പിളർന്നും വളർന്നും കേരള കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ എക്കാലത്തും നിർണായക ശക്തിയായിരുന്നു. മുന്നണി മാറ്റങ്ങളും ലയനങ്ങളുമാണ് പലപ്പോഴും കേരള കോൺഗ്രസുകളെ പലതായി മുറിച്ചത്. ഒരു മുന്നണിയിൽനിന്ന് മറ്റൊരു മുന്നണിയിലേക്ക് മാറുന്ന ഘട്ടത്തിലും പാർട്ടികൾ ലയിക്കുമ്പോഴും ഒരു വിഭാഗം എപ്പോഴും എതിർക്കുകയും പുതിയൊരു കേരള കോൺഗ്രസിനെ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പതിവ് ശൈലി. കേരള ചരിത്രത്തിൽ ഇതുവരെ പത്തോളം കേരള കോൺഗ്രസുകളുടെ പിറവി കണ്ടു. ചിലതെല്ലാം അസ്തമിച്ചു അത്തരത്തിൽ 10 വർഷം മുമ്പ് രൂപമെടുത്തതാണ് ജനാധിപത്യ കേരള കേരള കോൺഗ്രസ്.  നിലവിലെ എൽഡിഎഫിലുള്ള നാല് കേരള കോൺഗ്രസുകളിൽ ഒന്ന്‌

To advertise here,

വിരുദ്ധ ചേരിയിലായിരുന്ന പി.ജെ ജോസഫും കെ.എം മാണിയും ലയിക്കാൻ തീരുമാനിച്ചപ്പോൾ അതിൽ വിയോജിച്ച് എൽഡിഎഫിനൊപ്പം തുടരാൻ ജോസഫ് വിഭാഗത്തിലുണ്ടായിരുന്ന ഒരു വിഭാഗം നേതാക്കൾ തീരുമാനിച്ചിടത്താണ്‌ ജനാധിപത്യ കേരള കോൺഗ്രസിന്റെ പിറവി. ഫ്രാൻസിസ് ജോർജ് ചെയർമാനായി രൂപീകരിച്ച പുതിയ പാർട്ടിയുടെ സ്ഥാപക നേതാക്കളാണ് ആന്റണി രാജുവും പി.സി.ജോസഫും കെ.സി.ജോസഫും. പിന്നാലെ 2016 ലെ തിരഞ്ഞെടുപ്പിൽ ഇടുക്കി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, തിരുവനന്തപുരം എന്നീ നാല് സീറ്റുകളാണ് എൽഡിഎഫ് ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ചത്. നാലിടത്തും ആ തിരഞ്ഞെടുപ്പിൽ തോറ്റു. കെ.സി ജോസഫ് ചങ്ങനാശ്ശേരിയിലും ആന്റണി രാജു തിരുവനന്തപുരത്തും ഫ്രാൻസിസ് ജോർജ് ഇടുക്കിയിലും പി.സി ജോസഫ് പൂഞ്ഞാറിലും പരാജയപ്പെട്ടു. മൂന്ന് വർഷം പിന്നിട്ടപ്പോഴേക്കും 2019-ൽ പി.ജെ.ജോസഫിനൊപ്പം തന്നെ ഫ്രാൻസിസ് ജോർജും യുഡിഎഫിലേക്ക്  പോയി.

എന്നാൽ ആന്റണി രാജുവുൾപ്പടെയുള്ള മറ്റുനേതാക്കൾ ഫ്രാൻസിസിനൊപ്പം പോയില്ല. ജനാധിപത്യ കേരള കോൺഗ്രസായി എൽഡിഎഫിനൊപ്പം ഉറച്ച് നിന്നു. കഴിഞ്ഞ തവണ ആകട്ടെ കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ തിരുവനന്തപുരം മാത്രമാണ് പാർട്ടിക്ക് മത്സരിക്കാൻ കിട്ടിയത്. എൽഡിഎഫിനും ആന്റണി രാജുവും ഇത് ഒരുപോലെ ഗുണം ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് തിരുവനന്തപുരം മണ്ഡലം പിടിച്ചെടുത്ത ആന്റണി രാജുവിന് രണ്ടര വർഷക്കാലം മന്ത്രിസ്ഥാനവും ലഭിച്ചു. നിർണായകമായ മറ്റൊരു തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി നിൽക്കുന്നവേളയിലാണ് അപ്രതീക്ഷിതമായി തൊണ്ടി മുതൽ കേസിലെ വിധി വരുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതോടെ മണ്ഡലത്തിൽ എൽഡിഎഫിന്റെ കണക്കുകൂട്ടലും തത്കാലം തെറ്റി. ജനാധിപത്യ കേരള കോൺഗ്രസിന്റെ ഏക എംഎൽഎ ആയിരുന്ന ആന്റണി രാജുവിന്റെ പതനം ആ പാർട്ടിയുടെ ഭാവിയേയും ചോദ്യ ചിഹ്നത്തിലാക്കിയിരിക്കുകയാണ്.

ലത്തീൻ കത്തോലിക്കാ വിഭാഗത്തിന് സ്വാധീനമുള്ളതും തീരദേശത്തെ ജനങ്ങൾ വിധിനിർണയിക്കുന്നതുമായ മണ്ഡലമാണ് തിരുവനന്തപുരം. ആന്റണി രാജു അയോഗ്യനായതോടെ മണ്ഡലം സിപിഎം ഏറ്റെടുക്കാനാണ് സാധ്യത. പാർട്ടിക്ക് അവതരിപ്പിക്കാൻ പകരം അതുപോലൊരു സ്ഥാനാർഥി ഇല്ല. ഈ സാഹചര്യത്തിൽ സിപിഎം സീറ്റ് ഏറ്റെടുക്കാനാണ് എല്ലാ സാധ്യതയും. ബിജെപി പ്രതീക്ഷ വെക്കുന്ന സീറ്റുകളിൽ ഒന്നായതിനാൽ ശക്തനായ സ്ഥാനാർഥിയെ നിർത്താതിരിക്കാൻ പാർട്ടിക്കും ആവില്ല. സാമുദായിക സമവാക്യങ്ങളെല്ലാം ഒത്തുപോകുന്നവിധത്തിൽ പുതിയൊരു സ്ഥാനാർഥിയെ കണ്ടെത്തുക എന്നതാകും സിപിഎം നേരിടുന്ന വെല്ലുവിളി. ഒരു സീറ്റാണെങ്കിൽപോലും അത്തരമൊരു സാമുദായിക പിൻബലമായിരുന്നു ആന്റണി രാജുവിന് എൽഡിഎഫിലുണ്ടായിരുന്ന സ്വാധീനം.

കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രമാണ് ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ചിരുന്നത്. തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കുന്നതോടെ മറ്റൊരു സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിക്കാനുള്ള സാധ്യത വളരെ കുറവാണ്. വെള്ളിയാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിൽ ആന്റണി രാജു പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമാണ്.