കൽപറ്റ: മാനന്തവാടി, സുൽത്താൻബത്തേരി, കൽപറ്റ എന്നിങ്ങനെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽനിന്നായി ആകെ 6,16,110 വോട്ടർമാരാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത്. 3,03,240 പുരുഷ വോട്ടർമാരും 312870 സ്ത്രീ വോട്ടർമാരും. തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള മൂന്ന് സീറ്റുകളിൽ രണ്ടിലും യുഡിഎഫ് വിജയക്കൊടി പാറിച്ചു. മാനന്തവാടിയിൽ ഒ.ആർ.കേളുവിന്റെ വിജയം മാത്രമാണ് എൽഡിഎഫിനുണ്ടായിരുന്നത്.
2016-ൽ കല്പറ്റയിലും മാനന്തവാടിയിലും എൽ.ഡി.എഫ്. സ്ഥാനാർഥികളായ സി.കെ. ശശീന്ദ്രൻ (13083 വോട്ടുകളുടെ ഭൂരിപക്ഷം), ഒ.ആർ. കേളു (1307 വോട്ടുകളുടെ ഭൂരിപക്ഷം) എന്നിവരും ബത്തേരിയിൽ 11198 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന്റെ ഐ.സി. ബാലകൃഷ്ണനുമാണ് ജയിച്ചത്.
തീവ്രവോട്ടർ പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) കരട് പട്ടിക പ്രകാരം ജില്ലയിൽ ആകെ 6,04,487 വോട്ടർമാരാണുള്ളത്. ഇതിൽ 2,96,036 പുരുഷന്മാരും 3,08,449 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി വരെ വോട്ടർപട്ടികയിൽ പേരുചേർക്കാനും മാറ്റങ്ങൾ വരുത്താനും അവസരമുണ്ടാകും. അതിനാൽതന്നെ ജില്ലയിലെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ ഇനിയും വ്യത്യാസമുണ്ടാകാം.
പ്രതീക്ഷകളുമായി മുന്നണികൾ
കല്പറ്റ: നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നൊരുക്കങ്ങളിലും പ്രതീക്ഷകളിലുമാണ് മുന്നണികൾ. കളംപിടിക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തേത്തന്നെ തുടങ്ങിക്കഴിഞ്ഞിരുന്നു. താഴെത്തട്ടുമുതലുള്ള പ്രവർത്തനങ്ങളും ജനവികാരങ്ങളും വിലയിരുത്തിയും ഭരണനേട്ടങ്ങളും കോട്ടങ്ങളും അടിസ്ഥാനമാക്കിയും പ്രതീക്ഷകൾ പങ്കുവെക്കുകയാണ് നേതാക്കൾ.
എൽ.ഡി.എഫ്. സജ്ജം
നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാൻ എൽ.ഡി.എഫ്. സജ്ജമാണ്. മൂന്നു മണ്ഡലങ്ങളിലും എൽ.ഡി.എഫിന് തികഞ്ഞ വിജയപ്രതീക്ഷയാണ്. കഴിഞ്ഞ 10 വർഷത്തെ വികസനംതന്നെയാണ് വിജയപ്രതീക്ഷയ്ക്ക് പ്രധാനം. മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്, വയനാട് തുരങ്കപാത, വയനാട് ഗവ. മെഡിക്കൽ കോളേജിന്റെ വികസനം തുടങ്ങിയ വികസനനേട്ടങ്ങളൊക്കെയും വോട്ടാവും. റോഡ്, പാലം തുടങ്ങിയ അടിസ്ഥാനസൗകര്യവികസനങ്ങളും എൽ.ഡി.എഫിന് അനുകൂലമാവും. എൽ.ഡി.എഫ്. ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണ്. 22-ന് രാവിലെ മാനന്തവാടി നിയോജകമണ്ഡലം കൺവെൻഷനും ഉച്ചയ്ക്ക് സുൽത്താൻബത്തേരി നിയോജകമണ്ഡലം കൺവെൻഷനും നടക്കും. കല്പറ്റ നിയോജകമണ്ഡലം കൺവെൻഷൻ 23-നും നടക്കും. 30-നകം ലോക്കൽ ബൂത്ത് തിരഞ്ഞെടുപ്പുകമ്മിറ്റികളും രൂപവത്കരിക്കും.
-സി.കെ. ശശീന്ദ്രൻ, എൽ.ഡി.എഫ്. കൺവീനർ
മൂന്നുമണ്ഡലങ്ങളിലും ഇത്തവണ യു.ഡി.എഫ് -എച്ച്.ബി. പ്രദീപ്,
ജില്ലയിലെ മൂന്നുമണ്ഡലങ്ങളിലും ഇത്തവണ യു.ഡി.എഫ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിഞ്ഞ പത്തുവർഷമായുള്ള എൽ.ഡി.എഫ്. സർക്കാരിനോടുള്ള ഭരണവിരുദ്ധവികാരം യു.ഡി.എഫിന് അനുകൂലമാവും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗയാത്രയ്ക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ഇത് യു.ഡി.എഫിനെ ജനങ്ങൾ പിന്തുണയ്ക്കുന്നു എന്നതിന്റെ തെളിവാണ്. മനുഷ്യ-വന്യജീവി സംഘർഷം, ക്ഷേമനിധി പെൻഷനുകൾ കുടിശ്ശികയായത്, കർഷകരുടെ പ്രയാസങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിനൊക്കെയുള്ള പരിഹാരം അവർ യു.ഡി.എഫിൽനിന്ന് കാണുന്നുണ്ട്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമാവും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിളക്കമാർന്ന വിജയവും പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗയാത്രയിലെ ബഹുജനപങ്കാളിത്തവും യു.ഡി.എഫിന്റെ വിജയപ്രതീക്ഷയ്ക്ക് ശക്തമായ പിൻബലം നൽകുന്നുണ്ട്. മികച്ച സ്ഥാനാർഥികളെത്തന്നെയാണ് യു.ഡി.എഫ്. കളത്തിലിറക്കുക.
(യു.ഡി.എഫ്. കൺവീനർ)
ജനങ്ങൾ എൻ.ഡി.എ.യോടൊപ്പം-പ്രശാന്ത് മലവയൽ
നിയമസഭാതിരഞ്ഞെടുപ്പിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിലും തദ്ദേശതിരഞ്ഞെടുപ്പിലും വയനാട്ടിൽ എൻ.ഡി.എ.ക്ക് മു?േന്നറ്റമുണ്ടായിരുന്നു. നിയമസഭാതിരഞ്ഞെടുപ്പിലും അതുണ്ടാവും. വ്യക്തമായ വികസനകാഴ്ചപ്പാടുകൾ എൻ.ഡി.എ. ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ചുരത്തിലെ കുരുക്ക്, രാത്രിയാത്രാ നിരോധനം, വന്യമൃഗശല്യം, കാർഷികമേഖലയിലെ തകർച്ച തുടങ്ങിയ വിഷയങ്ങളിൽ ഇരുമുന്നണികളും കാര്യമായ ഇടപെടലുകൾ നടത്തിയില്ല. മെഡിക്കൽ കോളേജിന്റെ അനാസ്ഥ, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അഭാവം ഇതെല്ലാം ജനങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അഴിമതിനടത്താൻ പരസ്പരം മത്സരിക്കുകയാണ് കോൺഗ്രസും സി.പി.എമ്മും. അതുകൊണ്ട് ജനങ്ങൾക്ക് വിശ്വാസ്യത നഷ്ടമായി. ഒരു മാറ്റം അനിവാര്യമാണെന്ന് ആഗ്രഹിക്കുന്നതിനാൽ ഇത്തവണ ജനങ്ങൾ എൻ.ഡി.എ.ക്ക് ഒപ്പംനിൽക്കും. മൂന്നുമണ്ഡലങ്ങളിലും വികസനകാഴ്ചപ്പാടുകളുള്ള നേതാക്കളെ അടുത്തദിവസംതന്നെ സ്ഥാനാർഥികളായി പ്രഖ്യാപിക്കും. മൂന്നുമണ്ഡലങ്ങളിലും എൻ.ഡി.എ.ക്ക് തികഞ്ഞ വിജയപ്രതീക്ഷയാണ്.
( എൻ.ഡി.എ. ചെയർമാൻ)
Content Highlights: kerala assembly election 2026 wayanad
Published: 16 Mar 2026, 08:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented