അമ്പലപ്പുഴ: പാർട്ടിജീവിതത്തിൽനിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമിച്ച സമയത്തുതന്നെ അതിനു പ്രതികാരം ചെയ്യണമെന്ന് മനസ്സിൽ കുറിച്ചിരുന്നുവെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. അമ്പലപ്പുഴയിൽ തിരഞ്ഞെടുപ്പുകൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പറഞ്ഞുകേട്ടതു പോലെയല്ല കോൺഗ്രസ്. നല്ല സംസ്കാരവും പക്വതയും ബുദ്ധിയും നിസ്സ്വാർഥതയുമുള്ള പാർട്ടിയാണ്. ബുദ്ധിശൂന്യതയും അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുമാണ് സി.പി.എമ്മിനുള്ളത്. അവർക്കു ജനഹൃദയം കീഴടക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.

To advertise here,

എൽ.ഡി.എഫിനും സി.പി.എമ്മിനും തനിക്കുണ്ടായ അനുഭവത്തിന്റെ നാൾവഴി മനസ്സിലായിട്ടില്ല. മാസങ്ങൾക്കു മുൻപുനടന്ന ഗൂഢാലോചനയാണെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. അംഗത്വം പുതുക്കാഞ്ഞത് കഴിഞ്ഞമാസം മാത്രമാണ്. അച്ചടക്കത്തോടെ പ്രവർത്തിക്കുകയായിരുന്നു. കോൺഗ്രസിൽ ചേരാൻ ആറു മാസമെടുക്കേണ്ടതില്ല.

ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും. ആലപ്പുഴ സി.പി.എമ്മിൽ ചെറുപ്പക്കാർപോലും നേരേചൊവ്വേ വരുന്നില്ല. കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു. വളരെ പാവമായ താൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ അനുകമ്പ കാട്ടിയവരാണ് കോൺഗ്രസ്.

എ. വിജയരാഘവനു യോജിക്കുക പരാജയരാഘവൻ എന്ന പേരാണ്. അദ്ദേഹം എവിടെ പ്രസംഗിക്കുന്നോ അവിടെ പാർട്ടി തോറ്റു പോകും. ബ്രാഞ്ചിലിരിക്കാൻ പോലും യോഗ്യതയില്ലാത്ത അദ്ദേഹമാണ് പി.ബി.യിൽ.. ഇവരെയൊക്കെക്കൊണ്ട് എം.എ. ബേബി വല്ലാതെ കഷ്ടപ്പെടുകയാണ്. സി.പി.എമ്മിന്റെ പൊളിറ്റിക്കൽ ക്രിമിനലിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തനിക്കെതിരേ സുധാകരൻ എന്നയാളെക്കൊണ്ട് പത്രിക കൊടുപ്പിച്ചത്.

90,000 വോട്ടുനേടി താൻ അമ്പലപ്പുഴയിൽ ചരിത്രവിജയം നേടും. കോൺഗ്രസിന് 50,000 വോട്ടുണ്ട്. സി.പി.എമ്മിൽനിന്ന് 15,000-വും, ബി.ജെ.പി.യിൽ നിന്ന് 5,000-വും വോട്ടു കിട്ടും. നിഷ്പക്ഷരായ 25,000 പേരുടെ വോട്ടും തനിക്കുകിട്ടുമെന്നും സുധാകരൻ അവകാശപ്പെട്ടു.

തിരഞ്ഞെടുപ്പു കൺവെൻഷൻ കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു. സുധാകരൻ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുംവരെ അതേക്കുറിച്ച് അറിയില്ലായിരുന്നു. അമ്പലപ്പുഴ യു.ഡി.എഫ്. മണ്ഡലമായിരുന്നു. സുധാകരനിലൂടെ സി.പി.എം. ഇവിടെ ജയിക്കുകയായിരുന്നു. ചതുഷ്‌കോണമത്സരത്തിലൂടെ എൽ.ഡി.എഫ്. ജയിക്കുന്നതു തടയാനാണ് സുധാകരനെ പിൻതുണച്ചത്- കെ.സി. വേണുഗോപാൽ പറഞ്ഞു.