തിരുവനന്തപുരം: പതിനാല് ജില്ലകളിലും ശക്തമായ തിരിച്ചടിയാണ് എൽഡിഎഫിനേറ്റത്. ചുവപ്പുകോട്ടകൾ ഭദ്രമെന്ന് കരുതിയിരുന്നിടത്ത് പോലും കണക്കു കൂട്ടലുകൾ പിഴക്കുന്ന കാഴ്ച. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടതുപക്ഷത്തെ ജനം പാടെ കൈയൊഴിഞ്ഞു. കാസർകോട്, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളിൽ എൽഡിഎഫിനെ ഓരോ സീറ്റുകളിൽ ജനം ഒതുക്കി. ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന ഇടത് മന്ത്രിമാരും നേതാക്കളും തോറ്റു.

To advertise here,

ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, പാലായിൽ ജോസ്. കെ. മാണി, ഏറ്റുമാനൂരിൽ മന്ത്രി വി.എൻ. വാസവൻ, ആറന്മുളയിൽ മന്ത്രി വീണാ ജോർജ്, പത്തനാപുരത്ത് മന്ത്രി കെ.ബി. ഗണേഷ് കുമാർ, നേമത്ത് മന്ത്രി വി. ശിവൻകുട്ടി, തിരൂരിൽ മന്ത്രി വി. അബ്ദുറഹിമാൻ, തൃത്താലയിൽ മന്ത്രി എം.ബി. രാജേഷ്, പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണൻ,പേരാവൂരിൽ കെ.കെ.ശൈലജ, തവനൂരിൽ കെ.ടി. ജലീൽ അടക്കമുള്ളവർ തോറ്റു. ആദ്യ അഞ്ചുഘട്ടങ്ങളിലും നേരിട്ട പതർച്ചക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷം പിടിച്ചു ജയിച്ചുവെന്നതും എൽഡിഎഫ് കോട്ടയിൽ ഞെട്ടലുണ്ടാക്കുന്നു. 

കോട്ടയത്ത് ഒമ്പത് മണ്ഡലങ്ങളിൽ ഒമ്പതിടത്തും യുഡിഎഫ് ആണ്. ജോസ് കെ മാണിയടക്കം പരാജയപ്പെട്ടു. കേരള കോൺഗ്രസ്  മാണി വിഭാഗം തുടച്ച്നീക്കപ്പെട്ടു.

കാസർകോട് അഞ്ച് മണ്ഡലങ്ങളിൽ നാലിടത്തും യുഡിഎഫ് ആണ്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫിന് ആശ്വാസമാകുന്നത്. മഞ്ചേശ്വരം, ഉദുമ, കാസർകോട്, തൃക്കരിപ്പൂർ അടക്കമുള്ള മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് യുഡിഎഫ് കാഴ്ചവെക്കുന്നത്. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരോട് എൽഡിഎഫ് സ്ഥാനാർഥി വി.പി.പി. മുസ്തവ പരാജയപ്പെട്ടു. ഉദുമയിൽ സി.എച്ച്. കുഞ്ഞമ്പുവിനും അടിതെറ്റുന്ന കാഴ്ചയാണ്.

തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽഡിഎഫ് ആണ്. കഴക്കൂട്ടത്തും നേമത്തും എൻഡിഎ അക്കൗണ്ട് തുറന്നു. ഏഴിടത്ത് യുഡിഎഫും ജയിച്ചു.

2021ൽ പതിനാലിടത്ത് പതിമൂന്നിലും എൽഡിഎഫ് ആയിരുന്നു. കോവളത്ത് എം. വിൻസന്റ് മാത്രമായിരുന്നു കോൺഗ്രസിന്റെ ആശ്വാസം. എന്നാൽ ഇത്തവണ അത് പാടെ മറിയുന്ന കാഴ്ചയായിരുന്നു.

കൊല്ലത്ത് പതിനൊന്ന് മണ്ഡലങ്ങളിൽ എട്ടിടത്ത് യുഡിഎഫ് ജയിച്ചു. രണ്ടിടത്ത് എൽഡിഎഫും ചാത്തന്നൂരിൽ എൻഡിഎയും ജയിച്ചു. 2021ൽ പതിനാലിൽ ഒമ്പതിടത്ത് എൽഡിഎഫ് ആയിരുന്നു. എന്നാൽ ഇത്തവണ രണ്ടായി കുറഞ്ഞു. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.ബി. ഗണേഷ് കുമാർ അടക്കമുള്ളവർ തോറ്റു. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലും, പുനലൂരിൽ സി. അജയപ്രസാദുമാണ് എൽഡിഎഫിന്റെ ആശ്വാസം.

പത്തനംതിട്ടയിൽ അഞ്ചിടത്ത് നാലിലും യുഡിഎഫ് ആണ്. കോന്നിയിൽ മാത്രമാണ് എൽഡിഎഫിന് ആശ്വാസം. ആറന്മുളയിൽ മന്ത്രി വീണാ ജോർജിനേയും ജനം കൈവിട്ടു.

ആലപ്പുഴയിൽ ഒമ്പതിൽ ആറിടത്തും യുഡിഎഫ് ആണ്. മൂന്നിടത്ത് എൽഡിഎഫ്. ജില്ലയിൽ നിന്ന് എൽഡിഎഫിന് എട്ട് എംഎൽഎമാരുള്ളിടത്ത് നിന്നാണ് വെറും മൂന്നിലേക്ക് ചുരുങ്ങിയത്. മന്ത്രി സജി ചെറിയാൻ ജയിച്ചതാണ് പാർട്ടിക്ക് ആശ്വാസം.

കോട്ടയത്തായിരുന്നു യുഡിഎഫിന്റെ മറ്റൊരു സർജിക്കൽ സ്ട്രൈക്ക്. ഒമ്പതിൽ ഒമ്പത് സീറ്റിലും യുഡിഎഫ് മുമ്പിലാണ്. ആറ് സീറ്റുകളുണ്ടായിരുന്ന ഇടതിന് ഒന്നുപോലും ഇത്തവണ വിജയിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. ജോസ് കെ. മാണിയുടെ കേരളാ കോൺഗ്രസും ഇടതിനൊപ്പം തകരുന്ന കാഴ്ചയാണ് ഈ തിരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചത്.

ഇടുക്കിയിലും സമാനമാണ് സ്ഥിതി. അഞ്ചിൽ അഞ്ചും യുഡിഎഫ് നേടി. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർ വീണു. അഞ്ച് മണ്ഡലങ്ങളിൽ അഞ്ചും എൽഡിഎഫ് ഉണ്ടായിരുന്നിടത്ത് നിന്നാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്.

എൽഡിഎഫിന് ഒരു സീറ്റിൽ പോലും മുന്നേറ്റമുണ്ടാക്കാനാകാത്ത മറ്റൊരു ജില്ലയാണ് എറണാകുളം. പതിനാലിൽ പതിനാലും ഇത്തവണ യുഡിഎഫിനൊപ്പം നിന്നു. പതിനാലിൽ അഞ്ചിടത്ത് 2021ൽ എൽഡിഎഫ് ആയിരുന്നു. എന്നാൽ ഇത്തവണ ആ അഞ്ചും എൽഡിഎഫിനെ കൈവിടുന്ന കാഴ്ചയാണ്. മന്ത്രി പി. രാജീവ് അടക്കമുള്ളവർ തോറ്റു.

തൃശ്ശൂരിൽ പതിമൂന്നിൽ ഒമ്പതിടത്ത് എൽഡിഎഫ് ജയിച്ചു. നാലിടത്ത് യുഡിഎഫും. പതിമൂന്നിൽ പന്ത്രണ്ട് സീറ്റുകളുള്ളിടത്ത് നിന്നാണ് എൽഡിഎഫ് ഒമ്പതിലേക്ക് വീണത്. മന്ത്രി ആർ. ബിന്ദു അടക്കമുള്ളവർ തോറ്റു.

പാലക്കാട് പന്ത്രണ്ടിൽ ഏഴിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ്. മന്ത്രി എം.ബി. രാജേഷ് തോറ്റു. തൃത്താലയിൽ വീണ്ടും വി.ടി. ബൽറാം തിരിച്ചെത്തി. പാലക്കാട് പത്ത് സീറ്റുണ്ടായിരുന്നിടത്ത് നിന്നാണ് എൽഡിഎഫ് ഏഴിലേക്ക് ചുരുങ്ങിയത്.

എൽഡിഎഫിനെ തീർത്തും കൈവിട്ട ജില്ലകളിൽ മറ്റൊന്നാണ് മലപ്പുറം. പതിനാറിൽ പതിനാറും യുഡിഎഫിനൊപ്പം നിന്നു. മന്ത്രി വി. അബ്ദുറഹിമാൻ, കെ.ടി. ജലീൽ അടക്കമുള്ളവർ തോറ്റു.

മലബാർ മേഖലയിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായ ജില്ലകളിൽ മറ്റൊരു ജില്ലയാണ്  കോഴിക്കോട്. 13 മണ്ഡലങ്ങളിൽ പന്ത്രണ്ടും എൽഡിഎഫിനെ തള്ളി. ബേപ്പൂരിൽ മന്ത്രി റിയാസ് മാത്രമാണ് പാർട്ടിയുടെ ഏക ആശ്വാസം.

വയനാടിൽ മൂന്നിൽ മൂന്നും യുഡിഎഫ് നേടി. മന്ത്രി ഒ.ആർ. കേളുവിനും യുഡിഎഫ് തേരോട്ടത്തിന് മുമ്പിൽ അടിപതറുന്ന കാഴ്ചയാണ്.

കണ്ണൂരിൽ പതിനൊന്നിൽ ആറിടത്ത് ആണ് എൽഡിഎഫ്. അഞ്ചിടത്ത് യുഡിഎഫും ജയിച്ചു. ഒമ്പത് എംഎൽഎമാരുണ്ടായിരുന്നിടത്ത് നിന്നാണ് എൽഡിഎഫ് ആറിലേക്ക് ചുരുങ്ങിയത്. തളിപ്പറമ്പിൽ പി.കെ. ശ്യാമള തോറ്റു. മന്ത്രി രാമചന്ദ്രകടന്നപ്പള്ളിയ്ക്കും യുഡിഎഫിന്റെ തേർവാഴ്ചയിൽ നിന്ന് രക്ഷപ്പെടാനായില്ല.

കാസർകോട് അഞ്ചിൽ നാലും യുഡിഎഫ് ആണ്. കാഞ്ഞങ്ങാട് മാത്രമാണ് എൽഡിഎഫിന്റെ ആശ്വാസം. കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളായിരുന്നു എൽഡിഎഫിന്റെ പക്കൽ ഉണ്ടായിരുന്നത്. ഉദുമയിൽ സിഎച്ച് കുഞ്ഞമ്പു തോറ്റു. തൃക്കരിപ്പൂരിൽ വി.പി.പി. മുസ്തഫയും തോറ്റു.