
കണ്ണൂർ: കണ്ണൂർ നിയമസഭാമണ്ഡലം നിലനിർത്താൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാമങ്കത്തിനിറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായി. മണ്ഡലം ഏറ്റെടുക്കണമെന്ന് സിപിഎം ആലോചിച്ചെങ്കിലും കണക്കുകൂട്ടലുകൾ ഒടുവിൽ കടന്നപ്പള്ളിയിൽതന്നെ ചെന്നുനിന്നു. യുഡിഎഫിന് മേധാവിത്വമുള്ള മണ്ഡലം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും നിലനിർത്താനായതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം പ്രധാന ഘടകമാണെന്ന് സിപിഎം വിലയിരുത്തുന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് നില മെച്ചപ്പെടുത്തിയതോടെ കടന്നപ്പള്ളിയുടെ സാധ്യത ഇരട്ടിച്ചു.
കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിൽനിന്ന് പിടിച്ചെടുക്കാൻ തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഎം അടവുകളെല്ലാം പയറ്റിയിരുന്നു. 2020-ൽ മുന്നണിക്ക് കിട്ടാതെപോയ ഏക കോർപ്പറേഷൻ ശക്തികേന്ദ്രമായ കണ്ണൂരിലേതാണെന്ന ദുഷ്പേര് മാറ്റണമെന്നത് സംസ്ഥാനനേതൃത്വത്തിന്റെയും ആഗ്രഹമായിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലെ യുഡിഎഫ് തരംഗത്തിൽ ആ മോഹം കടപുഴകിയതിനൊപ്പം യുഡിഎഫ് നില മെച്ചപ്പെടുത്തുകയും ചെയ്തു. ഭരണവിരുദ്ധവികാരമുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ കടന്നപ്പള്ളിയുടെ സ്വീകാര്യതകൊണ്ട് മറികടക്കാമെന്നാണ് കണക്കുകൂട്ടൽ.
കോൺഗ്രസ്-എസിന് കടന്നപ്പള്ളിയെയല്ലാതെ മറ്റൊരാളെ ആലോചിക്കാനില്ല. ഇതോടെ 26-ാം വയസ്സിൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇ.കെ. നായനാരെ വീഴ്ത്തിത്തുടങ്ങിയ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പങ്കം 82-ാം വയസ്സിലും തുടരാൻ വഴിയൊരുങ്ങുകയാണ്.
കണ്ണൂരിൽ 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. 1745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി മണ്ഡലം നിലനിർത്തിയത്. 2016-ൽ ഇത് 1196 ആയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് കണക്ക് പ്രകാരം മണ്ഡലത്തിൽ യുഡിഎഫിന് 10,838 വോട്ടിന്റെ മേൽക്കൈയുണ്ട്.
കെ. സുധാകരൻ എംപിക്ക് മത്സരിക്കാനുള്ള ആഗ്രഹത്തെ ചുറ്റിപ്പറ്റിയാണ് കോൺഗ്രസിലെ ചർച്ചകൾ പുരോഗമിക്കുന്നത്. എംപിമാർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതൃത്വം അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും സുധാകരന് ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാ കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് പേരുകൾ.
Content Highlights: Kannur Assembly Seat: Ramachandran Kadannappally Poised for Third Term Amid Shifting Political Tides
Published: 09 Jan 2026, 08:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented