
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 13 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് (എം). 2021-ൽ 13 സീറ്റ് അനുവദിക്കുകയും 12 സീറ്റിൽ മത്സരിക്കുകയും ചെയ്തിരുന്നു. ഒരു സീറ്റ് സി.പി.എം. ആവശ്യപ്രകാരം വിട്ടുകൊടുത്തതാണ്.
അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് 13 സീറ്റെന്ന ആവശ്യം അംഗീകരിച്ചതെന്നും അതിൽ മാറ്റംവരുത്തേണ്ടെന്നുമാണ് പാർട്ടി നിലപാട്.
കുറ്റ്യാടി സീറ്റ് അനുവദിച്ച് കേരള കോൺഗ്രസ് സ്ഥാനാർഥി പ്രചാരണം ആരംഭിച്ചശേഷം പ്രാദേശിക സി.പി.എമ്മിന്റെ എതിർപ്പുകാരണമാണ് പിന്മാറിയത്. കുറ്റ്യാടിതന്നെ വേണമെന്ന് ശഠിക്കില്ല. പകരം പേരാമ്പ്ര, എലത്തൂർ, തിരുവമ്പാടി എന്നീ സീറ്റുകളിലൊന്ന് ആവശ്യപ്പെടും.
മധ്യകേരളത്തിലെ ആധിപത്യത്തിന് കേരള കോൺഗ്രസ് (എം) മുന്നണിയിൽ അനിവാര്യമാണെന്നിരിക്കേ സി.പി.എം., സി.പി.ഐ. കക്ഷികൾക്ക് തങ്ങളെ തഴയാൻ കഴിയില്ലന്നാണ് പാർട്ടി കരുതുന്നത്. സിറ്റിങ് എം.എൽ.എ.മാർ എല്ലാം മത്സരിക്കും.
പാലായിൽ ജോസ് വേണമെന്ന് നേതൃത്വം
കോട്ടയം: പാലായിൽ മത്സരിക്കുന്നത് ജോസ് കെ. മാണി തന്നെയാകും. ഇടതുമുന്നണി ജാഥയുടെ ഭാഗമായ പൊതുയോഗത്തിൽ ജോസ് കെ. മാണിയുടെ പാലായിലെ പ്രസംഗം രാഷ്ട്രീയ എതിരാളിയും സിറ്റിങ് എം.എൽ.എ.യുമായ മാണി സി. കാപ്പനെ ശക്തമായി വിമർശിക്കുന്നതായിരുന്നു. പാലായിൽ ജോസ് കെ. മാണിതന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച വ്യക്തമാക്കി. റോഷിയുടെ ചോരത്തിളപ്പ് കാരണമുള്ള അഭിപ്രായമാണിതെന്നും നേതൃത്വമാണ് സ്ഥാനാർഥികളെ തീരുമാനിക്കുകയെന്നും ജോസ് ബുധനാഴ്ച റോഷിയെ തിരുത്തി. പക്ഷേ, നേതൃനിരയുടെ വാക്കാണ് റോഷിയിലൂടെ പുറത്തുവന്നത്
സ്ഥാനാർഥിപ്രഖ്യാപനം റോഷിയുടെ സ്‌നേഹക്കൂടുതൽകൊണ്ട് -ജോസ് കെ. മാണി
കോതമംഗലം: പാലായിൽ മന്ത്രി റോഷി അഗസ്റ്റിൻ തന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സ്‌നേഹക്കൂടുതൽകൊണ്ടാണെന്ന് കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി. റോഷി യുവജനപ്രസ്ഥാനത്തിലൂടെ വളർന്നുവന്നതുകൊണ്ട് ചോരത്തിളപ്പുള്ള ആളാണ്. വ്യാഖ്യാനങ്ങൾ പലതും ഉണ്ടാകും. മത്സരിക്കുന്നകാര്യത്തിൽ ഉചിതമായസമയത്ത് പാർട്ടി തീരുമാനിക്കുമെന്നും ജോസ് വ്യക്തമാക്കി.
യു.ഡി.എഫ്. പ്രവേശനത്തിനായി കോൺഗ്രസ് നേതാക്കളുമായി ചർച്ചനടത്തിയെന്ന മാണി സി. കാപ്പന്റെ പ്രസ്താവനയെ ജോസ് കെ. മാണി തള്ളി. ഇക്കാര്യം എവിടെവേണമെങ്കിലും സത്യംചെയ്യാം. കേരള കോൺഗ്രസിന്റെ യഥാർഥ തറവാട് കേരള കോൺഗ്രസ് എം. ആയതുകൊണ്ടാണ് പി.ജെ. ജോസഫ് രണ്ടില ചിഹ്നത്തിനും പാർട്ടിയുടെ പേരിനുമായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പാർട്ടിയാണ് തറവാടെങ്കിൽ പരാതിയുമായി പോകേണ്ടതില്ലായിരുന്നുവെന്നും ജോസ് കെ. മാണി പറഞ്ഞു.
Content Highlights: Kerala Congress (M) insists on at least 13 seats for the upcoming Kerala assembly elections, citing past allocation and their crucial role in the Middle Kerala region. Jose K. Mani to contest from Pala.
Published: 12 Feb 2026, 06:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented