തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകളിൽ വിജയിച്ച് യുഡിഎഫ് അധികാരത്തിലേറുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പിന് മുമ്പ് ചില വിസ്മയങ്ങൾ ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോൺഗ്രസ് ലക്ഷ്യ സമ്മിറ്റിലാണ് സതീശന്റെ പ്രഖ്യാപനം.

To advertise here,

കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേചൊല്ലി തർക്കമുണ്ടെന്ന പ്രചാരണം സിപിഎമ്മിന്റെ തന്ത്രമാണെന്നും സതീശൻ പറഞ്ഞു. 'കോൺഗ്രസിന് ഒരു ഗാലക്‌സി ഓഫ് ലീഡർഷിപ്പുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വം കൃത്യമായ നടപടിക്രമങ്ങൾ പാലിക്കും. ഒരാൾപോലും പിണങ്ങില്ല. ഞങ്ങൾ ഒരു ടീമായി ഒറ്റ കുടുംബമായി നിൽക്കും. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസമാണ് നമുക്കുള്ളത്. നൂറിലധികം സീറ്റുകളോടെ അധികാരത്തിലെത്തും', സതീശൻ പറഞ്ഞു.

2021-ൽ നമ്മുടെ കൂടെ ഇല്ലാതിരുന്നവർ ഇപ്പോൾ നമ്മുടെ കൂടെയുണ്ട്. ഇടതുപക്ഷവുമായി സഹകരിച്ചിരുന്ന നൂറുകണക്കിനാളുകൾ യുഡിഎഫിന്റെ പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമിലുണ്ടാകും. എൽഡിഎഫിന്റെ തോൽവി നമ്മളേക്കാൾ ശക്തമായി ഇവർ ആഗ്രഹിക്കുന്നുണ്ട്. വർഷങ്ങളായി എൽഡിഎഫിന്റെയും സിപിഎമ്മിന്റെയും സഹയാത്രികരായിരുന്ന പലരും കൂടെയുണ്ടാകും. എൻഡിഎയുടെ ഭാഗമായി നിൽക്കുന്നവരും കൂടെയുണ്ടാകും. കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്‌ഫോമാണ് വരാൻ പോകുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.