
തൊടുപുഴ: സീറ്റ് വിട്ടുനൽകണമെന്ന ആവശ്യം കോൺഗ്രസ് ശക്തമാക്കിയതോടെ, ഇടുക്കി നിയമസഭാ മണ്ഡലം കേരള കോൺഗ്രസിന് കീറാമുട്ടിയാകുന്നു. കഴിഞ്ഞതവണ മത്സരിച്ച സീറ്റുകളിൽ ഒന്നുപോലും വിട്ടുനൽകില്ലെന്നായിരുന്നു, ചെയർമാൻ പി.ജെ. ജോസഫിന്റെയടക്കം മുൻനിലപാട്. എന്നാൽ, കോട്ടയത്തെ ചില സംസ്ഥാനനേതാക്കളെ ഉപയോഗിച്ച് കോൺഗ്രസ് നടത്തുന്ന സമ്മർദം പാർട്ടിക്കുള്ളിലും പ്രതിസന്ധികളുണ്ടാക്കുകയാണ്. സീറ്റ് കോൺഗ്രസിന് നൽകുന്നതിൽ ഇടുക്കി ജില്ലാ കമ്മിറ്റി തങ്ങളുടെ ശക്തമായ എതിർപ്പറിയിച്ചിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബിനെ മത്സരിപ്പിക്കാനാണ് നേരത്തേ പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് തീരുമാനമെടുത്തിരുന്നത്. എന്നാൽ, റോഷി അഗസ്റ്റിനെ തോൽപ്പിക്കണമെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽത്തന്നെ സ്ഥാനാർഥി വരണമെന്ന ന്യായം നിരത്തിയാണ് കോൺഗ്രസ് സീറ്റിനുവേണ്ടി ശ്രമം നടത്തുന്നത്. പരമ്പരാഗതമായി കേരള കോൺഗ്രസ് മത്സരിച്ചിരുന്ന മണ്ഡലം കോൺഗ്രസിന് വിട്ടുനൽകുന്നത് ജില്ലയിൽ പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന് ജില്ലാ നേതാക്കൾ പറയുന്നു. കോൺഗ്രസ് സമ്മർദം മുറുക്കിയതോടെ ജില്ലാ കമ്മിറ്റി നിലപാടിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനനേതൃത്വം. സീറ്റ് വിട്ടുനൽകിയില്ലെങ്കിൽ തൊടുപുഴയിൽ പാലം വലിച്ചേക്കുമെന്ന ഭീഷണി സൈബറിടങ്ങളിൽ ചില കോൺഗ്രസ് അനുഭാവകേന്ദ്രങ്ങളിൽനിന്ന് വരുന്നതും പാർട്ടി കരുതലോടെയാണ് കാണുന്നത് .
ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂർ സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ഉഭയകക്ഷി ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. ആദ്യത്തെ കടുംപിടുത്തം ഉപേക്ഷിച്ച് ഇടുക്കി സീറ്റ് നൽകാമെന്ന ഏകദേശധാരണയിലേക്ക് ചർച്ചകൾ എത്തി. പാർട്ടി സംസ്ഥാനനേതാവിനെ ഉപയോഗിച്ച് കോൺഗ്രസ് ജോസഫിന്റെ നിലപാടിനെ മയപ്പെടുത്തുകയായിരുന്നു. എന്നാൽ, വിട്ടുനൽകുമെന്ന പൂർണമായ ഉറപ്പ് നൽകിയിട്ടില്ല. ഇതിനിടെ ഇടുക്കിയിൽ സ്ഥാനാർഥിയാകാൻ ചില കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത് ആകെ ആശയക്കുഴപ്പവും സൃഷ്ടിച്ചു.
ഇടുക്കി സീറ്റ് ഒരുകാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാട് ജില്ലാഘടകം കഴിഞ്ഞദിവസവും സ്വീകരിച്ചിട്ടുണ്ട്. അപു ജോൺ ജോസഫും ഇക്കാര്യം വ്യക്തമാക്കി. ഇടുക്കിയിലും തൊടുപുഴയിലും കേരള കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന്, ഉന്നതാധികാരസമിതിയംഗം അഡ്വ. തോമസ് പെരുമനയും പറഞ്ഞു. അതിനിടെ, സ്ഥാനാർഥിപ്രഖ്യാപനത്തോടെ എൽ.ഡി.എഫിനുവേണ്ടി റോഷി അഗസ്റ്റിൻ മണ്ഡലത്തിൽ സജീവമായി.
Published: 14 Mar 2026, 07:35 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented