
വീണ്ടും ഒരു പിളർപ്പിന്റെ വക്കിലേക്കാണോ കേരളാ കോൺഗ്രസ് എം.? പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും യുഡിഎഫിലേക്ക് മടങ്ങിപ്പോകണമെന്ന അഭിപ്രായക്കാരായ രണ്ട് എംഎൽഎമാരും ഒരുവശത്ത്. ഇടതിനൊപ്പം തുടരാം എന്ന നിലപാടുമായി പാർട്ടി മന്ത്രി റോഷി അഗസ്റ്റിനും മറ്റ് രണ്ട് എംഎൽഎമാരും. തിരഞ്ഞെടുപ്പു കാലത്തെ പിളർപ്പുകൾ പുത്തരിയല്ലാത്ത കേരളാ കോൺഗ്രസുകൾ, ആ പതിവ് ഇക്കുറിയും ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സെബാസ്റ്റ്യൻ കുളത്തിങ്കൽ (പൂഞ്ഞാർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), റോഷി അഗസ്റ്റിൻ (ഇടുക്കി), പ്രമോദ് നാരായൺ(റാന്നി), എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി) എന്നിങ്ങനെ അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിലുള്ളത്. ഇതിൽ സെബാസ്റ്റ്യൻ കുളത്തിങ്കലും ജോബ് മൈക്കിളുമാണ് യുഡിഎഫിലേക്ക് തിരികെ പോകാൻ താൽപര്യം പ്രകടിപ്പിക്കുന്നതെന്നും റോഷിയും പ്രമോദ് നാരായണനും ഇടതുമുന്നണിയിൽ തുടരാൻ താൽപര്യപ്പെടുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. മുന്നണിമാറ്റ ചർച്ചകൾ 2-2 എന്ന നിലയ്ക്കായാൽ, നിർണായകമാവുക എൻ. ജയരാജിന്റെ നിലപാടാണെന്നത് നിശ്ചയം. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ സമയത്ത്, റോഷി മന്ത്രിയാകട്ടെ എന്ന നിലപാട് മുന്നോട്ടുവെച്ചത് ജയരാജ് ആയിരുന്നു. അതിനാൽതന്നെ ജയരാജ് വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്.
യുഡിഎഫിന്റെ വെൽക്കം ബാക്ക് കാർഡ്
2026 നിയമസഭാ തിരഞ്ഞെടുപ്പ് അത്രമേൽ നിർണായകമായതിനാൽ, അത്രയും സൂക്ഷ്മതയോടെയാണ് യുഡിഎഫ് കാര്യങ്ങളെ നോക്കിക്കാണുന്നത്. അതിന്റെ ഭാഗമായാണ് ഹൈക്കമാൻഡ് തലത്തിൽ ജോസ് കെ. മാണിയെ തിരികെ കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത്.
സോണിയാ ഗാന്ധി ജോസ് കെ. മാണിയുമായി ചർച്ചകൾ നടത്തിയെന്നാണ് സൂചന. ഇതിന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി. വേണുഗോപാലിന്റെ ഇടപെടലുമുണ്ടായിരുന്നു എന്നാണ് സൂചനകൾ. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിം ലീഗും കേരളാ കോൺഗ്രസിന്റെ വരവിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ജോസ് കെ. മാണിയുടെ അസാന്നിധ്യം
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന കേന്ദ്ര അവഗണനയ്‌ക്കെതിരായ സത്യഗ്രഹത്തിലെ ജോസ് കെ. മാണിയുടെ അസാന്നിധ്യം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. വിദേശത്തേക്കു പോയതിനാലാണ് സത്യാഗ്രഹത്തിന് ജോസ് എത്താത്തതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. പിറ്റേന്ന് ചൊവ്വാഴ്ച ഇതേ പരിപാടിയുടെ ചിത്രം 'തുടരും' എന്ന കുറിപ്പോടെ പാർട്ടി മന്ത്രി റോഷി അഗസ്റ്റിൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിൽക്കുന്ന ചിത്രം #2026തുടരും എന്ന അടിക്കുറിപ്പോടെയാണ് എംഎൽഎ പ്രമോദ് നാരായണൻ പങ്കുവെച്ചിട്ടുള്ളത്. മുന്നണിമാറ്റ അഭ്യൂഹങ്ങൾ ചൂടുപിടിച്ചുനിൽക്കവേ ഈ രണ്ട് ഫെയ്‌സ്ബുക്ക് കുറിപ്പുകളെ അത്ര ലാഘവത്തോടെ കാണാനാകില്ലെന്ന് ചുരുക്കം.
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖലാജാഥ ജോസ് കെ. മാണി നയിച്ചേക്കില്ലെന്നും സൂചനയുണ്ട്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനമായതിനാൽ അതിൽ പങ്കെടുക്കണമെന്നതാണ് വിട്ടുനിൽക്കുന്നതിന് കാരണമായി പറയുന്നത്. പകരം ചീഫ് വിപ്പ് എൻ. ജയരാജിനെ ചുമതല ഏൽപ്പിക്കാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. ജാഥയുടെ ഉദ്ഘാടന-സമാപന സമ്മേളനങ്ങളിൽ പങ്കെടുക്കാമെന്നും എന്നാൽ, ജാഥ ഉടനീളം നയിക്കാൻ ബുദ്ധിമുട്ടാണെന്നുമുള്ള നിലപാടിലാണ് നിലവിൽ അദ്ദേഹം. കഴിഞ്ഞ രണ്ടു ഇടതുമുന്നണി യോഗങ്ങളിലും ജോസ് കെ. മാണി പങ്കെടുത്തില്ല. സാധാരണ സിപിഎം, സിപിഐ നേതാക്കൾ നയിക്കുന്ന രണ്ടു ജാഥകളാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടത്തുക. ഇപ്രാവശ്യം മൂന്നുജാഥകളായി ക്രമീകരിച്ചതുതന്നെ ജോസ് കെ. മാണിയെക്കൂടി ക്യാപ്റ്റനാക്കാനും അതുവഴി കേരള കോൺഗ്രസിനെ മുന്നണിയിൽ ഉറപ്പിച്ചുനിർത്താനുമാണ്.
അന്ന് യുഡിഎഫ് വിട്ടത് ഇതുകൊണ്ട്
നീണ്ടകാലത്തെ യുഡിഎഫ് ബന്ധം കെ.എം മാണിയുടെ കേരള കോൺഗ്രസ് വിച്ഛേദിച്ചത് 2016 ലായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ബാർ കോഴ വിവാദത്തിന് പിന്നാലെയാണ് യുഡിഎഫ് വിടുന്നത്. ശേഷം സഭയിൽ പ്രത്യേക ബ്ലോക്കായി മാറി. എന്നാൽ രണ്ടുകൊല്ലത്തിനിപ്പുറം 2018-ൽ രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നൽകാൻ യുഡിഎഫ് തയ്യാറായതോടെ വീണ്ടും മാണിയും പാർട്ടിയും യുഡിഎഫിലെത്തി. എന്നാൽ 2019-ൽ കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയിലെ ശാക്തിക സമവാക്യങ്ങൾ മാറിമറിഞ്ഞു, മാണി കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും പി.ജെ. ജോസഫ് വിഭാഗവുമായി മാറി. മുൻധാരണ പ്രകാരം 2020-ൽ കോട്ടയം പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ കൂട്ടാക്കാത്തതിന് പിന്നാലെ ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കി. ഇന്ന് പൂഞ്ഞാർ എംഎൽഎ ആയ സെബാസ്റ്റ്യൻ കുളത്തിങ്കലായിരുന്നു അന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. മാസങ്ങൾക്കിപ്പുറം 2020 ഒക്ടോബർ 14-ന് ജോസ് കെ. മാണി എൽഡിഎഫിൽ ചേർന്നു. അതിനിടെ പാർട്ടിയുടെ ചിഹ്നമായ രണ്ടിലയ്ക്കു വേണ്ടി ജോസ് വിഭാഗവും ജോസഫ് വിഭാഗവും കോടതി കയറി. ഒടുവിൽ ചിഹ്നം ജോസ് വിഭാഗത്തിന് ലഭിച്ചു.
യുഡിഎഫിലേക്ക് മടങ്ങുന്നതെന്തിന്
തദ്ദേശ തിരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിയും എൽഡിഎഫിന് മൂന്നാംവട്ടം ലഭിക്കാതെ പോയാലുണ്ടാകുന്ന രാഷ്ട്രീയ അനാഥത്വവുമാണ് ജോസ് കെ. മാണിയേയും സംഘത്തെയും മുന്നണിമാറ്റ ആലോചനയിലേക്ക് നയിക്കുന്നത്. എൽഡിഎഫിൽ ഇക്കുറി 13 സീറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതങ്ങനെ തന്നെ സംഭവിച്ചുകൊള്ളണമെന്നില്ല എന്നതും തലവേദനയാണ്. ഇടത് അനുകൂല രാഷ്ട്രീയ കാലാവസ്ഥ ആയിരുന്നിട്ടും 2021-ൽ പന്ത്രണ്ടിടത്ത് മത്സരിച്ചപ്പോൾ കേവലം അഞ്ചുസീറ്റിൽ മാത്രമാണ് കേരളാ കോൺഗ്രസ് എമ്മിന് വിജയിക്കാനായത്. പാലായിൽ ചെയർമാനും കെ.എം. മാണിയുടെ രാഷ്ട്രീയ പിൻഗാമിയുമായ ജോസ്, മാണി സി. കാപ്പനോട് പരാജയപ്പെട്ടിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നൽകുന്ന രാഷ്ട്രീയ സൂചന മനസ്സിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നാണ് ജോസിനൊപ്പമുള്ളവരുടെ വാദമെന്നാണ് സൂചന.
എല്ലാം അഭ്യൂഹമെന്ന് റോഷി അഗസ്റ്റിൻ
കേരളാ കോൺഗ്രസ് എൽഡിഎഫ് വിടുമെന്നത് അഭ്യൂഹമാണെന്നാണ് ജലവിഭവ വകുപ്പുമന്ത്രി കൂടിയായ റോഷി അഗസ്റ്റിന്റെ പ്രതികരണം. തുടരും എന്ന കുറിപ്പോടെ കഴിഞ്ഞ ദിവസത്തെ ഇടതുപ്രതിഷേധ സത്യഗ്രഹ ചിത്രം പങ്കുവെച്ചത് വാർത്തയാവുകയും പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയുമായിരുന്നു അദ്ദേഹം. മുന്നണി വിടുന്ന കാര്യത്തേക്കുറിച്ച് അറിയില്ല. കേരള കോൺഗ്രസിനേക്കുറിച്ച് മുൻപും ഇത്തരത്തിൽ വാർത്തകൾ വന്നിട്ടുണ്ട്. ഉപവാസ സമരത്തിൽ ജോസ് കെ. മാണി പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള വിശദീകരണം അദ്ദേഹം തന്നെ നൽകിയിട്ടുണ്ട്. കേരളാ കോൺഗ്രസിന്റെ കാര്യത്തിൽ ഒരു സഭയും ഇടപെട്ടിട്ടില്ലെന്നും എന്തിനാണ് അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകുന്നതെന്നും റോഷി ചോദിച്ചു.
പിളർന്നുപിളർന്ന് എങ്ങോട്ട്
മധ്യകേരളത്തിലെ നിർണായക രാഷ്ട്രീയശക്തിയായിരുന്ന, സർക്കാരിനും സമുദായത്തിനും ഇടയിലെ പാലമായി വർത്തിച്ചിരുന്നിടത്തുനിന്ന് കേരള കോൺഗ്രസിന് ഇന്ന് പഴയ കരുത്തുണ്ടോ. വിലപേശൽ യുഡിഎഫ് അംഗീകരിക്കുമോ. സീറ്റുകളുടെ കാര്യത്തിൽ യുഡിഎഫ് ഉദാരമനസ്‌കരാകുമോ. തദ്ദേശ തിരഞ്ഞെടുപ്പിലും മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും കരുത്തു പ്രകടിപ്പിക്കാൻ കേരളാ കോൺഗ്രസ് എമ്മിന് കഴിഞ്ഞിരുന്നില്ല. ശക്തികേന്ദ്രങ്ങളായിരുന്നിടം പലതും കൈവിടുന്നതും കണ്ടു.
യുഡിഎഫിലേക്ക് കൈകൊടുക്കാൻ ജോസ്.കെ മാണി വെക്കുന്ന ഉപാധികൾ എന്താകും എന്ന ആകാംക്ഷയും ഉയർന്നിട്ടുണ്ട്. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും ജോസ്.കെ മാണിയുമായി സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്. കേരള കോൺഗ്രസ് മുന്നണി മാറുമോ. അങ്ങനെ വന്നാൽ ഒരു പിളർപ്പുകൂടി അതുറപ്പാണ്. അതോ ജോസിനെ ഒപ്പം നിലനിർത്താൻ എൽഡിഎഫിന് കഴിയുമോ. വരും ദിവസങ്ങളിലെ ചർച്ചകൾ കേരള കോൺഗ്രസ് രാഷ്ട്രീയമാകുമെന്ന് ഉറപ്പ്
Content Highlights: is kerala congress m on the verge of split will roshy and pramod stay with ldf
Published: 13 Jan 2026, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented