
ആറന്മുള, തിരുവല്ല, റാന്നി, അടൂർ, കോന്നി എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങൾ. 2021-ൽ അഞ്ചിലഞ്ചും ഇടതുപക്ഷത്തിനൊപ്പം. അഞ്ചുകൊല്ലത്തിനിപ്പുറം പത്തനംതിട്ടയിൽനിന്ന് ആരൊക്കെയാവും മത്സരരംഗത്ത്? അതിൽ ആരൊക്കെ നിയമസഭ കാണും. ശബരിമല സ്വർണക്കൊള്ള കേസ് ഉൾപ്പെടെ ജില്ലയിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പായിരിക്കേ മത്സരത്തിനിറങ്ങാൻ ഇടത്-വലത് മുന്നണികൾ ആരെയൊക്കെ തിരഞ്ഞെടുക്കും?.
1 ആറന്മുള
ജില്ലയിലെ സ്റ്റാർ മണ്ഡലമാണ് ആറന്മുള. നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജാണ് കഴിഞ്ഞ പത്തുകൊല്ലമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മണ്ഡലത്തിൽനിന്ന് വീണ, തന്നെ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറിയും മുൻ എംഎംഎൽഎയുമായ രാജു എബ്രഹാം കാലേകൂട്ടി പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിൽ പതിവില്ലാത്ത ഈ രീതി അൽപം ഞെട്ടലുണ്ടാക്കിയെങ്കിലും പാർട്ടി പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കേണ്ടതില്ല, വീണ തന്നെയാകും ഇക്കുറിയും മത്സരിക്കുകയെന്ന് ഏറക്കുറെ ഉറപ്പാണ്. വീണ ഇല്ലെങ്കിൽ രാജു എബ്രഹാമിന്റെയും പത്തനംതിട്ട നഗരസഭാ മുൻ അധ്യക്ഷനും ജില്ലാ കമ്മിറ്റി അംഗവുമായ സക്കീർ ഹുസൈന്റെയും പേരുകളും ചർച്ചകളിൽ ഉയർന്നു കേൾക്കുന്നുണ്ട്.
യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി, യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷനും അന്തരിച്ച കോൺഗ്രസ് നേതാവ് ആർ. ഇന്ദുചൂഡന്റെ മകനുമായ വിജയ് ഇന്ദുചൂഡൻ, പത്തനംതിട്ട മുൻ ഡിസിസി അധ്യക്ഷൻ പി. മോഹൻരാജ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് സ്ഥാനാർഥിയായി പറഞ്ഞുകേൾക്കുന്നത്.
വീണ മത്സരിക്കുന്ന പക്ഷം അബിൻ വർക്കിക്ക് സാധ്യത കൂടുതലാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിക്കാതെ വരികയും പിന്നീട് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചെങ്കിലും അത് ഏറ്റെടുക്കാൻ കൂട്ടാക്കാതിരുന്ന അബിന്, അന്നേ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, അബിൻ കുറച്ചുകാലമായി മണ്ഡലത്തിൽ സജീവമായി രംഗത്തുണ്ട് താനും.
കുമ്മനം രാജശേഖരൻ ആയിരിക്കും മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർഥിയെന്നാണ് സൂചന. ഹിന്ദു ഐക്യവേദി പ്രവർത്തകനായി കുമ്മനത്തിന്റെ പ്രധാന പ്രവർത്തനമേഖല ശബരിമല ആയിരുന്നു. ശബരിമല സ്വർണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പുകാലത്ത് വലിയചർച്ചയാകുമെന്നതിനാൽ കുമ്മനത്തെ പോലൊരു ശക്തനായ സ്ഥാനാർഥിയെ അവതരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. നിലയ്ക്കൽ സമരത്തിലും ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലും സജീവസാന്നിധ്യമായിരുന്നു കുമ്മനം എന്നതും ബിജെപി പ്രതീക്ഷയായി കാണുന്നു. കൂടാതെ കർഷകമോർച്ചാ സംസ്ഥാന നേതാവ് ഷാജി ആർ. നായർ, മുൻ പ്രവാസി വ്യവസായി അജയകുമാർ വല്ലുഴത്തിൽ തുടങ്ങിയവരുടെ പേരുകളും വാർത്തകളിലുണ്ട്.
2 റാന്നി
2021-ൽ എൽഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് എം സ്ഥാനാർഥിയായി പ്രമോദ് നാരായണും കോൺഗ്രസിന്റെ റിങ്കു ചെറിയാനും ഏറ്റുമുട്ടിയപ്പോൾ വിജയം പ്രമോദിനൊപ്പം പോന്നു. ഇക്കുറി കേരളാ കോൺഗ്രസ് എം പാളയംമാറി യുഡിഎഫിലേക്കെത്തുമെന്ന് വാർത്തകളുണ്ടെങ്കിലും അത് പിളർപ്പിൽ കലാശിച്ചാൽ ഇടതിനൊപ്പമായിരിക്കും പ്രമോദ് നിൽക്കുക എന്നാണ് സൂചന. ചുരുക്കത്തിൽ പാർട്ടി മുന്നണി മാറിയാലും പഴയ എസ്എഫ്‌ഐ പാരമ്പര്യക്കാരൻ കൂടിയായ പ്രമോദ് തന്നെയായിരിക്കും മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി. ഇനി മുന്നണിമാറ്റവും കേരളാ കോൺഗ്രസിനുള്ളിലെ ഉൾപ്പാർട്ടി സമവാക്യങ്ങളും മാറിമറിഞ്ഞാൽ, പ്രമോദ് യുഡിഎഫ് സ്ഥാനാർഥിയായാൽ രാജു എബ്രഹാം എൽഡിഎഫിന് വേണ്ടി വീണ്ടും മത്സരിച്ചേക്കുമെന്നും ശ്രുതിയുണ്ട്.
കോൺഗ്രസ് റിങ്കു ചെറിയാന് ഒരു അവസരം കൂടി നൽകാനാണ് സാധ്യത. ശക്തമായ ഇടത് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും കഴിഞ്ഞവട്ടം പ്രമോദിനോട് റിങ്കു പരാജയപ്പെട്ടത് 1,285 വോട്ടിനാണ്. ഇക്കുറി, ഭരണവിരുദ്ധവികാരം, ശബരിമല സ്വർണക്കൊള്ള വിഷയം, മുന്നണി അസ്വസ്ഥതകൾ ഇവയൊക്കെ അജണ്ടയായാൽ റിങ്കുവിന് വിജയസാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കെ.സി. വേണുഗോപാൽ പക്ഷക്കാരനും കെപിസിസി ജനറൽ സെക്രട്ടറിയുമായ പഴകുളം മധുവിന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് റാന്നി. അതിനാൽതന്നെ ആ വികാരത്തെ വോട്ടാക്കി മാറ്റാനും മുന്നണികൾ ശ്രമിക്കുമെന്ന് ഉറപ്പാണ്. 2021-ൽ ബിഡിജെഎസിന്റെ കെ. പത്മകുമാർ ആയിരുന്നു എൻഡിഎ സ്ഥാനാർഥി. ഇക്കുറി എൻഡിഎ ആരെ കളത്തിലിറക്കും എന്നതും സജീവ ചർച്ചയാണ്.
3 കോന്നി
കോന്നിയിൽ ഇക്കുറിയും കെ.യു. ജനീഷ് കുമാർ തന്നെയാകും ഇടതുസ്ഥാനാർഥി എന്ന കാര്യം ഏറെക്കുറേ ഉറപ്പാണ്. 2019-ൽ അടൂർ പ്രകാശ്, ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പി. മോഹൻരാജിനെ പരാജയപ്പെടുത്തിയ ജനീഷ്, 2021-ലും വിജയം ആവർത്തിച്ചു. അന്ന് സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാർഥി.
ഇക്കുറി കരുത്തനായ സ്ഥാനാർഥിയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. കോൺഗ്രസ് എംപിമാർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇളവുനൽകുന്ന പക്ഷം അടൂർ പ്രകാശ് സ്ഥാനാർഥിയാകും. 1996 മുതൽ 2019 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അടൂർ പ്രകാശിന് ശക്തമായ ബന്ധങ്ങളും സാമുദായികമായി അനുകൂല ഘടകവുമാണ്. ശബരിമല സ്വർണക്കൊള്ളക്കേസിലെ എട്ടാം പ്രതിയും സിപിഎം പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗവുമായ എ. പത്മകുമാറായിരുന്നു അടൂർ പ്രകാശിന് മുൻപ് (1991-96) കാലത്ത് മണ്ഡലത്തിൽനിന്നുള്ള ഇടത് എംഎൽഎ. 96-ൽ പത്മകുമാറിനെ വീഴ്ത്തിയാണ് അടൂർ പ്രകാശ് വിജയിച്ചത്. ആറന്മുളയിൽ അബിൻ വർക്കി പരിഗണിക്കപ്പെടുമെങ്കിൽ വിജയ് ഇന്ദുചൂഡന് കോന്നിയിൽ സാധ്യത കൽപിക്കപ്പെടുന്നുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച ഒരു യുവ സ്ഥാനാർഥിയേയും കോൺഗ്രസ് പരിഗണിക്കുന്നതായി സൂചനകളുണ്ട്
2016-ലും 2021-ലും കെ. സുരേന്ദ്രൻ ആയിരുന്നു കോന്നിയിലെ ബിജെപി സ്ഥാനാർഥി. ഇക്കുറി ആരെയാകും പാർട്ടി സ്ഥാനാർഥിയാക്കുക എന്നതാണ് മറ്റൊരു ചർച്ചാവിഷയം.
4 തിരുവല്ല
2006 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാത്യു ടി. തോമസിനെയാകും ഇക്കുറിയും എൽഡിഎഫ് സ്ഥാനാർഥിയാക്കുക. കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമാണ് ഈ സീറ്റിൽ മത്സരിച്ചത്. കുഞ്ഞു കോശി പോൾ ആയിരുന്നു സ്ഥാനാർഥി. ഇക്കുറി, സീറ്റ് കേരളാ കോൺഗ്രസ് ജെയിൽനിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞിട്ടുണ്ട്.
ദീർഘകാലമായി കിട്ടാക്കനിയായ മണ്ഡലത്തെ എങ്ങനെയും സ്വന്തമാക്കുക എന്നത് മാത്രമാണ് കോൺഗ്രസ് ആലോചന. ഇത് മുൻനിർത്തിയാണ് സീറ്റ് ഏറ്റെടുക്കണമെന്നും ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്നും ആവശ്യം ഉയരുന്നത്. അങ്ങനെ സംഭവിച്ചാൽ, മത്സരിക്കാനില്ലെന്ന് പറഞ്ഞ മുതിർന്ന നേതാവ് പി.ജെ. കുര്യനെ പോലും സ്ഥാനാർഥിയായി കാണാനിടയുണ്ട്. ഇനി കേരളാ കോൺഗ്രസ് മത്സരിക്കുകയാണെങ്കിൽ ജോസഫ് എം. പുതുശ്ശേരി മത്സരിച്ചേക്കുമെന്നാണ് സൂചന. അബിൻ വർക്കിയാണ് ആറന്മുളയിലെങ്കിൽ പുതുശ്ശേരിക്ക് സാധ്യത കുറവാണ്. ഇദ്ദേഹം, 2016-ൽ മാത്യു ടി. തോമസിനോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തിരുവല്ലയിൽ ബിജെപി സ്ഥാനാർഥി ആകുമെന്നാണ് സൂചനകൾ. ആർഎസ്എസ് ആശീർവാദത്തോടെ വളർന്നുവന്ന അനൂപിന് ബിജെപി കേന്ദ്രനേതൃത്വവുമായുള്ള അടുപ്പവും സ്ഥാനാർഥിനിർണയത്തിൽ ഗുണകരമാകും. കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിൽ ബിജെപി, തിരുവല്ലയുടെ ചുമതലയും അനൂപിനാണ് നൽകിയിരുന്നത്. അതിനാൽ തന്നെ മണ്ഡലത്തിൽ സജീവവുമാണ് ഇദ്ദേഹം. ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട വേളയിൽ നടത്തിയ ഇടപെടലുകളും അനൂപിന് ഗുണകരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ.
5 അടൂർ
സംവരണ മണ്ഡലമായ അടൂരിൽ സിപിഐ നേതാവും ഡെപ്യൂട്ടി സ്പീക്കർ കൂടിയായ ചിറ്റയം ഗോപകുമാറാണ് സിറ്റിങ് എംഎൽഎ. 2011 മുതൽ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ചിറ്റയം, പക്ഷേ ഇക്കുറി മത്സരത്തിനിറങ്ങാൻ സാധ്യത കുറവാണ്. മാവേലിക്കരയിൽ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന സി.എ. അരുൺകുമാറിനെ അടൂരിൽ മത്സരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. അന്ന് കൊടിക്കുന്നിൽ സുരേഷിനോട് 10,868 വോട്ടിനായിരുന്നു അരുൺ പരാജയപ്പെട്ടത്.
മുൻ എംപി രമ്യ ഹരിദാസും മുൻ മന്ത്രി പന്തളം സുധാകരൻ അടക്കം നാല് പേരാണ് കോൺഗ്രസിന്റെ പരിഗണനാ പട്ടികയിലുള്ളത്. 2021-ൽ ഡിസിസി വൈസ് പ്രസിഡന്റ് ആയിരുന്ന എം.ജി. കണ്ണനായിരുന്നു ചിറ്റയത്തിന്റെ എതിരാളി. 2016-ലെ ചിറ്റയത്തിന്റെ കാൽ ലക്ഷത്തിന്റെ ഭൂരിപക്ഷം 2,919 ആക്കി കുറയ്ക്കാൻ കണ്ണന് സാധിച്ചിരുന്നു. അടുത്തിടെ അന്തരിച്ച എം.ജി കണ്ണന്റെ ഭാര്യയെ സ്ഥാനാർഥിയാക്കാനും ആലോചനകളുണ്ടെന്നാണ് വിവരം. വളരെ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു കണ്ണൻ കഴിഞ്ഞ തവണ പരാജയപ്പെട്ടത്. ഇതിന് പുറമെ യൂത്ത് കോൺഗ്രസ് അനന്തു ബാലൻ, വി.ടി അജോമോൻ എന്നിവരുടെ പേരും മുന്നോട്ടുവെച്ചിട്ടുണ്ട്.
Content Highlights: kerala assembly election 2026 pathanamthitta district adoor, ranni, thiruvalla, konni, aranmula expected candidates
Published: 15 Jan 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented