കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തെച്ചൊല്ലി ലീഗിൽ ഭിന്നാഭിപ്രായം. ജില്ലയ്ക്ക് പുറത്തുള്ള സ്ഥാനാർഥി വേണ്ടെന്ന് ലീഗിലെ ഒരു വിഭാഗം നിലപാടെടുത്തപ്പോൾ അങ്ങനെയെങ്കിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളും വേണ്ടെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ, സംസ്ഥാന നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാർഥി ആരായാലും അത് അംഗീകരിക്കുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും കാസർകോട് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ടി.എമ്മും പറഞ്ഞു.

To advertise here,

എൻ.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂർത്തിയാക്കിയതിനാൽ കാസർകോട്ട് സീറ്റിൽ പുതിയ സ്ഥാനാർഥിയെത്തുമെന്ന് ഉറപ്പാണ്. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മുൻ എംഎൽഎയുമായ കെഎം ഷാജി, കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എസ്ടിയു ദേശീയ വൈസ് പ്രസിഡന്റ് എ. അബ്ദുറഹ്‌മാൻ, ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, ലീഗ് ജില്ലാ ട്രഷറർ പി.എം. മുനീർ ഹാജി എന്നിവരുടെ പേരാണ് കാസർകോട്ട് മണ്ഡലത്തിൽ ചർച്ചയിലുള്ളത്.

എന്നാൽ, ജില്ലയ്ക്ക് പുറത്തുനിന്നുളള ആരും സ്ഥാനാർഥിയായി വേണ്ടെന്നും സംസ്ഥാന കമ്മിറ്റി അനുകൂല നിലപാടെടുക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ജില്ലയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. ജില്ലക്ക് പുറത്തുനിന്ന് സ്ഥാനാർഥി വേണ്ടെങ്കിൽ മണ്ഡലത്തിന് പുറത്തുനിന്നും വേണ്ടെന്ന് മറ്റൊരു വിഭാഗവും നിലപാടെടുത്തു. ഈ നിലപാടുകൾ ചർച്ചയായതിന് പിന്നാലെയാണ് പാണക്കാട്ടുനിന്ന് പ്രഖ്യാപിക്കുന്ന സ്ഥാനാർഥി ആരായാലും പിന്തുണയ്ക്കുമെന്ന് ജില്ലാ നേതൃത്വം തന്നെ നിലപാട് വ്യക്തമാക്കിയത്.

സ്ഥാനാർഥി ചർച്ചകളിൽ സംസ്ഥാന കമ്മറ്റിയെ അഭിപ്രായം അറിയിക്കും. മണ്ഡലത്തിനകത്തും ജില്ലയിലും മത്സരിക്കാൻ അർഹതയുള്ള ആളുകളുണ്ട്. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ പാണക്കാട്ടുനിന്ന് തീരുമാനിക്കുന്നത് എന്തായാലും അത് അംഗീകരിക്കുമെന്നും ലീഗിന് വലിയ ഭൂരിപക്ഷത്തിൽ ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും മണ്ഡലത്തിൽ ഉണ്ടെന്നുമാണ് ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും കാസർകോട് മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ടി.എമ്മും പറയുന്നത്.