തൊടുപുഴ (ഇടുക്കി): ആവനാഴിയിൽ അമ്പുകളേറെയുണ്ടായിട്ടും കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഒരു എം.എൽ.എ.യെപ്പോലും നിയമസഭയിലേക്ക് അയക്കാൻകഴിയാത്ത കോൺഗ്രസ്. അതേ തട്ടകത്തിൽ മുന്നണി ചുവട് മാറ്റിച്ചവിട്ടി എല്ലാക്കാലവും രണ്ടുസീറ്റെങ്കിലും ഉറപ്പിക്കുന്ന കേരള കോൺഗ്രസ് കുടുംബം. വലതുകാറ്റ് എത്ര ഉയർന്നുവീശിയാലും സ്വന്തം കുട്ടയുമായിറങ്ങി വോട്ടുകൊളുന്ത് നുള്ളിനിറയ്ക്കുന്ന ഇടതുപക്ഷം.

To advertise here,

ഉയരം കൂടുംതോറും രാഷ്ട്രീയ കടുപ്പമേറ്റുന്ന തേലിയത്തോട്ടങ്ങളിലെയും ഏലമലക്കാടുകളിലെയും വോട്ടുബാങ്കുകൾ. ഹൈറേഞ്ചിലെ വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുപോലെ ആർക്കും എത്തുംപിടിയും കൊടുക്കാറില്ല ഇടുക്കി ജില്ലയിലെ അഞ്ചു മണ്ഡലങ്ങളുടെയും രാഷ്ട്രീയം.

2001-ൽ ഇടുക്കിയുടെ മനസ്സിലേക്ക് കുടിയേറ്റംനടത്തി അവിടെ ഇരിപ്പുറപ്പിച്ച റോഷിയെന്ന ദാവീദിനെ തളയ്ക്കാൻ ഗോലിയാത്തായി ആരുവരുമെന്ന യു.ഡി.എഫിലെ ചർച്ചകളാണ് അതിനാധാരം. കേരള കോൺഗ്രസിന്റെ കൈയിലിരിക്കുന്ന സീറ്റ് തരണമെന്ന് കോൺഗ്രസും വിട്ടുതരില്ലെന്ന് കേരള കോൺഗ്രസും ശീതസമരം തുടങ്ങിയിട്ട് നാളേറെയായി. വിട്ടുകൊടുത്തുവെന്ന് ഇടയ്ക്കിറങ്ങുന്ന അഭ്യൂഹങ്ങൾക്ക് പുറപ്പുഴയിലെ വീട്ടിലിരുന്ന് നേതാക്കളോടും മാധ്യമങ്ങളോടും മറുപടിപറഞ്ഞ് പി.ജെ. ജോസഫ് മടുത്തിട്ടുണ്ടാകണം. കഴിഞ്ഞദിവസം പുതുയുഗയാത്രയുമായി ഇടുക്കിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ജോസഫിന്റെ ചെവിയിൽ അടക്കംപറഞ്ഞ വിഷയങ്ങളിൽ ഇടുക്കി സീറ്റുമുണ്ടെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളിലെ സംസാരം.

ഇടുക്കി സീറ്റിൽ കണ്ണുവെക്കാൻ കോൺഗ്രസിന് വലിയൊരു കാരണമുണ്ട്. കൈപ്പത്തിയിൽ ഇവിടെ ഒരാൾ മത്സരിച്ചിട്ട് അരനൂറ്റാണ്ടായി. 1987-ൽ റോസമ്മ പുന്നൂസ് നിയമസഭകയറിയശേഷം പിന്നെ ആരും തിരുവനന്തപുരത്തേക്ക് വണ്ടികയറിയില്ല. ജോസഫിന് മനസ്സെങ്ങാനും മാറിയാൽ സ്ഥാനാർഥിയാകാൻ കുപ്പായം തുന്നി കാത്തിരിപ്പുണ്ട് ഒട്ടേറെപ്പേർ. വിശ്വസ്തനായ ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബിനുവേണ്ടി പി.ജെ. ജോസഫ് കണ്ടുവെച്ച സീറ്റിന് ഇനി എന്തുസംഭവിക്കുമെന്ന് കാത്തിരുന്നുകാണാം.

തോട്ടം തൊഴിലാളി സമരഭൂമികയായ പീരുമേടിൽ ഇടതിലാണ് പ്രശ്നം. ജനകീയനായിരുന്ന വാഴൂർ സോമൻ, എം.എൽ.എ.യായിരിക്കെ അന്തരിച്ചതിനെത്തുടർന്ന് പറ്റിയൊരാളെ കണ്ടെത്താനുള്ള വിഷമസന്ധിയിലാണ് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ. സലിംകുമാർ മണ്ഡലത്തിൽ സജീവമാണെങ്കിലും അദ്ദേഹത്തോടുള്ള എതിർപ്പുമൂലം നേതാക്കൾ കൂട്ടത്തോടെ പാർട്ടിവിടുകയാണ്. ഇവരിൽ ഭൂരിഭാഗവും സി.പി.എമ്മിലേക്കാണ് ചേക്കേറിയത്. വാഴൂർ സോമന്റെ മകനും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ. സോബിൻ സോമൻ, സംസ്ഥാനകമ്മിറ്റി അംഗം ജോസ് ഫിലിപ്പ്, ഇ.എസ്. ബിജിമോൾ എന്നിവരുടെ പേരും പട്ടികയിലുണ്ട്.

മുൻ ഡി.സി.സി. പ്രസിഡന്റ് റോയ് കെ. പൗലോസ്, സിറിയക് തോമസ്, ഷാജി പൈനാടത്ത് തുടങ്ങി അരഡസൻ പേരുകളാണ് കോൺഗ്രസ് പട്ടികയിലുള്ളത്. യു.ഡി.എഫ്. ക്യാമ്പിലും തർക്കങ്ങൾ ചില്ലറയല്ല. കൂടുമാറിയ മുൻ സി.പി.എം. എം.എൽ.എ. എസ്. രാജേന്ദ്രൻ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിക്കുമോ എന്നതാണ് ദേവികുളം മണ്ഡലത്തിനെ ശ്രദ്ധേയമാക്കുന്നത്. എ. രാജ എം.എൽ.എ. വീണ്ടും ഇടതുസ്ഥാനാർഥിയാകും. 84-ാം വയസ്സിൽ പി.ജെ. ജോസഫ് വീണ്ടും തൊടുപുഴയിൽ സ്ഥാനാർഥിയാകും. പൊതുസ്വതന്ത്രനെയോ, തങ്ങളുടെ പാർട്ടിയിലെ ചുറുചുറുക്കുള്ള യുവാക്കളെയോ നിർത്തി ജോസഫിനെ വെള്ളംകുടിപ്പിക്കാമെന്നാണ് സി.പി.എം. തന്ത്രം.

മണിയാശാന് ചുറുചുറുക്കിന് യാതൊരു കുറവുമില്ലെന്ന് പാതി തമാശയായും പാതി ഗൗരവത്തോടെയും പാർട്ടി ജില്ലാ സെക്രട്ടറി ആഴ്ചകൾക്കുമുൻപ്‌ പറഞ്ഞത് വെറുതേയായിരുന്നില്ല. എം.എം. മണിതന്നെ ഇത്തവണയും ഇടതിനായി ഉടുമ്പൻചോലയിലിറങ്ങും. കഴിഞ്ഞതവണത്തെപ്പോലെതന്നെ അഞ്ചിൽ മൂന്നു സീറ്റുകളിൽ എൻ.ഡി.എ.യ്ക്കുവേണ്ടി ബി.ജെ.പി.യും രണ്ടിൽ ബി.ഡി.ജെ.എസുമാണ് മത്സരിക്കുക.