കോട്ടയം: മുന്നണിവിടില്ലെന്ന് കേരള കോൺഗ്രസ് എം. വ്യക്തമാക്കിയെങ്കിലും ആ പാർട്ടിക്കുള്ളിലെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്. റോഷി അഗസ്റ്റിനും ജോസ് കെ.മാണിയും പാലാ സീറ്റിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായപ്രകടനം നടത്തിയത് അസാധാരണ സംഭവമായിരിക്കെ മാണി ഗ്രൂപ്പിനുള്ളിൽ ഒരുവിഭാഗത്തിന്റെ മനസ്സ് യു.ഡി.എഫിനൊപ്പമാണെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.

To advertise here,

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ യാത്ര സമാപിച്ചശേഷമാണ് യു.ഡി.എഫിലെ സീറ്റ് ചർച്ചകൾ തുടരുക. മാണി ഗ്രൂപ്പിൽനിന്ന് ഒരുവിഭാഗം യു.ഡി.എഫ്. പക്ഷത്തേക്ക് വരുന്ന വിസ്മയം ഉണ്ടാകുമെന്ന് കരുതുന്ന ചിലരെങ്കിലും കോൺഗ്രസിലുണ്ട്. രണ്ട് എം.എൽ.എ.മാർ ഈ പക്ഷത്ത് ഉണ്ടാകുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

മാണി ഗ്രൂപ്പിനുള്ളിലെ പാലാ സീറ്റുമായി ബന്ധപ്പെട്ട രണ്ടഭിപ്രായം അതിനുള്ളിലെ ഉരുൾപൊട്ടലുകളുടെ തുടക്കമായി കാണുന്നവരുണ്ട്. ജോസ് കെ.മാണി പാലായിൽ മത്സരിക്കും എന്ന് റോഷി നിരന്തരം പറയുന്നത് ജോസിന് മത്സരത്തിൽ ഒഴിഞ്ഞുനിൽക്കാനുള്ള അവസരം ഇല്ലാതാക്കും. രാജ്യസഭാ എം.പി. പദവിയിൽ ഇനിയും ഏറെസമയം ശേഷിക്കേ ജോസിന് ‘റിസ്കെടുത്ത്’ ഒരു മത്സരത്തിന് ഇറങ്ങേണ്ട കാര്യമില്ല. പക്ഷേ, പാലാ കേരള കോൺഗ്രസിനെ സംബന്ധിച്ച് വൈകാരികമായ മണ്ഡലമാണ്. കെ.എം.മാണി അരനൂറ്റാണ്ട് പ്രതിനിധീകരിച്ച മണ്ഡലത്തിൽ കുടുംബത്തിൽനിന്നൊരാൾ മത്സരിക്കണമെന്ന് പാർട്ടിയിൽ ആരെങ്കിലും പരസ്യമായി പറയുന്നതിലും തെറ്റില്ല.

പക്ഷേ, തുടർച്ചയായി പാർട്ടി തോൽവി ഏറ്റുവാങ്ങിയ മണ്ഡലത്തിൽ ജോസ് തന്നെ മത്സരിക്കണമെന്ന്, ആലോചിക്കാൻ സമയം ഏറെ ബാക്കിയുള്ളപ്പോൾതന്നെ ശഠിക്കുന്നത് ജോസിനുമേൽ സമ്മർദ്ദം നൽകും. ജോസ് മത്സരിക്കുന്നില്ലെങ്കിൽ റോഷി അഗസ്റ്റിന് ഇടുക്കിവിട്ട് ഇവിടെവന്ന് മത്സരിക്കാം. റോഷിയുടെ ജൻമനാട് ഈ മണ്ഡലത്തിലാണ്. അത്തരം സംസാരങ്ങളും പാർട്ടിക്കുള്ളിൽ ഉണ്ട്. പക്ഷേ, അതൊക്കെ ജോസിന്റെ അന്തിമതീരുമാനത്തിന് അനുസൃതമാകും.

മാണി ഗ്രൂപ്പിലെ അസംതൃപ്തരെ സ്വീകരിച്ചാലും തങ്ങളുടെ സീറ്റിൽ വെട്ടിക്കുറവിന് അനുവദിക്കില്ലെന്നാണ് പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെ നിലപാട്. 10 സീറ്റിൽനിന്ന് കുറയ്ക്കാൻ സമ്മതിക്കില്ല. നീക്കുപോക്കുകൾ സമ്മതിക്കുമെങ്കിലും തിരഞ്ഞെടുപ്പ് വിദഗ്ധൻ കനഗോലുവിന്റെ അഭിപ്രായം സ്വീകരിച്ചുള്ള വിട്ടുവീഴ്ചയ്ക്ക് നിൽക്കരുതെന്നാണ് ആ പാർട്ടിക്കുള്ളിലെ അഭിപ്രായം.