പൊയിനാച്ചി: എന്താകും ഉദുമ?. ആകാംക്ഷ നിറഞ്ഞതാണ് ഓരോ ചോദ്യങ്ങളും. 16-ാം കേരള നിയമസഭയിൽ ഉദുമ മണ്ഡലത്തെ തുടർച്ചയായ എട്ടാം തവണയും പ്രതിനിധീകരിക്കുമെന്ന് എൽ.ഡി.എഫ്. അവകാശപ്പെടുമ്പോൾ 35 വർഷത്തിനുശേഷം ഇത്തവണ അട്ടിമറിജയം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. നേതൃത്വം. മുൻ കാലയളവിനെക്കാൾ മികച്ച വോട്ടുവർധന ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എ. 49 വർഷത്തെ ചരിത്രമുള്ള മണ്ഡലത്തിൽ 2006-ൽ എൽ.ഡി.എഫിലെ കെ.വി. കുഞ്ഞിരാമനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം കിട്ടിയിരുന്നത് - 27,294. 1991-ൽ എൽ.ഡി.എഫിലെ പി. രാഘവൻ യു.ഡി.എഫിലെ കെ.പി. കുഞ്ഞിക്കണ്ണനോട് ജയിച്ചത് വെറും 957 വോട്ടിനായിരുന്നു.
പക്ഷേ, ആ വിജയം മണ്ഡലത്തിൽ പിന്നീടിങ്ങോട്ടുള്ള മുഴുവൻ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫ്. ആവർത്തിച്ചു. 1987-ൽ കെ.പി. കുഞ്ഞിക്കണ്ണൻ കെ. പുരുഷോത്തമനെ 7845 വോട്ടിന് പരാജയപ്പെടുത്തിയതാണ് യു.ഡി.എഫിന് മണ്ഡലത്തിലെ ഒടുവിലത്തെ വിജയം. സ്ത്രീകളും കന്നിവോട്ടർമാരും സമഗ്ര വോട്ടർ പട്ടികാ പരിഷ്കരണം (എസ്.ഐ.ആർ.) നടന്നതിനുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയാണ് മുന്നണികൾക്ക് ഇത്തവണ കണക്കുകൂട്ടലിൽ യഥാർഥ ചിത്രം കാണാനാകാത്തത്.
ആകെയുള്ള 2,28,512 വോട്ടർമാരിൽ ഇപ്രാവശ്യം 1,78,420 പേരാണ് മണ്ഡലത്തിൽ വോട്ടുചെയ്തത്. മൊത്തമുള്ള 1,16,342 സ്ത്രീവോട്ടർമാരിൽ 98,746 പേരും 1,12,166 പുരുഷന്മാരിൽ 79,672 പേരും നാല് ട്രാൻസ് ജെൻഡറിൽ രണ്ടുപേരും വോട്ടുചെയ്തു. 78.08 ശതമാനമാണ് പോളിങ്. 2021-നേക്കാൾ 0.71 ശതമാനം വർധന. ജില്ലയിൽ ഏറ്റവും കൂടുതൽ സ്ത്രീവോട്ടർമാരുള്ള മണ്ഡലമാണ് ഉദുമ. കന്നിവോട്ടർമാർ 18,180 പേരുണ്ട്. ന്യൂനപക്ഷങ്ങളുടെ വോട്ട് കൃത്യമായി ചെയ്തതാണ് യു.ഡി.എഫിന് അവസാനഘട്ടത്തിൽ പ്രതീക്ഷ വർധിപ്പിക്കുന്നത്.
പുതിയ വോട്ടർമാരെ ചേർക്കാനും യു.ഡി.എഫ്. ശ്രദ്ധിച്ചിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഉണ്ടായ പരമ്പരാഗത വോട്ടുചോർച്ച ഇപ്രാവശ്യം സംഭവിച്ചിട്ടില്ല എന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെങ്കിലും 2021-ൽ ചെമ്മനാടും മുളിയാറും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നിരുന്നത്. ഇവിടങ്ങളിൽ ഇപ്രാവശ്യം വൻ ഭൂരിപക്ഷം ഉണ്ടാകുമെന്നും കഴിഞ്ഞ തവണ എൽ.ഡി.എഫിനൊപ്പം നിന്ന ഉദുമ, ദേലമ്പാടി, പള്ളിക്കര, പുല്ലൂർ-പെരിയ പഞ്ചായത്തുകളിൽ ഏതാണ്ട് ഒപ്പത്തിനൊപ്പം വോട്ടുകൾ പ്രതീക്ഷിക്കാമെന്നും അവർ കണക്കുകൂട്ടുന്നു.
ബേഡഡുക്ക, കുറ്റിക്കോൽ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനുണ്ടാകുന്ന മേൽക്കൈ ചെമ്മനാടും മുളിയാറിലും ഉണ്ടാകുന്ന മേധാവിത്വത്തിലൂടെ മറികടന്ന് കെ. നീലകണ്ഠന് 3000-5000 - വരെ ഭൂരിപക്ഷം നേടാനാകുമെന്നും യു.ഡി.എഫ്. നേതൃയോഗം വിലയിരുത്തി.
ഭൂരിപക്ഷം എത്ര വർധിപ്പിക്കാനാകുമെന്നാണ് എൽ.ഡി.എഫ്. തുടക്കംമുതൽ ചിന്തിച്ചിരുന്നത്. മികച്ച പ്രചാരണം മണ്ഡലത്തിൽ എൽ.ഡി.എഫ്. കാഴ്ചവെക്കുകയും ചെയ്തു. അതിനാൽ നല്ല പ്രതീക്ഷയിൽ തന്നെയാണ് ഇടത് ക്യാമ്പുകൾ. ട്രെൻഡ് ഒരു പക്ഷേ ഭൂരിപക്ഷത്തെ കുറച്ചേക്കാമെങ്കിലും വിജയം ഉറപ്പാണെന്നാണ് എൽ.ഡി.എഫ്. വിലയിരുത്തൽ. 2021-ൽ 13,322 വോട്ടായിരുന്നു സി.എച്ച്. കുഞ്ഞമ്പുവിന്റെ ഭൂരിപക്ഷം. മണ്ഡലത്തിൽ 20, 360 വോട്ടുകളാണ് എൻ.ഡി.എ. കഴിഞ്ഞ തവണ നേടിയിരുന്നത്. ഇതിൽ നല്ല വർധനയാണ് ഇത്തവണ പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം നിന്ന സ്ഥാനാർഥി മനുലാൽ മേലത്തിന്റെ പ്രതീക്ഷ. 2016-ൽ കെ. ശ്രീകാന്ത് മത്സരിച്ചപ്പോൾ കിട്ടിയ 21,231 വോട്ടാണ് മണ്ഡലത്തിൽ ബി.ജെ.പി.ക്ക് മുൻപ് കിട്ടിയ കൂടിയ വോട്ട്.
Content Highlights: Udma constituency faces a high-stakes battle between LDF and UDF in the 2026 election., LDF aims for an eighth consecutive term, while UDF eyes a historic comeback after 35 years., Total voter turnout reached 78.08%, with significant participation from women and first-time voters., UDF expects to overcome LDF strongholds in specific panchayats through improved voter mobilization., NDA candidates are projecting a significant increase in vote share compared to previous cycles.
Published: 12 Apr 2026, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented