
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ ചില 'സർപ്രൈസുകൾക്ക് സാധ്യത. ഒരു വനിതയെ ഇത്തവണ നിയമസഭയിലെത്തിക്കാൻ പാർട്ടി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ തവണ കാൽനൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാർഥി പരീക്ഷണം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. 2021-ൽ കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ലീഗ് തുടർച്ചയായി ജയിച്ചുവന്ന, മൂന്നുതവണ എം.കെ മുനീറിനെ നിയമസഭയിലേക്ക് അയച്ച സൗത്ത് മണ്ഡലമാണ് കഴിഞ്ഞ തവണ നൂർബിനയെ കൈവിട്ടത്. ഐ.എൻ.എല്ലിൽ നിന്ന് മത്സരിച്ച അഹമ്മദ് ദേവർകോവിൽ വിജയിക്കുകയും മന്ത്രിയാവുകയും ചെയ്തു. ഇത് ലീഗിനെ സംബന്ധിച്ച് വലിയ നാണക്കേടാണ് അന്നുണ്ടാക്കിയത്.
ഇത്തവണയും പാർട്ടിയുടെ സ്ഥാനാർഥികളിൽ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് ഉറപ്പ്. ചിലപ്പോൾ അത് മൂന്ന് പേരാകാനും സാധ്യതയുണ്ട്. പാർട്ടിയുടെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയും ദളിത് മുഖവും വയനാട് സ്വദേശിയുമായ ജയന്തി രാജൻ സ്ഥാനാർഥിയായി ഇത്തവണ ലീഗിന്റെ പട്ടികയിലുണ്ടാകാനാണ് എല്ലാ സാധ്യതയും. ജനറൽ സീറ്റിലാകുമോ അതോ സംവരണ സീറ്റ് കോൺഗ്രസുമായി വച്ചുമാറി അതിലാകുമോ മത്സരം എന്നാണ് അറിയാനുള്ളത്.
മുമ്പ് കുന്നമംഗലം സംവരണ സീറ്റായിരുന്നപ്പോൾ രണ്ട് ടേമിൽ യു.സി രാമൻ പാർട്ടിയുടെ പ്രതിനിധിയായി സഭയിലുണ്ടായിരുന്നു. എന്നാൽ മണ്ഡല പുനരേകീകരണത്തോടെ കുന്നമംഗലത്തിന് പകരം ബാലുശ്ശേരിയായി കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റ്. 2011 ൽ ജനറൽ സീറ്റായി കുന്നമംഗലം മാറിയിട്ടും യു.സി രാമനെ പാർട്ടി മത്സരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ൽ കുന്നമംഗലവും ബാലുശ്ശേരിയും ലീഗും കോൺഗ്രസും സീറ്റുകൾ വച്ചുമാറി. എന്നാൽ പുരുഷൻ കടലുണ്ടിയോട് യു.സി രാമൻ പരാജയപ്പെട്ടു. കഴിഞ്ഞ തവണ സീറ്റ് വിഭജനത്തിൽ ബാലുശ്ശേരി കോൺഗ്രസ് ഏറ്റെടുത്ത് ചലച്ചിത്ര താരം ധർമ്മജനെ മത്സരിപ്പിച്ചെങ്കിലും ജയിക്കാനായില്ല. ജയന്തിക്കായി പരിഗണിക്കുന്ന സീറ്റുകളിലൊന്ന് ബാലുശ്ശേരിയാണ്. ലീഗും കോൺഗ്രസും തമ്മിൽ ചില സീറ്റുകൾ വച്ചുമാറാനുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അതിൽ ധാരണയിലെത്തുന്നതിന് അനുസരിച്ചാകും അന്തിമ തീരുമാനം. തിരുവമ്പാടി അടക്കം അതിലുണ്ട്. ബാലുശ്ശേരി കോൺഗ്രസുമായി വച്ചുമാറിയാൽ ജയന്തിയാകും അവിടെ സ്ഥാനാർഥി. ജനറൽ സീറ്റിലാണെങ്കിൽ ലീഗിൽ മൂന്ന് ടേം മാനദണ്ഡപ്രകാരം ഒഴിവാക്കപ്പെടുന്നവരുടെ സീറ്റുകളിൽ ഒന്നോ കോഴിക്കോട് സൗത്തിലോ, പുനലൂരിലോ അവർ വരാനുള്ള സാധ്യതയും തള്ളാനാകില്ല.
എം.കെ മുനീർ കോഴിക്കോട് സൗത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഇതിൽ തീരുമാനമായില്ലെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ലീഗ് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. ഇതോടെയാണ് ജയന്തിക്ക് സാധ്യതയേറിയത്. കഴിഞ്ഞ തവണ നൂർബിന റഷീദ് കോഴിക്കോട് സൗത്തിൽ മത്സരിക്കാനെത്തിയപ്പോൾ 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അഹമ്മദ് ദേവർകോവിൽ വിജയിച്ചുകയറിയത്. ഇതോടെ ലീഗിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്ന അവസ്ഥ വരെയുമുണ്ടായി.
ജയന്തി രാജനെ പരിഗണിച്ചാൽ വിജയിച്ചുകയറാനാവുമെന്നും ലീഗിന്റെ മതേതര പ്രതിച്ഛായ ഉയർത്തിക്കാട്ടാനാവുമെന്നുമാണ് കണക്കുകൂട്ടുന്നത്. ലീഗ് മുസ്ലീം വിഭാഗത്തിന്റെ മാത്രം പാർട്ടിയല്ലെന്ന സന്ദേശം നൽകാനുമാവും. മാത്രമല്ല ദളിത് പ്രാതിനിധ്യം ഉറപ്പിക്കാനാവുമെന്നും കരുതുന്നുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ജനറൽ വിഭാഗത്തിലായിരുന്നിട്ടും പാർട്ടിയുടെ ദളിത് മുഖവും മുൻ പ്രസിഡന്റുമായ അന്തരിച്ച എ.പി ഉണ്ണിക്കൃഷ്ണന്റെ മകൾ എ.പി സ്മിജിയെയാണ് ലീഗ് വൈസ് പ്രസിഡന്റാക്കിയത്.
വയനാട് ഇരുളം സ്വദേശിയായ ജയന്തി രാജൻ പൂതാടി പഞ്ചായത്തിലെ ഇരുളം വാർഡ് അംഗമായി 2010-ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ഇവരുടെ പേര് ഉയർന്നു വരുന്നത്. പിന്നീട് ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിച്ച് ജയിച്ചു. ഒടുവിൽ കഴിഞ്ഞവർഷം മുസ്ലീം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിൽ ഏക മലയാളി വനിതയായിരുന്നു ജയന്തി. മാത്രമല്ല പാർട്ടിയിൽ മുസ്ലിം ഇതരസമുദായത്തിൽ നിന്ന് നിന്ന് ദേശീയ പദവിയിലേക്കെത്തുന്ന ആദ്യ വനിതയുമായിരുന്നു.
വയനാട് ജില്ലയിൽ 2008 മുതൽ മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. സുൽത്താൻ ബത്തേരിയിൽ മലങ്കര ഓർത്തോഡക്സ് സഭ നടത്തിയിരുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായും സജീവമായിരുന്നു.
സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏത് സീറ്റിൽ ആരൊക്കെ മത്സരിക്കുമെന്ന കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ജയന്തി രാജൻ പ്രതികരിച്ചു. ലീഗിന്റെ മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കാൻ എന്നും മുൻപന്തിയിലുണ്ടാവുമെന്നും അവർ പറഞ്ഞു.
ഇതിന് പുറമെ മാട്ടൂൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചറുടെ പേര് അഴീക്കോട് മണ്ഡലത്തിലും സുഹറ മമ്പാടിന്റെ പേര് തിരൂരങ്ങാടിയിലും ഉയരുന്നുണ്ട്.
Content Highlights: Indian Union Muslim League considers Jayanthi Rajan as a potential candidate for Kozhikode South, aiming to regain the seat and ensure female representation. Learn more about her prospects.
Published: 16 Jan 2026, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented