിറ്റിയുടെ താത്പര്യം. മൂന്നുതവണ ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് മണിയുടെ പേരുതന്നെ നിർദേശിച്ചു. എന്നാൽ, സംസ്ഥാനകമ്മിറ്റി ഇത് തിരുത്തിനൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ, സമ്മർദത്തിന് വഴങ്ങി ഓൺലൈനിൽ സെക്രട്ടേറിയറ്റ് യോഗം ചേർന്നാണ് ജയചന്ദ്രന്റെ പേര് പകരം നൽകിയത്. സംസ്ഥാനകമ്മിറ്റി തീരുമാനത്തിൽ ജില്ലാ കമ്മിറ്റിക്ക് കടുത്ത നീരസമുണ്ടായിരുന്നു.

ജയചന്ദ്രന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും, ആരാണ് സ്ഥാനാർഥിയെന്ന് തനിക്കറിയില്ലെന്നായിരുന്നു എം.എം. മണിയുടെ നിലപാട്. മണിയെ മാറ്റിയത് താഴേത്തട്ടിലെ നേതാക്കൾക്കും പ്രവർത്തകർക്കും അത്ര രസിച്ചിരുന്നില്ല. പ്രവർത്തനങ്ങളിലും അത് പ്രതിഫലിച്ചു. പ്രചാരണം നടത്തിയ ഇടങ്ങളിലെല്ലാം ആളില്ലാതിരുന്നതും ചർച്ചയായിരുന്നു. എൽ.ഡി.എഫ്. പഞ്ചായത്തുകളിൽപ്പോലും യു.ഡി.എഫ്. ലീഡെടുത്തു. പാർട്ടിയണികളും മറിച്ച് കുത്തിയെന്നാണ് വിലയിരുത്തുന്നത്. ഇടുക്കിയിലെ ഇടതുരാഷ്ട്രീയത്തിലും വരുംദിവസങ്ങളിൽ ഈ തോൽവി വലിയ ചലനം ഉണ്ടാക്കും.