
പത്തനാപുരം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ കാൽനൂറ്റാണ്ടായുള്ള വിജയപരമ്പരയ്ക്കു വിരാമമിട്ട് യു.ഡി.എഫ്. സ്ഥാനാർഥി ജ്യോതികുമാർ ചാമക്കാല. കഴിഞ്ഞതവണത്തെ പരാജയത്തിന് മധുരപ്രതികാരവുമായി ജ്യോതികുമാർ കളംനിറഞ്ഞപ്പോൾ, ഏതു പ്രതികൂലാവസ്ഥയിലും മണ്ഡലം കൈവിടില്ലെന്ന ഗണേഷിന്റെ അമിത ആത്മവിശ്വാസമാണ് തിരിച്ചടിച്ചത്.
2021-ലെ തിരഞ്ഞെടുപ്പിലാണ് ജ്യോതികുമാർ ചാമക്കാല, ഗണേഷ്‌കുമാറിന്റെ എതിരാളിയായത്. കന്നിയങ്കത്തിൽത്തന്നെ എതിരാളിയെ വിറപ്പിക്കാൻ കഴിഞ്ഞ ചാമക്കാലയ്ക്ക് പത്തനാപുരം വളക്കൂറുള്ള മണ്ണായി മാറുകയായിരുന്നു. പരാജയപ്പെട്ടിട്ടും അഞ്ചുവർഷമായി പത്തനാപുരത്തു തുടർന്ന് പാർട്ടിസംവിധാനം ശക്തിപ്പെടുത്താൻ ചാമക്കാലയ്ക്കു കഴിഞ്ഞു.
മണ്ഡലത്തിൽ സജീവമായി ബൂത്തുതലംമുതൽ പ്രവർത്തകരെ ചേർത്തുപിടിച്ച് മുന്നോട്ടുപോയി. അതിന്റെ ആദ്യ ഫലമായിരുന്നു കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയം. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ആറിടത്തും ആദ്യമായി പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിലും ഭരണം പിടിക്കാൻ യു.ഡി.എഫിനായി. നന്നായി ഗൃഹപാഠംചെയ്ത് പോരായ്മകൾ പരിഹരിച്ച് പ്രവർത്തകരിൽ ആത്മവിശ്വാസം നിറച്ച് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രവർത്തിക്കാനും അദ്ദേഹത്തിനായി.
മണ്ഡലത്തിൽ സജീവമായി യു.ഡി.എഫിനെ കെട്ടുറപ്പോടെ നയിക്കാൻ കഴിഞ്ഞതിന്റെ പ്രതിഫലമെന്നോണം നിയമസഭാ സ്ഥാനാർഥിനിർണയത്തിൽ കോൺഗ്രസിന് തർക്കങ്ങളില്ലാതെ ജ്യോതികുമാർ എന്ന ഒറ്റപ്പേരിലെത്താൻ സാധിച്ചു. നന്നായി ഗൃഹപാഠംചെയ്ത് പോരായ്മകൾ മനസ്സിലാക്കി പരിഹരിക്കാൻ നേരിട്ടിറങ്ങിയ അദ്ദേഹത്തിന് പ്രചാരണത്തിന്റെ തുടക്കംമുതൽ ആശങ്കയില്ലായിരുന്നു. ഒടുവിൽ വിജയത്തിലേക്കു നടന്നടുത്തപ്പോൾ ജ്യോതികുമാർ ചാമക്കാലയുടെ അഞ്ചു വർഷത്തെ പ്രയത്നം ഫലംകാണുകയായിരുന്നു.
മണ്ഡലത്തിലെ വികസനനായകനും മികച്ച ഭരണാധികാരിയുമെന്ന പ്രതിച്ഛായയുമായി മത്സരരംഗത്തിറങ്ങിയ കെ.ബി. ഗണേഷ്‌കുമാറിന് വിവാദങ്ങളും ആരോപണങ്ങളും വിനയാകുകയായിരുന്നു. ഗണേഷ്‌കുമാറിനെക്കുറിച്ചുള്ള ഭാര്യയുടെ വെളിപ്പെടുത്തലും എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളും തിരിച്ചടിയായി.
പദ്‌മാ കഫേ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന സാമ്പത്തിക ക്രമക്കേടുകൾ ചോദ്യംചെയ്ത യൂണിയൻ അംഗത്തിന് മർദനമേറ്റതും വിവാദമായി. ഒടുവിൽ ഗണേഷ്‌കുമാറിന്റെ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുന്നതിലെത്തി കാര്യങ്ങൾ. വീണുകിട്ടിയ ആരോപണങ്ങൾ എതിരാളികൾ തിരഞ്ഞെടുപ്പിൽ മുഖ്യപ്രചാരണവിഷയമാക്കിയതോടെ ഗണേഷ്‌കുമാറിന് കാര്യങ്ങൾ കൈവിടുകയായിരുന്നു. കൂടാതെ ഉമ്മൻചാണ്ടിയെ അപമാനിച്ചുവെന്ന ആരോപണം ഒരുവിഭാഗത്തിന്റെ അപ്രീതിക്കിടയാക്കിയതും വിനയായി.
Content Highlights: Jyothikumar Chamakkala defeats incumbent K.B. Ganesh Kumar after 25 years., Strategic grassroots work by UDF in Pathanapuram over five years., Controversies surrounding Ganesh Kumar, including NSS union issues and personal allegations, impacted the vote share.,
Published: 05 May 2026, 07:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented