കണ്ണൂർ: മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് വ്യക്തമാക്കിയശേഷം കെ. സുധാകരൻ ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമാണ് സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചത്. നേരത്തേ തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ നിർദേശിച്ചിരുന്നുവെങ്കിലും പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ. എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ഹൈക്കമാൻഡിൽനിന്ന് ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്കുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നേതൃത്വം വീണ്ടും നിർദേശിച്ചതിനാൽ ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോകാനാണ് സുധാകരന്റെ തീരുമാനം.

To advertise here,

സ്ഥാനാർഥിത്വത്തിന്റെ കാര്യം പാർട്ടി തീരുമാനിക്കുമെന്നുമാത്രമായിരുന്നു ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഞായറാഴ്ച നടന്ന ആദ്യ പൊതുപരിപാടിയിൽ മാധ്യമങ്ങളോടുള്ള സുധാകരന്റെ പ്രതികരണം.

നിലപാടിൽ അയഞ്ഞില്ലെങ്കിലും നേതാക്കളുടെ അഭ്യർഥനമാനിച്ചാണ് സുധാകരൻ പരസ്യപ്രതികരണത്തിന് മുതിരാത്തത്. സുധാകരന് താത്പര്യമുള്ള ആളെ സ്ഥാനാർഥിയാക്കി അനുനയിപ്പിക്കാമെന്നുതന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

ഗ്രൂപ്പിന്റെ പേരിൽ വീതം വെക്കുന്നകാലം കഴിഞ്ഞു – വി.ഡി. സതീശൻ

ഗ്രൂപ്പിന്റെ പേരിൽ സീറ്റ് വീതംവെക്കുന്ന കാലം കോൺഗ്രസിൽ അസ്തമിച്ചെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരിടത്തും അങ്ങനെ ഉണ്ടായിട്ടില്ല. വിജയസാധ്യത പരിഗണിച്ചാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. 24 മണിക്കൂറിനകം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. ഖജനാവിൽനിന്ന്‌ സാധാരണക്കാരന്റെ പണമെടുത്ത് സർക്കാർ തിരഞ്ഞെടുപ്പുപ്രചാരണം നടത്തുകയാണ്. -സതീശൻ പറഞ്ഞു.

സ്ഥാനാർഥിപ്പട്ടിക ഉടൻ – കെ.സി. വേണുഗോപാൽ

കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഏപ്രിൽ ആദ്യവാരം വിശുദ്ധവാരമാണ് എന്നതാണ് തിരഞ്ഞെടുപ്പുപ്രചാരണത്തിന് അസൗകര്യമുള്ളത്. പതിമ്മൂന്നോ പതിന്നാലോ ദിവസമാണ് പ്രചാരണത്തിനുള്ളത് -വേണുഗോപാൽ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനംവന്ന ഇന്നേക്ക് 26-ാം ദിവസം കേരളത്തിലെ ഇടതു ദുർഭരണം അവസാനിപ്പിക്കാനുള്ള അന്തിമ തീരുമാനം ബാലറ്റ് പെട്ടിയിലൂടെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.