കൊച്ചി: ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് തൃപ്പൂണിത്തുറ എംഎൽഎയും കോൺഗ്രസ് നേതാവുമായ കെ.ബാബു. കോൺഗ്രസ് നേതാക്കൾക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ് ബാബു ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസിന്റെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മത്സരത്തിനില്ലെന്നും ബാബു പറഞ്ഞു.

To advertise here,

1991 മുതൽ തൃപ്പൂണിത്തുറയിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ട ബാബു 2016-ൽ സിപിഎമ്മിലെ എം. സ്വരാജിനോട് മത്സരിച്ച് പരാജയപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പിൽ എം. സ്വരാജിനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎയായി. ഏഴ് തവണ തൃപ്പൂണിത്തുറയിൽ മത്സരിച്ച ബാബു ആറ് തവണ വിജയിച്ചിട്ടുണ്ട്.

1991-ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം.എം. ലോറൻസിനെ 4946 വോട്ടുകൾക്കാണ് പരാജയപ്പെടുത്തി ആദ്യമായി എംഎൽഎയായത്. പിന്നീട് തൃപ്പൂണിത്തുറയിൽ 1996-ൽ സിപിഎമ്മിലെ ഗോപി കോട്ടമുറിക്കലിനെ 14,773 വോട്ടുകൾക്കും 2001-ൽ കെ. ചന്ദ്രൻ പിള്ളയെ 24,296 വോട്ടുകൾക്കും 2006-ൽ കെ.എൻ. രവീന്ദ്രനാഥിനെ 7,342 വോട്ടുകൾക്കും 2011-ൽ സി.എം. ദിനേശ്മണിയെ 15,778 വോട്ടുകൾക്കും പരാജയപ്പെടുത്തി.

2016-ൽ ബാർകോഴ ആരോപണത്തിന് പിന്നാലെ എം. സ്വരാജിനോട് മത്സരിച്ച് പരാജയപ്പെട്ടു. 2021-ലെ തിരഞ്ഞെടുപ്പിൽ എം. സ്വരാജിനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎയായി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ എക്‌സൈസ്-തുറമുഖ-ഫിഷറീസ് മന്ത്രിയുമായിരുന്നു കെ. ബാബു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തുവന്ന കെ. ബാബു അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനാണ്. 1979-80ലായിരുന്നു അത്. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു.