കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളമൊന്നടങ്കം കൈക്കുമ്പിളിലാക്കിയ യുഡിഎഫ് സുനാമിയിൽ ആടിയുലഞ്ഞ്, തകർന്ന് കോഴിക്കോടും കോഴിക്കോട്ടെ ചെങ്കോട്ടകളും. 13 മണ്ഡലങ്ങളിൽ 12 എണ്ണവും സ്വന്തമാക്കിയാണ് യുഡിഎഫ് കഴിഞ്ഞ 15 വർഷത്തെ കണക്ക് തീർത്തത്. എൽഡിഎഫിന് ജയിക്കാനായ ഏക മണ്ഡലം മുഹമ്മദ് റിയാസ് മത്സരിച്ച ബേപ്പൂരായിരുന്നു.

To advertise here,

എന്നും ഇടതിനൊപ്പം നിന്ന ജില്ലയായിരുന്നു കോഴിക്കോട്. ആ കോട്ടയാണ് പൂർവാധികം കരുത്തോടെ യുഡിഎഫ് പിടിച്ചെടുത്തത്. ഏറെക്കാലത്തിനുശേഷം കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ്. വലിയ അട്ടിമറി പ്രതീക്ഷിച്ച തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. 2001-ലാണ് ആറുസീറ്റുകൾ നേടി ഇതിനുമുൻപ് യു.ഡി.എഫ്. മുന്നേറ്റമുണ്ടാക്കിയത്. അന്ന് എൽ.ഡി.എഫിനും ആറു സീറ്റുകളായിരുന്നു. 2006-ൽ യു.ഡി.എഫിന് ഒരു സീറ്റായി കുറഞ്ഞു. 2011-ൽ മൂന്ന് സീറ്റുകളോടെ നില മെച്ചപ്പെടുത്തിയെങ്കിലും പിന്നീടുനടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ്. രണ്ട് സീറ്റിലൊതുങ്ങി.

ഒരു മന്ത്രി, ഒരു മുൻമന്ത്രി, എൽഡിഎഫ് കൺവീനർ എന്നിവരാണ് കോഴിക്കോടുനിന്നും യുഡിഎഫ് മുന്നേറ്റത്തിൽ പരാജയമടഞ്ഞത്. എലത്തൂരിൽ വനംമന്ത്രിയും എൻസിപി നേതാവുമായ എ.കെ. ശശീന്ദ്രൻ കോൺഗ്രസിന്റെ അഡ്വ. വിദ്യാ ബാലകൃഷ്ണനോട് 12,162 വോട്ടിനാണ് തോറ്റത്. സ്ഥിരം മത്സരിച്ചുവന്ന സീറ്റാണ് ഇതോടെ എൻസിപിക്കും ഇടതുപക്ഷത്തിനും നഷ്ടമായത്. മുൻമന്ത്രി അഹമ്മദ് ദോവർകോവിലിനും പരാജയം രുചിക്കാനായിരുന്നു വിധി. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ അഡ്വ. ഫൈസൽ ബാബു 10,795 വോട്ടിനാണ് ജയിച്ചുകയറിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ബിജെപിയുടെ ടി, റനീഷ് 400 വോട്ടിന്റെ ലീഡുയർത്തിയിരുന്നു. ഈ സമയത്ത് അഹമ്മദ് ദേവർകോവിൽ മൂന്നാം സ്ഥാനത്തുമായിരുന്നു. അവിടെനിന്നാണ് ഫൈസൽ ബാബു ലീഡുയർത്തുകയും വിജയിക്കുകയും ചെയ്തത്.

പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയയുടെ മുന്നേറ്റത്തിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പരാജയപ്പെട്ടത് ജില്ലയിലെ ഇടത് നേതൃത്വത്തെ തന്നെ ഞെട്ടിക്കാൻ പോന്നതായിരുന്നു. ഒരു ഘട്ടത്തിൽപ്പോലും യുഡിഎഫ് സ്ഥാനാർത്ഥിക്ക് വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിനായില്ല. അയ്യായിരത്തിലേറെ വോട്ടുകൾക്കായിരുന്നു തഹ്‌ലിയയുടെ വിജയം.

ബാലുശ്ശേരിയിൽ വി.ടി. സൂരജ് (16980), എലത്തൂരിൽ അഡ്വ. വിദ്യ ബാലകൃഷ്ണൻ (12,162), നാദാപുരത്ത് കെ.എം. അഭിജിത്ത് (23,600), കൊയിലാണ്ടിയിൽ അഡ്വ. പ്രവീൺകുമാർ (12,070), വടകരയിൽ കെ.കെ. രമ(14,862) എന്നിവരാണ് ഭൂരിപക്ഷം പതിനായിരം കടന്ന കോൺഗ്രസ് സ്ഥാനാർത്ഥികൾ. കോഴിക്കോട് നോർത്ത് യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ. ജയന്തിനാണ് ജില്ലയിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമുള്ള കോൺഗ്രസ് സ്ഥാനാർത്ഥി. സിപിഎമ്മിന്റെ തോട്ടത്തിൽ രവീന്ദ്രനെ 1483 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ച സ്ഥാനാർത്ഥി മുസ്ലീംലീഗ് ടിക്കറ്റിൽ കൊടുവള്ളിയിൽ മത്സരിച്ച പി.കെ. ഫിറോസാണ്. 36682 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയിച്ചത്. സൗത്തിലെ അഡ്വ. ഫൈസൽ ബാബു (10,795), കുന്ദമംഗലത്തെ എം.എ. റസാഖ് മാസ്റ്റർ (13,313), കുറ്റ്യാടിയിൽ മത്സരിച്ച പാറക്കൽ അബ്ദുള്ള (10,922) എന്നീ മുസ്ലീംലീഗ് സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം പതിനായിരം കടന്നു. തിരുവമ്പാടിയിൽ മുസ്ലീംലീഗ് മത്സരിച്ച സി.കെ. കാസിം 6741 വോട്ടിനാണ് സിറ്റിങ് എ.എൽ.എ ലിന്റോ ജോസഫിനെ പരാജയപ്പെടുത്തിയത്.

കോഴിക്കോട് വിജയിച്ച ഒരേയൊരു ഇടത് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസാണ്. 7487 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം യുഡിഎഫിന്റെ പി.വി. അൻവറിനെ പരാജയപ്പെടുത്തിയത്. ഒൻപത് സീറ്റ് വരെ കോഴിക്കോട്ട്‌ ലഭിക്കുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ അന്തിമഫലം വന്നപ്പോൾ അവരുടെ കണക്കിലും മേലേ പോയി എന്നതാണ് യാഥാർത്ഥ്യം. യുഡിഎഫിന്റെ പ്രത്യേകിച്ച് കോൺഗ്രസിന്റെ 15 വർഷത്തെ കാത്തിരിപ്പിനാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പോടെ അറുതിയായത്.