കണ്ണൂർ: കണ്ണൂർ നിയമസഭാമണ്ഡലം എന്നും കോൺഗ്രസും യുഡിഎഫും ‘സ്വന്തം’ മണ്ഡലമായിട്ടാണ് പരിഗണിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടുതവണയും കണ്ണൂർ കൈയിൽനിന്ന് വഴുതിപ്പോയി. തുടർച്ചയായി രണ്ടുതവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്നത് യു.ഡി.എഫിന് അഭിമാനപ്രശ്നമാണ്. മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂർ പിടിക്കാൻ ഇറക്കിയത്. രാമചന്ദ്രൻ കടന്നപ്പള്ളിയിലൂടെ ഹാട്രിക് വിജയമാണ് എൽ.ഡി.എഫ്. ലക്ഷ്യമിടുന്നത്. വോട്ട് വർധിപ്പിക്കുക എന്നതല്ല, ജയിക്കുക എന്നതാണ് ലക്ഷ്യമെന്ന് ബിജെ.പി. സ്ഥാനാർഥി സി. രഘുനാഥ് പറയുന്നു.

To advertise here,

രണ്ടുതവണയും നേരിയ വിജയം

ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് നേരിയ വ്യത്യാസത്തിനാണ് ഇടതുമുന്നണി രണ്ടു തവണയും കണ്ണൂരിൽ ജയിച്ചത്. 2016-ൽ 1196 വോട്ടിനായിരുന്നു ജയം. 2021-ൽ 1745 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കടന്നപ്പള്ളി മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന കോൺഗ്രസിലെ സതീശൻ പാച്ചേനിയുടെ തോൽവി അപ്രതീക്ഷിതമായിരുന്നു. സംസ്ഥാനത്തെമ്പാടും ഇടതുതരംഗം ആഞ്ഞടിച്ചപ്പോൾ ഒരിക്കൽക്കൂടി കണ്ണൂരിൽ കോൺഗ്രസിന് അടിതെറ്റി. യഥാർഥത്തിൽ 2012-ലെ മണ്ഡലപുനർനിർണത്തിന് ശേഷം അതിർത്തികൾ മാറിയതും യു.ഡി.എഫിന് ക്ഷീണമായിട്ടുണ്ട്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ പഴയ പള്ളിക്കുന്ന് പഞ്ചായത്ത് മേഖല കണ്ണൂരിൽനിന്ന് മാറ്റി അഴീക്കോടേക്ക് ചേർത്തിരുന്നു. കോർപ്പറേഷനിലെ 41 വാർഡുകളും മുണ്ടേരി പഞ്ചായത്തും ഉൾപ്പെടുന്നതാണ് നിലവിലെ മണ്ഡലം.

ഇടതുസർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കുമെന്ന പൊതുമുദ്രാവാക്യം തന്നെയാണ് യു.ഡി.എഫ്. പ്രചാരണത്തിൽ നിറയുന്നത്. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി, മറ്റാരുണ്ട് എൽ.ഡി.എഫ്. അല്ലാതെ എന്ന മുദ്രാവാക്യവുമായി ഇടത് പ്രചാരണം മുന്നോട്ടുപോകുന്നു. കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞാണ് ബി.ജെ.പി. പ്രചാരണം.

കണക്കുകളിലെ കളി

തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കണ്ണൂർ മണ്ഡലപരിധിയിൽ 10,838 വോട്ടിന്റെ മേൽക്കൈയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 26,030 വോട്ടിന്റെ വലിയ ലീഡാണ് മണ്ഡലത്തിൽ കെ. സുധാകരൻ നേടിയത്. ഈ കണക്കുകളിലാണ് യു.ഡി.എഫ്. പ്രതീക്ഷ. നിയമസഭാതിരഞ്ഞെടുപ്പിൽ ഈ കണക്കുകളെല്ലാം അപ്രസക്തമാകുമെന്ന് എൽ.ഡി.എഫ്. പറയുന്നു. രണ്ട്‌ മുന്നണികളെയും ജനം മടുത്തെന്നും ഇതിനിടയിൽ നല്ല സാധ്യതകൾ ഉണ്ടെന്നും ബി.ജെ.പി. പറയുന്നു.

സ്ഥാനാർഥികൾ

കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റാണ് രാമചന്ദ്രൻ കടന്നപ്പള്ളി. ഒന്നാം പിണറായി മന്ത്രിസഭയിൽ തുറമുഖംവകുപ്പ് മന്ത്രിയായിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയിൽ പുരാവസ്തു-പുരാരേഖ-മ്യൂസിയം-രജിസ്ട്രേഷൻ വകുപ്പ് കൈകാര്യം ചെയ്തു. ടി.ഒ. മോഹനൻ കണ്ണൂർ, തലശ്ശേരി കോടതികളിൽ അഭിഭാഷകനായിരുന്നു. 2010-ൽ കണ്ണൂർ നഗരസഭാ വൈസ് ചെയർമാനായിരുന്നു. 2020-ൽ മേയറായി.

സി. രഘുനാഥ് ബി.ജെ.പി. ദേശീയ സമിതി അംഗമാണ്. 2024-ൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. 2021-ൽ ധർമടത്ത് പിണറായി വിജയനെതിരെ മത്സരിച്ചിരുന്നു.

എം.കെ. മുഹമ്മദ് റമീസ് ഷഹ്സാദ് (എസ്.യു.സി.ഐ. കമ്യൂണിസ്റ്റ്), സുരേഷ് കുമാർ(ഭാരതീയ ജവാൻ കിസാൻ പാർട്ടി), കെ. രാമചന്ദ്രൻ, താഴെക്കണ്ടി മോഹനൻ (സ്വതന്ത്രൻ) എന്നിവരും മത്സരിക്കുന്നുണ്ട്.

ആകെ വോട്ടർമാർ-1,82,682 (സ്ത്രീകൾ-94,865, പുരുഷൻമാർ-87,817)