കട്ടപ്പന: ഇടുക്കി മണ്ഡലം തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മൂന്നുമുന്നണികളും വിവിധ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നുണ്ട്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഏറെ വോട്ടുവിഹിതമുള്ള മണ്ഡലത്തിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് എൻ.ഡി.എ.യും.

To advertise here,

കാൽനൂറ്റാണ്ടായി റോഷി അഗസ്റ്റിനെ പിന്തുണയ്ക്കുന്ന മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. മണ്ഡലം വൻ ഭൂരിപക്ഷത്തിൽ നിലനിർത്താൻ കച്ചകെട്ടി എൽ.ഡി.എഫും. പോരാട്ടം കടുക്കുമെന്ന് ഉറപ്പുള്ള ഇടുക്കി മണ്ഡലത്തിലെ വിശേഷങ്ങളറിയാം.

കാൽനൂറ്റാണ്ട് കൂടെനിന്ന മണ്ഡലം കൈവിടില്ലെന്ന് റോഷി

കഴിഞ്ഞ 25 വർഷമായി തന്റെകൂടെ നിന്ന മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും അവർ തന്നെ കൈവിടില്ലെന്നുമാണ് എൽ.ഡി.എഫ്. സ്ഥാനാർഥി റോഷി അഗസ്റ്റിന്റെ വിലയിരുത്തൽ. പൊതുയോഗങ്ങളിലുൾപ്പെടെ റോഷി ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ താൻ മണ്ഡലത്തിൽ ചെയ്ത വികസനങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മലയോര ഹൈവേ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ട്. സി.പി.എം. ജില്ലാ നേതൃത്വം ശക്തമായി തനിക്കൊപ്പം നിലകൊള്ളുന്നതും റോഷി അഗസ്റ്റിന് വിജയ പ്രതീക്ഷ നൽകുന്നുണ്ട്.

മണ്ഡലത്തിൽ ഓരോ പഞ്ചായത്തിലെയും ഭൂരിഭാഗം വോട്ടർമാരെയും തനിക്ക് നേരിട്ട് അറിയാമെന്നും റോഷി അഗസ്റ്റിൻ പ്രസംഗങ്ങളിൽ പറയുന്നുണ്ട്. റോഷി അഗസ്റ്റിൻ ശക്തനായ സ്ഥാനാർഥി തന്നെയെന്നും വിജയം ആവർത്തിക്കുമെന്നും എൽ.ഡി.എഫ്. ക്യാമ്പിനും പ്രതീക്ഷയുണ്ട്.

വോട്ടർമാർ ‘കൈ’വിടില്ലെന്ന് റോയി കെ.പൗലോസ്

റോഷിയെ പരാജയപ്പെടുത്തണമെങ്കിൽ കൈപ്പത്തി ചിഹ്നത്തിൽ ശക്തനായ സ്ഥാനാർഥി വേണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾതന്നെ ഇടുക്കിയിൽ കോൺഗ്രസിൽനിന്നുയർന്ന ആവശ്യമാണ്. ഇക്കാര്യം പരിഗണിച്ചാണ് മണ്ഡലം കേരള കോൺഗ്രസിന്റെ കൈയിൽനിന്ന്‌ കോൺഗ്രസ് തിരിച്ചെടുത്ത് സ്വന്തം സ്ഥാനാർഥിയെ പരിഗണിച്ചത്. തുടർന്ന് സസ്‌പെൻസുകൾക്കൊടുവിൽ റോയി കെ.പൗലോസിനെ യു.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതും കട്ടപ്പന ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഷോപ്പ് സൈറ്റ് പട്ടയപ്രശ്നങ്ങളും മണ്ഡലത്തിലെ വോട്ടുകൾ അനുകൂലമാകാൻ കാരണമാകുമെന്ന് യു.ഡി.എഫ്. ക്യാമ്പ് കരുതുന്നു. കൈപ്പത്തി ചിഹ്നത്തിൽ ഏറെ നാളുകൾക്കുശേഷമാണ് യു.ഡി.എഫ്. സ്ഥാനാർഥി മത്സരിക്കുന്നത് എന്നതിനാൽ പരമ്പരാഗത കോൺഗ്രസ് വോട്ടുകൾ വിജയത്തിന് കാരണമാകുമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളും യു.ഡി.എഫിന് ഒപ്പംനിന്നത് പ്രതീക്ഷ നൽകുന്നുണ്ടെന്നും യു.ഡി.എഫ്. ക്യാമ്പ് പറയുന്നു.

വോട്ടുവിഹിതം വർധിക്കുമെന്ന പ്രതീക്ഷയിൽ പ്രതീഷ്

എൻ.ഡി.എ. സ്ഥാനാർഥിനിർണയത്തിൽ അവസാന നിമിഷം വരെ സസ്പെൻസ് നിറഞ്ഞുനിന്നിരുന്നു. പീരുമേട് മണ്ഡലത്തിൽ സ്ഥാനാർഥിയാകും എന്ന് തുടക്കത്തിൽ കേട്ട ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ ഒടുവിൽ ഇടുക്കിയിലെത്തി. മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെത്തിയ പ്രതീഷ് പ്രഭ തുടക്കത്തിൽതന്നെ വിവിധ സംഘടനകളുടെയും സമുദായങ്ങളുടെയും നേതാക്കളെ കണ്ട് പിന്തുണ ഉറപ്പുവരുത്തിയിരുന്നു. മാധ്യമങ്ങളുടെയും പിന്തുണ തേടിയ പ്രതീഷിന് മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്തമായി മണ്ഡലത്തിലെ എൻ.ഡി.എ.യുടെ വോട്ടുവിഹിതം വർധിപ്പിക്കാനാകുമെന്നും ഭാവിയിൽ മണ്ഡലത്തെ എൻ.ഡി.എ.യുടെ എ ക്ലാസ് മണ്ഡലമായി ഉയർത്താനാകുമെന്നും പ്രതീക്ഷയുണ്ട്.