കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ട് ലക്ഷ്യമിട്ട് മൂന്ന് മുന്നണികളും. തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടിങ് പാറ്റേൺകൂടി പഠിച്ചാണ് നീക്കങ്ങൾ. തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരമ്പരാഗത ഹിന്ദുവോട്ടിൽ കുറവുണ്ടാവുകയും അത് ഐക്യമുന്നണിയിലേക്കും എൻ.ഡി.എ.യിലേക്കും നീങ്ങുകയും ചെയ്തു. നഗരപ്രദേശങ്ങളിൽ ആ ചാഞ്ചാട്ടം ബി.ജെ.പി.യെ മെച്ചമായ പ്രകടനത്തിന് സഹായിച്ചു. ഇടക്കാലത്ത് മുസ്ലിം, ക്രിസ്ത്യൻ വോട്ടുബാങ്കിൽ ഒരുഭാഗം ഇടതുമുന്നണി സ്വന്തമാക്കിയെങ്കിലും തദ്ദേശതിരഞ്ഞെടുപ്പിൽ അത് യു.ഡി.എഫിലേക്ക് മടങ്ങിവന്നു. ബി.ജെ.പി. ഏറെക്കാലമായി നടത്തിവന്ന ക്രിസ്ത്യൻ ഔട്ട് റീച്ച് ചില ജില്ലകളിലൊഴികെ കാര്യമായ ഫലം കണ്ടതുമില്ല.

To advertise here,

കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം സിറോ മലബാർസഭാ ആസ്ഥാനത്തെത്തി മേജർ ആർച്ച് ബിഷപ്പിനെ കണ്ടു. പ്രധാനമന്ത്രി മാർച്ച് ആദ്യം കേരളത്തിൽ വരുമ്പോൾ സഭാനേതാക്കളെ കാണും. കാഞ്ഞിരപ്പള്ളിയിൽ ജോർജ് കുര്യൻ, പൂഞ്ഞാറിൽ പി.സി. ജോർജ്, പാലായിൽ ഷോൺ ജോർജ് എന്നിവർ മത്സരിച്ചാൽ അത് ചലനമുണ്ടാക്കുമെന്ന് പാർട്ടി കരുതുന്നു.

ഉമ്മൻചാണ്ടി യുഗത്തിനുശേഷം യു.ഡി.എഫും സഭകളുമായുള്ള ആശയവിനിമയത്തിന് പോരായ്മ വന്നതായി കോൺഗ്രസ് വിലയിരുത്തിയിരുന്നു. കെ.പി.സി.സി. അധ്യക്ഷതിരഞ്ഞെടുപ്പിൽ സണ്ണി ജോസഫിലേക്ക് തീരുമാനം എത്തിയത് ആ കുറവ് നികത്താനാണ്. പ്രതിപക്ഷനേതാവ് സിനഡിൽ എത്തിയതും ഈ ലക്ഷ്യത്തിലാണ്. ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ വിഷമങ്ങൾ മനസ്സിലാക്കാൻ നിരന്തരം ആശയവിനിമയം ഉണ്ടാകണമെന്ന് പാർട്ടി, നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

എൽ.ഡി.എഫിന് ക്രിസ്ത്യൻമേഖലയിൽ അടിത്തറ നൽകിയത് ജോസ് കെ. മാണി നേതൃത്വംനൽകുന്ന കേരള കോൺഗ്രസ് എമ്മിന്റെ വരവാണ്. ഇത് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇടതു മുന്നണിക്ക് ശക്തി പകർന്നിട്ടുണ്ട്.

ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ടിന് അംഗീകാരം നൽകിയത് ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യംവെച്ചാണ്. പട്ടയം, വന്യജീവി ആക്രമണം, സ്‌കൂൾ നിയമനം തുടങ്ങി 13 വിഷയങ്ങളിൽ ക്രൈസ്തവസമൂഹത്തിന്റെ താത്പര്യം പിണറായിസർക്കാർ പരിഗണിച്ചെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.