കാസർകോട്: സപ്തഭാഷാ സംഗമഭൂമിയായ കാസർകോട്ട് നിയമസഭാ മണ്ഡലങ്ങളുടെ കാര്യത്തിൽ കുറെ നാളായി 3-2 സമവാക്യമാണ്. ആകെയുള്ള അഞ്ച് സീറ്റിൽ മൂന്നെണ്ണം എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും കുത്തകയാക്കിവെച്ചിരിക്കുന്നു. ഈ സമവാക്യത്തിൽ ഇത്തവണ എന്തെങ്കിലും തിരുത്തലുണ്ടാകുമോയെന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. ഒരിക്കൽ 89 വോട്ടകലംവരെയെത്തിയ മഞ്ചേശ്വരം നിയമസഭാ സീറ്റെങ്കിലും പിടിക്കണമെന്ന വാശിയിലാണ് എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ.

To advertise here,

പതിവ് വികസന കാര്യങ്ങൾക്കുപുറമേ സംസ്ഥാനത്തെ മറ്റുപല ജില്ലകളിലുമില്ലാത്ത ഭാഷാന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങൾവരെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മണ്ഡലങ്ങളാണ് കാസർകോട്ടേത്. മഞ്ചേശ്വരത്ത് യു.ഡി.എഫ്. സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണയായിക്കഴിഞ്ഞു. സിറ്റിങ് എം.എൽ.എ. മുസ്‌ലിംലീഗിലെ എ.കെ.എം. അഷ്റഫ് തന്നെയാകും അങ്കത്തട്ടിൽ. എൽ.ഡി.എഫ്. ഇവിടെ തന്ത്രപരമായ നീക്കത്തിലാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ പാർട്ടി ചിഹ്നത്തിലാണ് സ്ഥാനാർഥികൾ മത്സരിച്ചതെങ്കിൽ ഇത്തവണ സ്വതന്ത്രനെ പരീക്ഷിക്കാനാണ് ആലോചന.

മഞ്ചേശ്വത്തോടുചേർന്നുള്ള കാസർകോട് മണ്ഡലം ഐ.എൻ.എലിനാണ് നൽകിയിരുന്നത്. ഈ രണ്ട് മണ്ഡലങ്ങളിൽ ഐ.എൻ.എലിന് ഏതുവേണമെന്ന് അവരുമായി ചർച്ചനടത്തും. അവർ കാസർകോട് എടുക്കുകയാണെങ്കിൽ മുൻ കോൺഗ്രസുകാരനും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ ഷാനവാസ് പാദൂർ മഞ്ചേശ്വരത്ത് സ്വതന്ത്രനായി ഇറങ്ങും. ഐ.എൻ.എൽ. മഞ്ചേശ്വരമെടുത്താൽ അദ്ദേഹം കാസർകോട്ടാകും മത്സരിക്കുക. എൻ.ഡി.എ. സ്ഥാനാർഥിയായി മണ്ഡലത്തിന് പരിചിതനായ ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻതന്നെ മത്സരിക്കാനാണ് സാധ്യത.

കാസർകോട്ട് യു.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന് ഇത്തവണ മാറുമെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്കാകും പ്രഥമ പരിഗണന. പ്രാദേശിക ലീഗ് നേതാക്കളും സ്ഥാനാർഥിമോഹവുമായി രംഗത്തുണ്ട്. തർക്കം മുറുകിയാൽ ഒത്തുതീർപ്പുസ്ഥാനാർഥിയെന്ന നിലയിൽ നെല്ലിക്കുന്ന് ഒരുവട്ടംകൂടി വന്നുകൂടായ്കയില്ല. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിക്കാണ് സാധ്യത. കഴിഞ്ഞതവണ മത്സരിച്ച കോഴിക്കോട് മേഖലാപ്രസിഡന്റ് കൂടിയായ കെ. ശ്രീകാന്തിനെയും പരിഗണിച്ചേക്കും.

ഉദുമയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി സിറ്റിങ് എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പുവിന്റെ പേരാണ് സംസ്ഥാനസമിതിക്ക് പോയിട്ടുള്ളത്. ജില്ലാസെക്രട്ടേറിയറ്റംഗം ഇ. പദ്മാവതിയുടെ പേരും പരിഗണിച്ചെങ്കിലും പരീക്ഷണം വേണ്ടെന്ന് ചർച്ചവന്നതോടെ സി.എച്ച്. സീറ്റ് ഉറപ്പിച്ച മട്ടാണ്.

യു.ഡി.എഫിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ഹക്കീം കുന്നിൽ, ഡി.സി.സി. വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ തുടങ്ങിയവരുടെ പേരുകൾ കേൾക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 1010 വോട്ടായി കുറഞ്ഞതാണ് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

എൽ.ഡി.എഫിൽ സി.പി.ഐ. മത്സരിക്കുന്ന കാഞ്ഞങ്ങാട്ട് പാർട്ടി ദേശീയ കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിലിനെ സ്ഥാനാർഥിയാക്കാൻ ധാരണയായിട്ടുണ്ട്. യു.ഡി.എഫ്. സ്ഥാനാർഥിപ്പട്ടികയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായരും വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറുമുൾപ്പെടെയുള്ളവരാണുള്ളത്. പൊതുസ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റായ തൃക്കരിപ്പൂരിൽ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി. മുസ്തഫയുടെ പേരാണ് സംസ്ഥാന സമിതിയിലേക്ക് പോയിട്ടുള്ളത്. യു.ഡി.എഫിൽ കേരള കോൺഗ്രസ് (ജെ)ക്ക് നൽകിയിരുന്ന തൃക്കരിപ്പൂർ സീറ്റ് തിരികെവേണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തുണ്ട്. പറ്റില്ലെന്ന നിലപാടിലാണ് കേരള കോൺഗ്രസ്(ജെ). ഇക്കാര്യത്തിൽ ഉഭയകക്ഷി ചർച്ച ഇനിയും പൂർത്തിയായിട്ടില്ല. കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്.