തിരുവനന്തപുരം: സ്വന്തം തട്ടകമായ വട്ടിയൂർക്കാവ് കെ. മുരളീധരൻ തിരികെ പിടിച്ചത് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സർജിക്കൽ സ്‌ട്രൈക്കിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലമാണ് വട്ടിയൂർക്കാവ്. അന്ന് മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ മുരളീധരനെ കോൺഗ്രസ് വടകരയിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുകയായിരുന്നു.

To advertise here,

തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ, അന്ന് തിരുവനന്തപുരം മേയറായിരുന്ന വി.കെ. പ്രശാന്തിനെ നിർത്തി എൽഡിഎഫ് മണ്ഡലം പിടിച്ചു. തൊട്ടുമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തായിരുന്ന മണ്ഡലമാണ് അന്ന് പ്രശാന്തിന്റെ വ്യക്തിപ്രഭാവത്തിൽ എൽഡിഎഫ് പിടിച്ചത്. 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ പ്രശാന്ത് ഭൂരിപക്ഷമുയർത്തി. അതേ പ്രശാന്തിനേയാണ് മുരളീധരൻ, തിരിച്ചെത്തി നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത്. ത്രികോണമത്സരത്തിന്റെ ചൂടുയർത്തി മുൻ ഡിജിപി ആർ. ശ്രീലേഖയും ബിജെപി സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്നു.

വടകര എംപിയായിരിക്കെയാണ് 2021-ൽ നേമത്ത് ശക്തനായ സ്ഥാനാർഥിയെന്ന പേരിൽ മുരളീധരനെ വീണ്ടും ഭാഗ്യപരീക്ഷണത്തിന് ഇറക്കിയത്. കാര്യമായ സംഘടനാ സംവിധാനംപോലുമില്ലാതിരുന്ന മണ്ഡലത്തിൽ മുരളീധരൻ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സഹോദരി പദ്മജ വേണുഗോപാൽ ബിജെപിയിൽ പോയതിന്റെ ആഘാതം മറികടക്കാനാണ് വടകര എംപിയായിരുന്ന മുരളീധരനെ തൃശ്ശൂരിൽനിന്ന് ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചത്. ഇവിടെ ദയനീയമായ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുരളീധരൻ പിന്നീട് തലസ്ഥാനത്തെത്തി വട്ടിയൂർക്കാവ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. അദ്ദേഹത്തിന്റെ ആവശ്യമംഗീകരിച്ച് ഇവിടെതന്നെ മത്സരിപ്പിക്കാൻ നേതൃത്വം നിർബന്ധിതമായി. മുരളീധരനിലൂടെ കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ അദ്ദേഹം തന്നെയല്ലാതെ മറ്റൊരു ഓപ്ഷൻ പാർട്ടിക്ക് മുന്നിലുമുണ്ടായിരുന്നില്ല.

209 ബൂത്തുകളുള്ള വട്ടിയൂർക്കാവിൽ 12 ടേബിളുകളിലായാണ് വോട്ടെണ്ണിയത്. കണ്ണമൂല കോർപ്പറേഷൻ വാർഡിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. തുടർന്ന് കുടപ്പനക്കുന്ന് നാലാഞ്ചിറ വഴി വട്ടിയൂർക്കാവ് മേഖലയിലെ ബൂത്തുകളിലെണ്ണി കിണവൂർ വാർഡിൽ വോട്ടെണ്ണൽ അവസാനിപ്പിച്ചു.

ഓരോ റൗണ്ടിലും ഉദ്യേഗജനകമായ മത്സരമായിരുന്നു നടന്നത്. ആദ്യ റൗണ്ട് എണ്ണിയപ്പോൾ നൂറിലേറെ വോട്ടുകൾക്ക് വി.കെ. പ്രശാന്തായിരുന്നു മുന്നിൽ. തുടർന്നുവന്ന രണ്ട് റൗണ്ടുകളിൽ യഥാക്രമം 706, 594 വോട്ടുകളുടെ ലീഡായിരുന്നു മുരളീധരന് ലഭിച്ചത്. നാലാം റൗണ്ടിലും 200 വോട്ടിനടുത്തുള്ള ഭൂരിപക്ഷം അദ്ദേഹം നിലനിർത്തി. പിന്നീട് ഓരോ റൗണ്ടിലും പ്രശാന്തിന്റെ നേരിയ മുന്നേറ്റമാണ് കണ്ടത്. ഇതിനിടെ കടുത്ത വെല്ലുവിളിയുയർത്തി ഒന്നും രണ്ടും സ്ഥാനങ്ങളിൽ ശ്രീലേഖ മാറി വന്നു. എട്ടാം റൗണ്ടിൽ മുന്നൂറിലേറെ വോട്ടിന്റേയും 11-ൽ 500-ലേറെ വോട്ടിന്റേയും ഭൂരിപക്ഷം ശ്രീലേഖ നേടി.

അവസാന റൗണ്ടുകളോട് അടുത്തപ്പോഴാണ് മത്സരം വീണ്ടും പ്രശാന്തും മുരളീധരനും തമ്മിലായത്. 13-ാം റൗണ്ടിന് ശേഷം പൂർണമായും മുരളീധരന്റെ ആധിപത്യമായിരുന്നു. 15-ാം റൗണ്ടിൽ മാത്രം 1972 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹം നേടി. വോട്ടെണ്ണിത്തീർന്നപ്പോൾ 5425 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുരളീധരൻ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

48338 വോട്ടുകളാണ് മുരളീധരൻ മണ്ഡലത്തിൽ നേടിയത്. വി.കെ. പ്രശാന്ത് 42913 വോട്ടുകളും ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ 37213 വോട്ടുകളും നേടി. ആകെ പോൾ ചെയ്തതിന്റെ 37.25, 33.07, 28.68 ശതമാനം വോട്ടുകൾ വീതമാണ് യഥാക്രമം യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ നേടിയത്.